പ്രാർത്ഥനയും സ്നേഹശാസനകളുമായി പ്രിയപ്പെട്ടവർ: കരുതലോടെ വാവാ സുരേഷ് രണ്ടാം ജന്മത്തിലേക്ക്

Published : Feb 07, 2022, 06:43 PM ISTUpdated : Feb 07, 2022, 06:45 PM IST
പ്രാർത്ഥനയും സ്നേഹശാസനകളുമായി പ്രിയപ്പെട്ടവർ: കരുതലോടെ വാവാ സുരേഷ് രണ്ടാം ജന്മത്തിലേക്ക്

Synopsis

സ്വന്തം ആരോഗ്യം കൂടി നോക്കണം. ദിവസം ആറ് മണിക്കൂർ എങ്കിലും ഉറങ്ങണം ഇത്ര മാത്രമേ എനിക്ക് അദ്ദേഹത്തോട് ആവശ്യപ്പെടാനുള്ളൂ - വി.എൻ.വാസവൻ

തിരുവന്തപുരം: മൂർഖൻ പാമ്പിൻ്റെ കടിയേറ്റ് ഗുരുതരാവസ്ഥയിൽ കഴിഞ്ഞ ശേഷം ആശുപത്രി വിട്ട വാവാ സുരേഷ് ഏഷ്യാനെറ്റ് ന്യൂസിലൂടെ പ്രേക്ഷകരുമായി സംസാരിച്ചു. സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗത്തെപ്രമുഖരും വാവാ സുരേഷിന് ക്ഷേമാന്വേഷണങ്ങളുമായി എത്തി. തൻ്റെ രണ്ടാം ജന്മമാണിതെന്നും മന്ത്രി വി.എൻ വാസവനോടും തന്നെ ചികിത്സിച്ച ഡോക്ടർമാരോടും മറ്റ് ആരോഗ്യപ്രവർത്തകരോടും തീർത്താൽ തീരാത്ത നന്ദിയുണ്ടെന്നും വാവാ സുരേഷ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിൻ്റെ തത്സമയ പരിപാടിയിൽ പങ്കെടുത്ത പ്രമുഖരും സാധാരണക്കാരും സുരേഷിൻ്റെ തിരിച്ചു വരവിൽ ആഹ്ളാദം രേഖപ്പെടുത്തി. അതേസമയം ഇനിയുള്ള പ്രവർത്തനം വളരെ കരുതലോടെ വേണമെന്ന അഭ്യർത്ഥനയും എല്ലാവരിൽ നിന്നുമുണ്ടായി. 


രാഷ്ട്രീയ ജീവിതത്തിൽ പലവട്ടം പലതരം ദുരന്തങ്ങൾക്ക് സാക്ഷിയായ ആളാണ് ഞാൻ. കോട്ടയം,ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകളിൽ നിന്നെല്ലാം ആളുകൾ ചികിത്സ തേടി എത്താറുണ്ട്. പറ്റാവുന്ന പോലെയൊക്കെ ആളുകളെ സഹായിക്കാൻ ശ്രമിക്കാറുണ്ട്. സുരേഷിൻ്റെ വിവരം അറിഞ്ഞപ്പോൾ എത്രയും പെട്ടെന്ന് അദ്ദേഹത്തെ മെഡിക്കൽ കോളേജിൽ എത്തിക്കണം എന്നാണ് തോന്നിയത്. നേരെ അദ്ദേഹം ചികിത്സയിൽ കഴിയുന്ന കോട്ടയം ഭാരത് ആശുപത്രിയിലെത്തി സുരേഷിനെ കൊണ്ടു പോകുകയാണ് എന്നാണ് ഞാൻ പറഞ്ഞത്. 

അവിടെ നിന്നും എൻ്റെ വണ്ടി തന്നെ പൈലറ്റാക്കി നേരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് പോയി. മുൻകൂട്ടി വിവരം അറിയച്ചതിനാൽ സൂപ്രണ്ട് നേരത്തെ അവിടെ ബൈഡ് റെഡിയാക്കിയിരുന്നു. വിവിധ വകുപ്പ് മേധാവിമാരേയും നേരിട്ട് വിളിച്ചു പറഞ്ഞു. മെഡിക്കൽ കോളേജിൽ എത്തിയ ഉടൻ തന്നെ ആറ് വകുപ്പ് മേധാവിമാരുടെ സംഘം ചർച്ച ചെയ്ത് സുരേഷിന് വേണ്ട ചികിത്സകൾ തീരുമാനിക്കുന്ന ഒരു സാഹചര്യമുണ്ടായി. എന്നാൽ അന്ന് രാത്രി  വൈകി അവിടെ നിന്ന് പോകുമ്പോഴും അദ്ദേഹത്തെ ജീവനോടെ തിരിച്ചു കിട്ടും എന്ന ഉറപ്പുണ്ടായിരുന്നില്ല. 

ഭാരത് ആശുപത്രിയിലെത്തിക്കുമ്പോൾ ഇരുപത് ശതമാനം മാത്രമായിരുന്നു സുരേഷിൻ്റെ ഹാർട്ട് ബീറ്റ്. അവിടുത്തെ ഡോക്ടർമാർ സിപിആർ കൊടുത്തുവെന്ന് ഹൃദയമിടിപ്പ് മെച്ചപ്പെട്ട് വരുന്നുവെന്നും അറിയിച്ചിരുന്നു. എന്തായാലും കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ എല്ലാം ഒറ്റക്കെട്ടായി പരിശ്രമിച്ചതോടെ അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചു വരുന്ന നിലയുണ്ടായി. സുരേഷിൻ്റെ ഈ വരവിൽ ഏറെ സന്തോഷിക്കുന്നത് ഞാനാണ്. സുരേഷിൻ്റെ തിരുവനന്തപുരത്ത് വീട് ആദ്യം സന്ദർശിച്ച് അവിടെ സുരേഷ് ആഗ്രഹിക്കുന്ന തരത്തിൽ ഒരു വീട് ഞങ്ങൾ നിർമ്മിച്ചു നൽകും. ഇക്കാര്യത്തിൽ തിരുവനന്തപുരത്ത് ഞങ്ങളുടെ പാർട്ടി നേതൃത്വം കൂടി ആലോചിച്ച ശേഷം തുടർനടപടിയുണ്ടാവും. 

ആരൊക്കെ എന്തൊക്കെ വിമർശനം പറഞ്ഞാലും സുരേഷ് ഒരു വലിയ മനുഷ്യസ്നേഹിയും പ്രകൃതിസ്നേഹിയുമാണ്. പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ നോക്കാതെയാണ് സുരേഷ് രാപ്പകൽ ഓടി നടക്കുന്നത്. അദ്ദേഹത്തെ ഈ സമൂഹത്തിന് ആവശ്യമാണ്. അപകടത്തിൽപ്പെട്ട് നടുവൊടിഞ്ഞ് കിടന്നിട്ടും കോട്ടയത്ത് രണ്ട് മൂർഖൻ പാമ്പുകൾ ഭീതി പടർത്തി എന്നറിഞ്ഞ് അവിടേക്ക് അദ്ദേഹം ഓടിയെത്തി. തനിക്ക് കിട്ടുന്ന പൈസയെല്ലാം പാവപ്പെട്ടവർക്ക് നൽകിയാണ് സുരേഷ് ജീവിക്കുന്നത്. സ്വന്തം ആരോഗ്യം കൂടി നോക്കണം. ദിവസം ആറ് മണിക്കൂർ എങ്കിലും ഉറങ്ങണം ഇത്ര മാത്രമേ എനിക്ക് അദ്ദേഹത്തോട് ആവശ്യപ്പെടാനുള്ളൂ. 


കുറച്ചു ദിവസത്തേക്ക് വാവാ സുരേഷ് വളരെ ശ്രദ്ധിക്കണം. നമ്മുടെ മെഡിക്കൽ കോളേജുകളുടെ ഒരു ശക്തിയും ശേഷിയും കൂടിയാണ് വാവയുടെ തിരിച്ചു വരവിലൂടെ തെളിയുന്നത്. നമ്മുടെ സർക്കാർ മെഡിക്കൽ കോളേജുകളെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അതിൻ്റെ കരുത്ത് വീണ്ടും തെളിഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തന്നെ റോഡിൽ അപകടത്തിൽപ്പെട്ട് അബോധാവസ്ഥയിലായ ആളെ 16 ദിവസം ആണ് ആശുപത്രി ഡോക്ടർമാരും ജീവനക്കാരും കൂടി പരിചരിച്ചത്. വാവയുടെ കാര്യത്തിലും കോട്ടയം മെഡിക്കൽ കോളേജിൽ എല്ലാവരും കൂടി ഒറ്റക്കെട്ടായി നിന്നത് കൊണ്ടാണ് അദ്ദേഹത്തിന് തിരിച്ചു വരാനാവട്ടെ. എൻ്റെ തൊട്ട അയൽപക്കക്കാരനാണ് അദ്ദേഹം ആദ്യം ആരോഗ്യം വീണ്ടെടുക്കട്ടെ എന്നിട്ട് അടുത്ത നടപടി ആലോചിക്കാം. 

