സീറ്റ് വിഭജനം സംബന്ധിച്ച ഇടത് മുന്നണിയോഗം ഇന്ന്

By Web TeamFirst Published Mar 8, 2019, 7:18 AM IST
Highlights

സീറ്റ് വിഭജനം സംബന്ധിച്ച തീരുമാനമെടുക്കാൻ ഇടത് മുന്നണിയോഗം ഇന്ന് ചേരും.  വൈകീട്ട് മൂന്ന് മണിക്ക് ചേരുന്ന ഇടതുമുന്നണി യോഗത്തിന് ശേഷം ജെഡിഎസ് സംസ്ഥാന നേതാക്കളുടേയും ജില്ല പ്രസിഡന്‍റുമാരുടേയും യോഗം വിളിച്ചിട്ടുണ്ട്.

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ ഔദ്യോഗികമായി പൂര്‍ത്തിയാക്കാന്‍ ഇടത് മുന്നണി യോഗം ഇന്ന് വൈകീട്ട് എ കെ ജി സെന്‍ററില്‍ ചേരും. കഴിഞ്ഞ തവണ കോട്ടയത്ത് മത്സരിച്ച ജനതാദള്‍ എസിന് ഇത്തവണ സീറ്റ് ഉണ്ടാകില്ലെന്ന കാര്യം പാര്‍ട്ടി നേതൃത്വത്തെ അറിയിക്കും. സീറ്റ് ലഭിച്ചില്ലെങ്കില്‍ സ്വീകരിക്കേണ്ട നിലപാട് ചര്‍ച്ച ചെയ്യാന്‍ ജനതാദള്‍ എസിന്‍റെ സംസ്ഥാനസമിതി യോഗം വൈകിട്ട് ചേരുന്നുണ്ട്.

സി പി ഐ ഇതര കക്ഷികള്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍ സീറ്റില്ലെന്ന് സി പി എം അറിയിച്ചിട്ടുണ്ട്. ജനതാദൾ എസിന്‍റെ ഒരു സീറ്റുകൂടി ഏറ്റെടുത്താണ് സിപിഎം ഇത്തവണ 16 സ്ഥാനാർതഥികളെ നിർത്തുന്നത്.  സ്വന്തം നിലയ്ക്ക്  സ്ഥാനാർത്ഥികളെ നിർത്തുമെന്ന് പറഞ്ഞിട്ടൊന്നും സിപിഎമ്മിന് കുലക്കമില്ല.  മാത്യു ടി തോമസിനെ മാറ്റി കൃഷ്ണൻ കുട്ടിയെ മന്ത്രിയാക്കിയതിലുള്ള ആഭ്യന്തരപ്രശ്നമാണ് പ്രതിഷേധത്തിന് കാരണമെന്നും താനേ കെട്ടടങ്ങുമെന്നാണ് സിപിഎം കണക്കുകൂട്ടൽ. 

കോഴിക്കോടും വടകരയിലും സ്വാധീനമുള്ള ലോക്താന്ത്രിക് ജനതാദളിന് നേരത്തെ രാജ്യസഭാ സീറ്റ് നൽകിയതും, മദ്ധ്യ തിരുവിതാംകൂറിൽ സ്വാധീനമുള്ള ജനാധിപത്യ കേരളാ കോൺഗ്രസിന് ബോർഡ് ചെയർമാൻ സ്ഥാനങ്ങൾ വാഗ്ദാനം ചെയ്തും അവരെ ഏതാണ്ട് അനുനയിപ്പിച്ചുകഴിഞ്ഞു. യുഡിഎഫുമായി താരതമ്യം ചെയ്യുമ്പോൾ വിലപേശാൻ ശക്തി കുറവുളള കക്ഷികളെ ഘട്ടം ഘട്ടമായി ഒതുക്കുകയാണ് സിപിഎം തന്ത്രം.

ഇന്ന് ചേരുന്ന ഇടുതുമുന്നണിയോഗം ഫലത്തിൽ സിപിഎം 16 സീറ്റിലും സിപിഐ 4 സീറ്റിലും മൽസരിക്കുമെന്ന പ്രഖ്യാപനത്തിന് മാത്രമുള്ളതാകും. അടുത്ത തെരഞ്ഞെടുപ്പാകുമ്പോൾ സിപിഐയുടെ സീറ്റുകളിലും വല്യേട്ടൻ കണ്ണുവയ്ക്കുമോ എന്നത് കണ്ടറിയണം.

click me!