സേവ് കുട്ടനാട് കാമ്പയിനെ പരിഹസിച്ച് സജി ചെറിയാൻ, രണ്ടാം പാക്കേജ് ആദ്യത്തെ പാക്കേജ് പോലെയാകില്ലെന്ന് പ്രസാദ്

By Web TeamFirst Published Jun 14, 2021, 4:52 PM IST
Highlights

മില്ലുടമകൾ ജന്മി മാരെ പോലെ പെരുമാറുന്നു, കിഴിവ് വാങ്ങുന്നു, സംഭരിച്ച നെല്ലിന്റെ വില കിട്ടുന്നില്ല തുടങ്ങിയ പരാതികൾ ഉന്നയിച്ച കർഷകർ, ഇക്കാര്യങ്ങളിൽ അടിയന്തിര നടപടി വേണമെന്നും ആവശ്യപ്പെട്ടു

ആലപ്പുഴ: കുട്ടനാട്ടിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ കർഷക പ്രതിനിധികളും മന്ത്രിമാരും തമ്മിൽ നടന്ന ചർച്ചയിൽ സേവ് കുട്ടനാട് കാമ്പയിനെ പരിഹസിച്ച് മന്ത്രി സജി ചെറിയാൻ. മാങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിൽ മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് ചർച്ച വിളിച്ചത്. ഒന്നാം പാക്കേജ് പോലെയാകില്ല രണ്ടാം പാക്കേജ് നടപ്പിലാക്കുന്നതെന്ന് പറഞ്ഞ മന്ത്രി പി പ്രസാദ്, അത്തരത്തിൽ കരുതുന്ന ഉദ്യോഗസ്ഥർ സ്ഥലംമാറ്റം വാങ്ങി പോകണമെന്നും ആവശ്യപ്പെട്ടു.

പാടങ്ങളുടെ പുറംബണ്ട് ബലപ്പെടുത്തണം , സമയ ബന്ധിതമായി പണം അനുവദിക്കണം, നെല്ല് സംഭരണം കൃത്യമായി നടത്തണം, മില്ലുടമകൾ ജന്മി മാരെ പോലെ പെരുമാറുന്നു, കിഴിവ് വാങ്ങുന്നു, സംഭരിച്ച നെല്ലിന്റെ വില കിട്ടുന്നില്ല തുടങ്ങിയ പരാതികൾ ഉന്നയിച്ച കർഷകർ, ഇക്കാര്യങ്ങളിൽ അടിയന്തിര നടപടി വേണമെന്നും ആവശ്യപ്പെട്ടു.  

കുട്ടനാടിനെ ഇപ്പോ രക്ഷിച്ച് സ്വർഗത്തിൽ കൊണ്ടുപോകുമെന്ന് പറഞ്ഞു ചിലർ ഇറങ്ങിയിട്ടുണ്ടെന്നും അതൊന്നും ശരിയല്ലെന്നുമായിരുന്നു മന്ത്രി സജി ചെറിയാന്റെ പരാമർശം. അതിന്റെ രാഷ്ട്രീയ ലക്ഷ്യമൊക്കെ എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഒന്നാം കുട്ടനാട് പാക്കേജ് നടപ്പിലാക്കിയത് പോലെ രണ്ടാം പാക്കേജ് നടപ്പിലാക്കാം എന്ന് കരുതരുത്. അങ്ങനെ കരുതുന്നവർ ട്രാൻസ്ഫർ വാങ്ങി പോകണം. ഏകോപനം ഉണ്ടാകണം. പരമ്പരാഗത കർഷകരുടെ അഭിപ്രായങ്ങൾ കേൾക്കണം. അടിയന്തര പദ്ധതിയും ദീർഘകാല പദ്ധതിയും ഉണ്ടാക്കും. കളക്ടറുടെ മേൽനോട്ടത്തിൽ വിവിധ വകുപ്പുകളുടെ പ്രതിനിധികൾ ഉൾക്കൊള്ളുന്ന സമിതി രൂപീകരിക്കണം. സർക്കാരിന് വേണ്ടി പറയുന്നതാണിത്. കുട്ടനാട് വിശാലമായ ഭൂപ്രദേശം. അത്തരത്തിൽ കാണണമെന്നും മന്ത്രി സജി ചെറിയാൻ ആവശ്യപ്പെട്ടു.

കുട്ടനാട്ടിൽ കാർഷിക കലണ്ടർ അനിവാര്യമാണെന്ന് പറഞ്ഞ മന്ത്രി പി പ്രസാദ്, കലണ്ടർ തയാറാക്കി കർശനമായി പാലിക്കണമെന്നും ആവശ്യപ്പെട്ടു. കൃഷിയുൾപ്പെടെ സമയബന്ധിതമായി നടപ്പാക്കണം. രണ്ടാം കുട്ടനാട് പാക്കേജ് ആരെങ്കിലും എവിടെയെങ്കിലും ഇരുന്ന് തീരുമാനിക്കുന്ന പദ്ധതിയായിരിക്കില്ല. കുട്ടനാട്ടിലെ ജനങ്ങളുമായി ചർച്ച ചെയ്ത് മാത്രമാകും നടപ്പാക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുടെയും അഭിപ്രായം കേൾക്കും. ശാസ്ത്രീയമായ രീതിയിൽ പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കും. പരിസ്ഥിതി സന്തുലനം ഉറപ്പാക്കുന്ന പദ്ധതികൾ ഉണ്ടാകും. കർഷകരെയും ജനങ്ങളെയും പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

click me!