വളരെ സന്തോഷത്തോടെയാണ് അങ്ങ് ഇന്ന് ആശുപത്രിയിൽ നിന്നിറങ്ങുന്ന കാഴ്ച കണ്ടത്. ഒരു തരത്തിൽ അങ്ങ് ഭാഗ്യവാനാണ് ഒരു നാട്മുഴുവൻ പ്രാർത്ഥനയോടെ അങ്ങയോടൊപ്പം നിന്നു. അങ്ങേയ്ക്ക് വേണ്ടി പ്രാർത്ഥിക്കാതെ ഒരു കുടുംബം പോലും കേരളത്തിലുണ്ടാവാൻ സാധ്യതയില്ല. ഞങ്ങളെല്ലാം ഈ സമയത്ത് അങ്ങേയ്ക്ക് വേണ്ടി പ്രാർത്ഥിച്ചു. ഇപ്പോൾ ഏഷ്യാനെറ്റ് ന്യൂസിലൂടെ അങ്ങയോട് സംസാരിക്കുമ്പോൾ വളരെ സന്തോഷമുണ്ട്. 

ഒരു കാര്യം അങ്ങയോട് പറയാനുള്ളത് കുറേക്കൂടി ശ്രദ്ധവേണം എന്നതാണ്. പൂർണമായ ഏകാഗ്രത വേണ്ട ഒരു ജോലിയാണ് അങ്ങയുടേത്. ഒരു ഉരഗത്തെ വളരെ വെല്ലുവിളികളോടെ പിടിച്ചെടുത്ത് കാട്ടിലെത്തിച്ച് രക്ഷപ്പെടുത്താനാണ് അങ്ങ് ശ്രമിക്കുന്നത്. എങ്കിലും തുടരെ അങ്ങേയ്ക്ക് ഉണ്ടാവുന്ന അപകടങ്ങളിൽ എല്ലാവർക്കും ഉത്കണ്ഠയും ആശങ്കയും ഉണ്ട് അതു കൊണ്ട് കുറച്ചു ഉപകരണങ്ങളുടെ കൂടി സഹായത്തോടെ വേണം ഇനി അങ്ങ് പാമ്പ് പിടിത്തതതിന് ഇറങ്ങാൻ. 

സുരേഷേ... വിമർശനങ്ങളെല്ലാം ഒരു വശത്ത് നിന്നോട്ടെ... നിങ്ങൾ നിങ്ങളുടെ കരൾ പോലും സമർപ്പിച്ചത് ഈ സമൂഹത്തിനാണ്. നിങ്ങളുടെ ലിവറിൻ്റെ കണ്ടീഷൻ എനിക്കറിയാം. എനിക്കൊന്നും വേണ്ട മറ്റുള്ളവർക്ക്  കൊടുത്തേക്ക് എന്ന് പറയുന്ന ആളാണ് നിങ്ങൾ. നിങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ വന്ന ചില വിമർശനങ്ങളൊന്നും നമ്മുക്ക് സഹിച്ചിട്ടില്ല. എന്നാൽ സമൂഹമാധ്യമങ്ങളിൽ വരുന്ന അഭിപ്രായങ്ങളൊക്കെ നമ്മൾ അങ്ങനെ മുഖവിലയ്ക്ക് എടുക്കേണ്ട കാര്യമില്ല. അമ്മയെ തല്ലിയാൽ പോലും മൂന്നോ നാലോ പക്ഷങ്ങൾ ആണ് അവിടെ. നിങ്ങൾ ഒരുപാട് പേരുടെ ജീവൻ സംരക്ഷിക്കാൻ ചാടിയിറങ്ങിയ ആളാണ്. എനിക്ക് നിങ്ങളൊരു നിർവഹണ കേന്ദ്രമാണ്. അപ്പോൾ ആരോഗ്യം നിങ്ങൾ ശ്രദ്ധിക്കണം. അക്കാര്യത്തിൽ നിങ്ങളോട് എനിക്ക് പരിഭവം. ഉണ്ട് കഴിവതും ഉരഗങ്ങളെ പിടിച്ചാൽ അതിനെ സേഫാക്കി മാറ്റണം പ്രദർശനത്തിന് ഒന്നും നിൽക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത്. നിങ്ങളെ മോഡലായി കരുതുന്ന ഒരുപാട് പേരുണ്ട്. ഉരഗങ്ങളെ ശത്രുക്കളായി കാണേണ്ടതില്ല സംരക്ഷിക്കേണ്ടതുണ്ട് എന്ന് ഇന്ന് ഒരുപാട് പേർ കരുതുന്നത് നിങ്ങളൊരു മോഡലായി മുന്നിൽ നിന്നത് കൊണ്ടാണ്. അതു കൊണ്ട് ആരോഗ്യത്തിൽ നിങ്ങൾ ശ്രദ്ധ കാണിക്കണം. ഉരഗങ്ങളെ പിടികൂടിയാൽ എത്രയും പെട്ടെന്ന് ഉറയിലോ കൂടിലോ ആക്കി വനംവവകുപ്പിന് കൈമാറണം. 

