
തിരുവനന്തപുരം: തിരുവനന്തപുരം പള്ളിക്കലിൽ ഫോട്ടോ എടുക്കുന്നതിനിടെ പുഴയിൽ വീണ നവദമ്പതികൾക്കായി തെരച്ചിൽ തുടരുന്നു. പള്ളിക്കൽ കുമ്മിൾ സ്വദേശികളായ സിദ്ദിക്ക്, നൗഫി എന്നിവർക്കായാണ് തെരച്ചിൽ തുടരുന്നത്. ഫയർഫോഴ്സും മുങ്ങൽ വിദഗ്ധരും സ്ഥലത്തുണ്ട്. ഇവരെ രക്ഷപെടുത്താൻ പുഴയിൽ ഇറങ്ങിയ ബന്ധു ഒഴുക്കിൽപ്പെട്ട് മരിച്ചിരുന്നു. പള്ളിക്കൽ മുതല സ്വദേശിയായ 22കാരൻ അൻസിലാണ് മരിച്ചത്. ഇന്നലെ വൈകീട്ട് നാലരയോടെയാണ് അപകടമുണ്ടായത്.
അൻസിലിന്റെ വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു നവദമ്പതികൾ. വിരുന്നിന് ശേഷം മൂവരും സമീപത്തെ പുഴയിൽ ഫോട്ടോ എടുക്കാനായി പോയി. പാറക്കെട്ടിൽ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ കാൽ തെറ്റി ദമ്പതികൾ പുഴയിൽ വീണെന്നാണ് വിവരം. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അൻസിലും പുഴയിലേക്ക് വീണു. പിന്നീട് നടത്തിയ തെരച്ചിലിലാണ് അൻസിലിനെ കണ്ടെത്തിയത്. പാരിപ്പിള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിച്ചിരുന്നു. സിദ്ധിഖിനും നൗഫിക്കുമായി രാത്രി വൈകിയും തെരച്ചിൽ നടത്തിയെങ്കിലുംവെളിച്ചക്കുറവ് വെല്ലുവിളിയായി. ഒരാഴ്ച മുമ്പായിരുന്നു ഇവരുടെ വിവാഹം.
Read More: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 20 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു