എനിക്കെഴുതാന്‍ ഹിന്ദുത്വത്തിന്‍റെ മഷിയും സംഘിയുടെ പേനയും വേണ്ട; 'വ്യാജ'നെതിരെ സെബാസ്റ്റ്യന്‍ പോള്‍

By Web TeamFirst Published Apr 12, 2020, 2:51 PM IST
Highlights

സെബാസ്റ്റ്യൻ പോൾ എന്ന പേരിൽ തനിക്ക് അപമാനകരമായ ഒരു ക്ഷുദ്രലേഖനം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വ്യാജ ലേഖനത്തിനെതിരെ പരാതി നല്‍കിയിട്ടുണ്ട്.

കൊച്ചി: തന്റെ പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ലേഖനം വ്യാജമാണെന്നും തനിക്ക് എഴുതാന്‍‌ ഹിന്ദുത്വത്തിന്റെ മഷിയോ സംഘിയുടെ പേനയോ ആവശ്യമില്ലെന്ന് വ്യക്തമാക്കി എഴുത്തുകാരനും മുന്‍ ലോക്‌സഭാംഗവുമായ സെബാസ്റ്റ്യന്‍ പോള്‍. സോഷ്യൽ മീഡിയയിൽ ഒരു അപരൻ എനിക്കെതിരെ അപകടകരമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നു. സെബാസ്റ്റ്യൻ പോൾ എന്ന പേരിൽ എനിക്ക് അപമാനകരമായ ഒരു ക്ഷുദ്രലേഖനം പ്രചരിക്കുന്നുണ്ടെന്ന് സെബാസ്റ്റ്യന്‍ പോള്‍ വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയാണ് വ്യാജ ലേഖനത്തിനെതിരെ സെബാസ്റ്റ്യന്‍ പോള്‍ രംഗത്ത് വന്നത്.

സെബാസ്റ്റ്യൻ പോൾ എന്ന പേരിൽ ആറു പതിറ്റാണ്ടായി ലേഖനങ്ങൾ എഴുതുന്നത് മുൻ ലോക്സഭാംഗം കൂടിയായ ഞാനാണ്. ഞാൻ എഴുതിയത് എന്ന രീതിയിൽ ഒരു ക്ഷുദ്രലേഖനം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന കാര്യം ഡൽഹിയിൽനിന്ന് കാർട്ടൂണിസ്റ് സുധീർനാഥ്  ആണ് അറിയിച്ചത്. ആ ലേഖകൻ ഞാനല്ലെന്ന് ആദ്യമേ അറിയിക്കട്ടെ.  സോഷ്യൽ മീഡിയയിലെ സ്വതന്ത്രമായ വിനിമയങ്ങളിൽ പൊലീസ് ഇടപെടരുതെന്ന പക്ഷക്കാരനാണ് ഞാൻ. എന്നാൽ ക്ഷുദ്രവൃത്തിക്ക് ആ പരിരക്ഷ നൽകേണ്ടതില്ല. അതുകൊണ്ട് അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് ഞാൻ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് സെബാസ്റ്യന്‍ പോള്‍‌ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

സെബാസ്റ്റ്യൻ പോൾ എന്ന.പേരിൽ ആറു പതിറ്റാണ്ടായി ലേഖനങ്ങൾ എഴുതുന്നത് മുൻ ലോക്സഭാംഗം കൂടിയായ ഞാനാണ്. ഞാൻ എഴുതിയത് എന്ന രീതിയിൽ ഒരു ക്ഷുദ്രലേഖനം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന കാര്യം ഡൽഹിയിൽനിന്ന് കാർട്ടൂണിസ്റ് സുധീർനാഥ് എന്നെ അറിയിച്ചു. ആ ലേഖകൻ ഞാനല്ലെന്ന് ആദ്യമേ അറിയിക്കട്ടെ. അതിൽ പറയുന്ന എല്ലാ കാര്യങ്ങളോടും ഞാൻ വിയോജിക്കുന്നു. 

നിലപാടുകൾ സുവ്യക്‌തമായി ലഭ്യമായ മാധ്യമങ്ങളിലൂടെ യഥാസമയം ഞാൻ വെളിപ്പെടുത്തുന്നതിനാൽ ഔപചാരികമായ നിഷേധം ഇല്ലാതെതന്നെ അവ തിരസ്കരിക്കപ്പെടുമെന്ന് എനിക്കുറപ്പുണ്ട്. എന്നെ ഹിന്ദുത്വ പക്ഷത്തേക്ക് ഇങ്ങനെ കൂട്ടികൊണ്ടുപോകാനാവില്ല. സോഷ്യൽ മീഡിയയിലെ സ്വതന്ത്രമായ വിനിമയങ്ങളിൽ പൊലീസ് ഇടപെടരുതെന്ന പക്ഷക്കാരനാണ് ഞാൻ. എന്നാൽ ക്ഷുദ്രവൃത്തിക്ക് ആ പരിരക്ഷ നൽകേണ്ടതില്ല. അതുകൊണ്ട്അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് ഞാൻ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. ഇങ്ങനെ

തിരഞ്ഞെടുപ്പിൽ അപരനെ നേരിടേണ്ടി വന്നിട്ടുണ്ട്. എത്ര കരുതൽ ഉണ്ടായാലും ഒറിജിനലിനെ കാണാതെ ഡ്യൂപ്പിന് വോട്ട് ചെയ്യാൻ കുറേപ്പേരുണ്ടാകും. സോഷ്യൽ മീഡിയയിൽ ഒരു അപരൻ എനിക്കെതിരെ അപകടകരമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നു. സെബാസ്റ്റ്യൻ പോൾ എന്ന പേരിൽ എനിക്ക് അപമാനകരമായ ഒരു ലേഖനം അയാൾ പ്രചരിപ്പിക്കുന്നു. 

എനിക്കെഴുതുന്നതിന് ഹിന്ദുത്വത്തിന്റെ മഷിയോ സംഘിയുടെ പേനയോ ആവശ്യമില്ലെന്ന് എന്നെ അറിയാവുന്നവർക്കറിയാം. പോളിങ് ബൂത്തിൽ അപരനെ തിരിച്ചറിയുന്നതിന് ചിഹ്നവും ചിത്രവുമുണ്ട്. സോഷ്യൽ മീഡിയയിൽ മറഞ്ഞിരിക്കുന്ന അപരനെ പെട്ടെന്ന് തിരിച്ചറിയാനാവില്ല. ഇത് മുഖം മറയ്ക്കുന്ന കഷ്ടകാലമാണ്.

click me!