
രണ്ടാം പിണറായി വിജയൻ സർക്കാരിന്‍റെ രണ്ടാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴയിൽ സംഘടിപ്പിക്കുന്ന പ്രദർശന വിപണന മേള ആരംഭിച്ചു. ഏപ്രിൽ 23 വരെ ആലപ്പുഴ ബീച്ചിലാണ് പരിപാടി.
പ്രദർശന-വിപണന സ്റ്റാളുകൾ, സെമിനാറുകൾ, കലാവിരുന്ന്, ക്വിസ് മത്സരങ്ങൾ, ഭക്ഷ്യമേള എന്നിവ നടക്കും. എല്ലാ ദിവസവും രാവിലെ 10 മുതൽ രാത്രി എട്ട് വരെയാണ് പ്രദർശന മേള.
200-ൽ അധികം സ്റ്റാളുകൾ, കുട്ടികൾക്കുള്ള പ്ലേ ഏരിയ, കുട്ടനാടൻ, മലബാർ വിഭവങ്ങൾ അടങ്ങുന്ന ഫുഡ്കോർട്ട്, നോമ്പുതുറ വിഭവങ്ങൾ, ടേക് എവേ കൗണ്ടറുകൾ, കായിക മത്സരങ്ങൾ, എയർകണ്ടീഷൻഡ് പ്രദർശന പന്തൽ, സെൽഫി പോയിന്‍റ്, ഡോഗ് ഷോ, പപ്പറ്റ് ഷോ, ഭിന്നശേഷിക്കാരുടെ ഫുട്ബോൾ പ്രദർശനം എന്നിവ മേളയുടെ ഭാഗമാണ്.
ഏപ്രിൽ 18-ന് രാവിലെ 11-ന് സാമൂഹ്യ നീതി വകുപ്പിന്‍റെ സെമിനാർ "ഭരണഘടനയും പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ സാമൂഹ്യനീതിയും". നാഷണൽ ജുഡീഷ്യൽ അക്കാദമി മുൻ ഡയറക്ടർ ഡോ. ജി. മോഹൻ ഗോപാൽ വിഷയാവതരണം നടത്തും.
ഉച്ചകഴിഞ്ഞ് 2 മുതൽ 3.30 വരെ സെമിനാർ "മാറുന്ന കാലവും മാറുന്ന തൊഴിലും". റിട്ട. അസി. ലേബർ ഓഫീസർ പി. സാബു വിഷയാവതരണം നടത്തും. വൈകീട്ട് 6.30-ന് കനൽ ഫോക്ക് ബാൻഡ് നാടൻ പാട്ട് അവതരിപ്പിക്കും.
ഏപ്രിൽ 19-ന് വനിത ശിശുവികസന വകുപ്പിന്‍റെ രണ്ട് സെമിനാറുകൾ നടക്കും. രാവിലെ 11-ന് "ലിംഗ സമത്വവും സ്ത്രീ ശാക്തീകരണവും" സെമിനാർ അഡ്വ. എഫ്. ഫാസില (എസ്.പി.സി. ലീഗൽ കൗൺസിലർ, വനിത ശിശുവികസന വകുപ്പ്) അവതരിപ്പിക്കും. ഉച്ചയ്ക്ക് 2-ന് "ബാലാവകാശവും ശിശു സംരക്ഷണ നിയമങ്ങളും" എന്ന വിഷയത്തിൽ സെമിനാർ ലിനു ലോറൻസ് (പി.ഒ, ഐ.സി, ഡി.സി.പി.യു) അവതരിപ്പിക്കും. വൈകീട്ട് 6.30-ന് ഷഹബാസ് അമൻ പാടും.
ഏപ്രിൽ 20-ന് വിദ്യാഭ്യാസ വകുപ്പ് സെമിനാർ, രാവിലെ 11-ന്. വിഷയം "തിളങ്ങുന്ന പൊതു വിദ്യാലയങ്ങൾ". അവതരണം ഡോ. പി. ഷൈജു (ഡയറക്ടർ, സി-സിസ്, കുസാറ്റ്). ഉച്ചയ്ക്ക് 2-ന് ആരോഗ്യ വകുപ്പ് സെമിനാർ "വേനൽക്കാല ആരോഗ്യം". അവതരണം ഡോ. കോശി പണിക്കർ (ജില്ലാ സർവൈലൻസ് ഓഫീസർ ഇൻ ചാർജ്). വൈകീട്ട് 6.30-ന് ജാസി ഗിഫ്റ്റ് നയിക്കുന്ന സംഗീത നിശ.
ഏപ്രിൽ 21-ന് രാവിലെ 11-ന് ഹൈസ്കൂൾ വിദ്യാർഥികൾക്കുള്ള ക്വിസ് മത്സരം. വൈകീട്ട് 6.30-ന് ഗായകൻ സിദ്ധാർഥ് മേനോൻ നയിക്കുന്ന മ്യൂസിക് ബാൻഡ്.
ഏപ്രിൽ 22-ന് രാവിലെ 11-ന് സെമിനാർ "ലഹരിമുക്ത യുവത". വിഷയം അവതരിപ്പിക്കുന്നത് ഡോ. ബി. പദ്മകുമാർ (പ്രൊഫസർ, ടി.ഡി. മെഡിക്കൽ കോളേജ്, ആലപ്പുഴ). ഉച്ചയ്ക്ക് 2 മുതൽ സെമിനാർ "സൈബർ ലോകത്ത് സുരക്ഷിതമായി ജീവിക്കാം". പങ്കെടുക്കുന്നവർ - വിപിൻ ജോർജ് (സൈബർ ഫോറൻസിക് ട്രെയിനർ), മഹിമ മേരി മാത്യു (റിസർച്ച് കോ-ഓർഡിനേറ്റർ ആൻഡ് കൺസൾട്ടന്‍റ്, സൈബർ ലാബ്സ് ഇൻഫർമേഷൻ സെക്യൂരിറ്റി IIIT, കോട്ടയം). വൈകീട്ട് 6.30 മുതൽ കൊച്ചിൻ റിലാക്സ് അവതരിപ്പിക്കുന്ന മെഗാ ഷോ.
ഏപ്രിൽ 23-ന് രാവിലെ 11-ന് സെമിനാർ "ഉത്തരവാദിത്ത ഖരമാലിന്യ സംസ്കരണം". പങ്കെടുക്കുന്നവർ സൗമ്യ രാജ് (മുൻസിപ്പിൽ ചെയർപേഴ്സൺ, ആലപ്പുഴ); ബി. ശ്രീബാഷ് (ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ); കെ.എസ് രാജേഷ് (ജില്ലാ കോ-ഓർഡിനേറ്റർ, നവകേരളം കർമ്മ പദ്ധതി).
ഉച്ചയ്ക്ക് 2 മുതൽ സെമിനാർ "ഹോമിയോപ്പതിയും യുവജനാരോഗ്യവും". വിഷയാവതരണം ഡോ. എസ്. ബൽരാജ് (മെഡിക്കൽ ഓഫീസർ, ഗവ. ഹോമിയോപ്പതി ഡിസ്പെൻസറി, കഞ്ഞിക്കുഴി). വൈകീട്ട് 6.30-ന് താമരശ്ശേരി ചുരം ബാൻഡിന്‍റെ ലൈവ് ഷോ.
പ്രദർശന-വിപണന മേളയുടെ ഉദ്ഘാടനം ഏപ്രിൽ 17-ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിച്ചിരുന്നു.