വായ്പാ തിരിച്ചടവ് മുടങ്ങി; കൊച്ചിയിൽ വിമാനം ജപ്തി ചെയ്തു!

By Web TeamFirst Published Oct 10, 2019, 11:42 AM IST
Highlights

13 കോടി രൂപ വായ്പയെടുത്ത് സീപ്ലെയിൻ വാങ്ങിയെങ്കിലും സർവീസിന് അനുമതി ലഭിക്കാത്തത് തിരിച്ചടിയായി. ഇതോടെയാണ് ബാങ്ക് ജപ്തി നടപടികൾ തുടങ്ങിയത്. ദേശീയ കമ്പനി ലോ ട്രിബ്യൂണൽ നിയോഗിച്ച ഉദ്യോഗസ്ഥനും ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥരും ചേർന്നാണ്  ജപ്തി ചെയ്തത്.

കൊച്ചി: വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് കൊച്ചിയിൽ വിമാനം ജപ്തി ചെയ്തു. ഫെഡറൽ ബാങ്കിന്റെ ആണ് അപൂർവ്വ നടപടി. മലയാളികളായ രണ്ടു പൈലറ്റുമാർ ചേർന്ന് വാങ്ങിയ സീ പ്ലെയിൻ ആണ് ബാങ്ക് ജപ്തി ചെയ്തത്. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിൽ ഒരു സീ പ്ലെയിൻ ജപ്തി ചെയ്യുന്നത്.

2014 ൽ അമേരിക്കയിൽ നിന്നുമാണ് മലയാളി പൈലറ്റുമാരായ സൂരജ്‌ ജോസ്, സുധീഷ് ജോർജ് എന്നിവർ ചേർന്ന് സീ പ്ലെയിൻ വാങ്ങിയത്. 13 കോടി രൂപയായിരുന്നു വിമാനത്തിന്റെ വില. വിമാനം വാങ്ങാനായി നാലു കോടി രൂപ ഫെഡറൽ ബാങ്കിൽ നിന്ന് വായ്പയും എടുത്തു. വിവിധ രാജ്യങ്ങളിലൂടെ പറപ്പിച്ച് ഇരുവരും വിമാനം ഇന്ത്യയിലെത്തിച്ചു.

സംസ്ഥാന സർക്കാർ സീപ്ലെയിൻ പദ്ധതികൾക്ക് പ്രോത്സാഹനം നൽകുന്നു എന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് ഇരുവരും ചേർന്ന് വിമാനം വാങ്ങിയത്. ലക്ഷദ്വീപ് കേരള റൂട്ടിൽ സർവീസ് നടത്തുകയായിരുന്നു ലക്ഷ്യം. എന്നാൽ സർവീസിന് അനുമതി ലഭിക്കാതെ വന്നത് കനത്ത തിരിച്ചടിയായി. ലോൺ തിരിച്ചടവ് മുടങ്ങി. ഇതോടെയാണ് ബാങ്ക് ജപ്തി നടപടികൾ തുടങ്ങിയത്. 

ദേശീയ കമ്പനി ലോ ട്രിബ്യൂണൽ നിയോഗിച്ച ഉദ്യോഗസ്ഥനും ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥരും ചേർന്നാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് വിമാനം ജപ്തി ചെയ്തത്. പലിശ അടക്കം ആറ് കോടി രൂപയാണ് ബാങ്കിന് ലഭിക്കാനുള്ളത്. ഇനി ഒരു മാസത്തിനുള്ളിൽ വിമാനത്തിന്റെ ഇപ്പോഴത്തെ വില കണക്കാക്കും. അതിനുശേഷം വിമാനം ലേലത്തിന് വയ്ക്കാനാണ് തീരുമാനം. ആരും ലേലത്തിന് എടുത്തില്ലെങ്കിൽ വിമാനം നിർമ്മിച്ച കമ്പനിക്ക്‌ തന്നെ വിൽക്കാനാണ് ബാങ്കിന്റെ തീരുമാനം.

2016  ൽ പ്രാബല്യത്തിൽ വന്ന ഇൻസോൾവൻസി ആന്റ്‌ ബാങ്ക്‌ റപ്റ്റൻസി കോഡിന്റെ അടിസ്ഥാനത്തിലാണ് ജപ്തി. വൻകിട കിട്ടാക്കടങ്ങൾ തിരിച്ചുപിടിക്കുന്നത് എളുപ്പമാക്കാൻ വേണ്ടി രൂപീകരിച്ച നിയമമാണിത്. നിലവിലുള്ള സർഫാസി നിയമപ്രകാരം  വിമാനങ്ങളും കപ്പലുകളും പിടിച്ചെടുക്കാൻ ബാങ്കുകൾക്ക് അനുവാദമില്ലായിരുന്നു.

click me!