കേരളത്തിലെ എല്ലാ കുടുംബങ്ങളുടേയും എന്ന പോലെ എൻ്റെ കുടുംബത്തിൻ്റേയും പ്രാർത്ഥന അങ്ങേയ്ക്കുണ്ടാവും സുരേഷ്. അങ്ങയുടെ ആരോഗ്യനില എല്ലാം നന്നായിരിക്കുന്നുവെന്ന് കരുതുന്നു. പലരും പലതും പറഞ്ഞോട്ടെ അതൊന്നും നമ്മൾ കാര്യമാക്കേണ്ടപ്പാ... പത്തല്ല അൻപത് വർഷം വണ്ടിയോടിച്ചവരുടെ വണ്ടികളും അപകടത്തിൽപ്പെട്ടെന്ന് വരും. നമ്മൾ എത്ര ശ്രദ്ധിച്ചാലും അപകടങ്ങളുണ്ടാവും. എന്നാൽ നിങ്ങൾ അതൊന്നും നോക്കരുത്. നിങ്ങൾ ദൈവത്താൽ നിയോഗിക്കപ്പെട്ടൊരു ആളാണ്. എത്രയോ പേരുടെ ജീവനാണ് നിങ്ങൾ രക്ഷിച്ചത്. ഇനിയും ഒരുപാട് പേരുടെ ജീവൻ രക്ഷിക്കാനുള്ള നിയോഗം നിങ്ങൾക്കുണ്ട്. നമ്മുക്ക് എന്തായാലും നേരിട്ട് കാണണം. സുരേഷിനെ ഞാൻ നേരിട്ട് വിളിക്കാം... 

കോട്ടയത്ത് തന്നെ തങ്ങാമെന്നും ഇവിടെ ഒരു 15 ദിവസം വിശ്രമിച്ച് പൂർണ ആരോഗ്യം ലഭിച്ച ശേഷം തിരികെ പോകാം എന്ന് വാവായോട് ഞാൻ പറഞ്ഞതാണ്. പക്ഷേ തിരുവനന്തപുരത്ത് പോയി അമ്മയെ കാണണം എന്ന് വാവ നിർബന്ധം പിടിച്ചതോണ്ട് ഇവിടെ നിന്നും പോകാൻ ഞങ്ങൾ വിട്ടത്. ഇത്രയും അനുഗ്രഹവും പ്രാർത്ഥനയും അടുത്ത കാലത്ത് ഒരാൾക്ക് കിട്ടിയതായി കണ്ടിട്ടില്ല. വാവ്വയെ അറിയുന്ന എല്ലാവരും വാവയ്ക്ക് വേണ്ടി പ്രാർത്ഥിച്ചു. എന്താ പറയേണ്ടതെന്ന് സത്യം പറഞാൽ എനിക്ക് അറിഞ്ഞൂടാ... 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്യുആർ കോഡ് സ്കാൻ ചെയ്താൽ മതി, ഭക്ഷണം ബസിനുള്ളിലെത്തും; ചിക്കിങ്ങുമായി കൈകോര്‍ത്ത് കെഎസ്ആര്‍ടിസി
തിരുവനന്തപുരത്തെ അമ്മയുടെയും മകളുടെയും മരണം; യുവതിയുടെ ഭര്‍ത്താവ് മുംബൈയിൽ പിടിയിൽ