തീരമേഖലകളിൽ കടൽക്ഷോഭം രൂക്ഷം; തിരുവനന്തപുരത്തും കോഴിക്കോടും ആലപ്പുഴയിലും കൺട്രോൾ റൂമുകൾ തുറന്നു

By Web TeamFirst Published May 14, 2021, 6:26 AM IST
Highlights

കോഴിക്കോട് കൊയിലാണ്ടി, കാപ്പാട് , തോപ്പയിൽ ഭാഗങ്ങളിൽ കടൽക്ഷോഭം ശക്തമാണ്. മഴയും കടലേറ്റവും തുടർന്നാൽ സംസ്ഥാനത്ത് കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ ഉൾപ്പെടെ തുറക്കേണ്ടി വരും. തിരുവനന്തപുരം പൊഴിയൂരിലും കടലേറ്റം തുടരുകയാണ്. പ്രദേശവാസികളെ ക്യാമ്പുകളിലേക്ക് മാറ്റി.

തിരുവനന്തപുരം/കോഴിക്കോട്: സംസ്ഥാനത്തെ തീരമേഖലകളിൽ മഴയും കടലാക്രമണവും തുടരുന്നു. ആലപ്പുഴയിലും തിരുവനന്തപുരത്തും കോഴിക്കോടും കടൽക്ഷോഭം രൂക്ഷമാണ്. കടലേറ്റം രൂക്ഷമായ ജില്ലകളിൽ കൺട്രോൾ റൂമുകൾ തുറന്നു.ആലപ്പുഴയിലെ ഒറ്റമശ്ശേരി, വിയാനി, പുന്നപ്ര ഉൾപ്പെടെയുളള പ്രദേശങ്ങളിൽ കടലിനോട് ചേർന്ന വീടുകളിലുംപരിസരങ്ങളിലും കഴിഞ്ഞ ദിവസം വെളളം കയറിയിരുന്നു.

തിരുവനന്തപുരം പൊഴിയൂരിലും കടലേറ്റം തുടരുകയാണ്. പ്രദേശവാസികളെ ക്യാമ്പുകളിലേക്ക് മാറ്റി. കോഴിക്കോട് കൊയിലാണ്ടി, കാപ്പാട് , തോപ്പയിൽ ഭാഗങ്ങളിലും കടൽക്ഷോഭം ശക്തമാണ്. മഴയും കടലേറ്റവും തുടർന്നാൽ സംസ്ഥാനത്ത് കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ ഉൾപ്പെടെ തുറക്കേണ്ടി വരും. കടല്‍ക്ഷോഭത്തിന്‍റെ പശ്ചാത്തലത്തില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശേം നല്‍കിയിട്ടുണ്ട്. 

കോഴിക്കോട് ജില്ലയിൽ പലയിടത്തും കടൽക്ഷോഭം രൂക്ഷമാണ്. തോപ്പയിൽ, കൊയിലാണ്ടി, ഗോതീശ്വരം ഭാഗങ്ങളിലാണ് കടലാക്രമണം ഏറ്റവും ശക്തമായത്. തോപ്പയിൽ ഭാഗത്ത് പത്ത് വീടുകളിൽ വെള്ളം കയറി. ഇവിടുത്തുകാരുടെ ഓർമ്മയിൽ ഇതാദ്യമായാണ് പ്രദേശത്ത് കടൽ ക്ഷോഭത്തെ തുടർന്ന് വീടുകളില്‍ വെള്ളം കയറുന്നത്. നിനച്ചിരിക്കാതെ വെള്ളം അടിച്ചുകയറിയതോടെ പലരും വീടുകൾക്കുള്ളിൽ കുടുങ്ങി. നാട്ടുകാർ ചേർന്നാണ് വീടുകൾക്കുള്ളിൽപെട്ടുപോയവരെ തൊട്ടടുത്ത വീടുകളിലേക്ക് മാറ്റി പാർപ്പിച്ചത്. 

കൂടുതൽ വീടുകളുടെ മുറ്റത്തേക്ക് വെള്ളം കയറിയതോടെ തോപ്പയിൽ എൽപി സ്കൂൾ, മദ്രസ്സഹാൾ എന്നിവിടങ്ങളിലേക്ക് ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള സൗകര്യം ഒരുക്കി. കൊവിഡ് പരിശോധനയ്ക്ക് ശേഷമായിരുന്നു ആളുകളെ മാറ്റി താമസിപ്പിച്ചത്. പരിശോധനയിൽ കൊവിഡ് പോസറ്റീവായ 31 പേരെ എഫ്എൽടിസിയിലേക്കും മാറ്റി. കടലാക്രമണത്തെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാകളക്ടർ തഹസിൽദാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കൊയിലാണ്ടി, കാപ്പാട്, ഗോതീശ്വരം ബീച്ച് എന്നിവിടങ്ങളിലും കടൽ പ്രക്ഷുബ്ദമാണ്. കൊയിലാണ്ടി ഏഴു കുടിക്കൽ ബീച്ചിൽ 45 കിലോമീറ്ററോളം നീളത്തിൽ റോഡ് കടൽക്ഷോഭത്തിൽ തകർന്നു.

മഴ ശക്തിപ്രാപിച്ചതിനെത്തുടർന്ന് കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയുന്നതിന്റെ ഭാഗമായി തോട്ടപ്പള്ളി പൊഴി മുറിക്കുന്നതിനുള്ള ജോലികൾ തുടങ്ങിയിട്ടുണ്ട്. നിലവിൽ പൊഴിയിലെ ചാല് കീറുന്ന നടപടികളാണ് പുരോഗമിക്കുന്നത്. കൂടാതെ ഇറിഗേഷൻ വകുപ്പിൻ്റെ നേതൃത്വത്തിൽ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറന്നു. 90 ഷട്ടറുകളിൽ 30 എണ്ണം ആണ് ഉയർത്തിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!