നിത്യച്ചെലവിന് പണമില്ല; അടിസ്ഥാന വിഷയങ്ങളിലൂന്നി സർക്കാർ; പട്ടയവും ലൈഫും പെൻഷനും ഹൈലൈറ്റാക്കി പിണറായി സർക്കാർ

Web Desk   | Asianet News
Published : May 20, 2022, 05:46 AM ISTUpdated : May 20, 2022, 07:36 AM IST
നിത്യച്ചെലവിന് പണമില്ല; അടിസ്ഥാന വിഷയങ്ങളിലൂന്നി സർക്കാർ; പട്ടയവും ലൈഫും പെൻഷനും ഹൈലൈറ്റാക്കി പിണറായി സർക്കാർ

Synopsis

59.5 ലക്ഷം പേര്‍ക്ക് കുടിശികയില്ലാതെ ക്ഷേമപെന്‍ഷന്‍ കൊടുത്തും, ലൈഫ് പദ്ധതി കൃത്യമായി തുടര്‍ന്നും, ദേശീയപാതാ വികസനവും, സ്കൂള്‍കെട്ടിട നവീകരണവും,പട്ടയവിതരണവുമൊക്കെ ഉയര്‍ത്തിക്കാട്ടിയും അടിസ്ഥാനസൗകര്യ വികസനവും ലക്ഷ്യമാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നു

തിരുവനന്തപുരം: കെ റെയിലെന്ന ( K RAIL)വന്‍കിട സ്വപ്നപദ്ധതിയുമായി സര്‍ക്കാര്‍(govt). നിത്യനിദാന ചെലവിന് പോലും പണമില്ലെന്ന് പ്രതിപക്ഷം(opposition). ഇതാ രാജ്യത്തെ ഇടതുപക്ഷ ബദലെന്ന് സിപിഎം ഉറക്കെ വിളിച്ച് പറയുന്ന രണ്ടാം പിണറായി സര്‍ക്കാര്‍ രണ്ടാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കേരളത്തെ ഉറ്റ് നോക്കുന്നത്. വികസനത്തിനും ക്ഷേമത്തിനും പണം പ്രശ്നമല്ലെന്ന നിശ്ചയദാര്‍‍ഢ്യത്തോടെ സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ ലൈഫും പെന്‍ഷനും പട്ടയവിതരണവുമടക്കം അടിസ്ഥാനവിഷയങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കാന്‍ പിണറായി വിജയന്‍ പ്രത്യേകം ശ്രദ്ധ വക്കുന്നതാണ് ഇപ്പോഴത്തെയും ഹൈലൈറ്റ്.

ചരിത്രത്തിലാദ്യമായി തുടര്‍ഭരണം കിട്ടിയപ്പോള്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലേത് പോലെ മന്ത്രിസഭയിലും ചെറുപ്പം നിറച്ച് മാതൃക കാണിച്ചു എല്‍ഡിഎഫ് നേതൃത്വം.ആദ്യസര്‍ക്കാരിനെ പോലെ കുടിശികയില്ലാതെ ക്ഷേമപെന്‍ഷന്‍ നല്‍കിയും ലൈഫടക്കം മിഷനുകള്‍ തുടര്‍ന്നും നയം പ്രഖ്യാപിച്ച സര്‍ക്കാര്‍ പ്രകടന പത്രിക ഉയര്‍ത്തി കെ റയിലിനായി നിന്നതോടെ ചിത്രം മാറി.50 വര്‍ഷം മുന്നില്‍ കണ്ടുള്ള വികസനമെന്ന് സര്‍ക്കാരും, കെ റയില്‍ വേണ്ട കേരളം മതിയെന്ന മുദ്രാവാക്യവുമായി പ്രതിപക്ഷവും തെരുവിലിറങ്ങിയതോടെ സംഘര്‍ഷമായി.പിന്നീടെല്ലാം കെ റയിലിനെ ചേര്‍ത്ത് പറയുന്നതാണ് രാഷ്ട്രീയകേരളം കണ്ടത്. 

ശമ്പളപ്രതിസന്ധിയില്‍ കെഎസ്ആര്‍ടിസി, ഇഴഞ്ഞ് നീങ്ങുന്ന വിഴിഞ്ഞം, കടമെടുത്ത് മാത്രം പിടിച്ച് നില്‍ക്കുന്ന ഖജനാവ്, ഊര്‍ജമില്ലാത്ത കിഫ്ബി, ഒട്ടും വേഗമില്ലാത്ത നവകേരള നിര്‍മിതി എല്ലാ പരിമിതികള്‍ക്കിടയിലും കെ റയിലുയര്‍ത്തിക്കാട്ടി പ്രതിപക്ഷത്തെ വികസന വിരോധികളെന്ന് വിളിക്കാന്‍ എല്‍ഡിഎഫിനായതാണ് ഒരു വര്‍ഷത്തെ രാഷ്ട്രീയം.കല്ല് പിഴുതാല്‍ പല്ലു പറിക്കുമെന്ന് പറഞ്ഞവര്‍ ഡിജിറ്റല്‍ സര്‍വേയിലേക്ക് മാറുന്നതും നാം കണ്ടു.

59.5 ലക്ഷം പേര്‍ക്ക് കുടിശികയില്ലാതെ ക്ഷേമപെന്‍ഷന്‍ കൊടുത്തും, ലൈഫ് പദ്ധതി കൃത്യമായി തുടര്‍ന്നും, ദേശീയപാതാ വികസനവും, സ്കൂള്‍കെട്ടിട നവീകരണവും,പട്ടയവിതരണവുമൊക്കെ ഉയര്‍ത്തിക്കാട്ടിയും അടിസ്ഥാനസൗകര്യ വികസനവും ലക്ഷ്യമാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നു.സാമ്പത്തിക പ്രതിസന്ധിക്കും വിലക്കയറ്റത്തിനും പതിവ്പോലെ സര്‍ക്കാര്‍ കേന്ദ്രത്തെ കുറ്റം പറയുകയാണ്.തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ 42ല്‍ 24 സീറ്റ് കിട്ടിയത് വികസന അംഗീകാരമായി ഉന്നതനേതാക്കള്‍ തന്നെ അവകാശപ്പെടുമ്പോള്‍ യുഡിഎഫ് കോട്ടയായ തൃക്കാക്കരയിലും അവര്‍ പ്രതീക്ഷ വക്കുന്നു.

ഇടതുപക്ഷം എന്നും എതിര്‍ത്തിരുന്ന വിദേശഫണ്ട്, ഉന്നതവിദ്യാഭ്യാസ മേഖലയിലെ വിദേശ സര്‍വകലാശാലകള്‍ എന്നിവക്കെല്ലാം പാര്‍ട്ടിയും മുന്നണിയും പച്ചക്കൊടി കാട്ടിയതും കഴിഞ്ഞ ഒരു വര്‍ഷത്തെ ശ്രദ്ധേയ സംഭവങ്ങളാണ്.

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