കലാഭവൻ സോബിയുടെ രണ്ടാമത്തെ നുണപരിശോധന പൂ‍ർത്തിയായി: സംശയിക്കുന്നവരുടെ പേര് പറഞ്ഞതായി സോബി

By Web TeamFirst Published Sep 29, 2020, 5:06 PM IST
Highlights

അപകടം ഉണ്ടാകുന്നതിന് മുൻപ് അജ്ഞാതര്‍ ബാലഭാസ്കർ സഞ്ചരിച്ചിരുന്ന കാറിൻറെ ചില്ല് തകര്‍ത്തിരുന്നുവെന്നും മരണത്തിന് പിന്നിൽ സ്വർണ്ണക്കടത്ത് സംഘമാണെന്നുമാണ് സോബി സിബിഐയോട് പറഞ്ഞത്. 

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ സുഹൃത്ത് കലാഭവൻ സോബിയെ സി ബി ഐ വീണ്ടു നുണ പരിശോധന നടത്തി. കൊച്ചിയിലെ സിബിഐ ഓഫീസിൽ വെച്ചാണ് നുണപരിശോധന നടന്നത്. ചെന്നൈയിലെയും ദില്ലിയിലെയും ഫൊറൻസിക് ലാബുകളിൽ നിന്നുമെത്തിയ വിദഗ്ധരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. 

അപകടം ഉണ്ടാകുന്നതിന് മുൻപ് അജ്ഞാതര്‍ ബാലഭാസ്കർ സഞ്ചരിച്ചിരുന്ന കാറിൻറെ ചില്ല് തകര്‍ത്തിരുന്നുവെന്നും മരണത്തിന് പിന്നിൽ സ്വർണ്ണക്കടത്ത് സംഘമാണെന്നുമാണ് സോബി സിബിഐയോട് പറഞ്ഞത്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താനാണ് വീണ്ടും നുണ പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം ബാലഭാസ്കറിന്റെ  ഡ്രൈവർ അർജുനേയും സുഹൃത്തും മുൻ മാനേജരുമായിരുന്ന വിഷ്ണു സോമസുന്ദരം എന്നിവരെ സിബിഐ നുണ പരിശോധന നടത്തിയിരുന്നു. 

അപകടത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നവരുടെ പേര് വിവരങ്ങൾ പറഞ്ഞതായി സോബി പറഞ്ഞു. സ്വർണ്ണക്കടത്ത് കേസുമായി ബന്ധമുള്ളവരാണ് ഇവരെല്ലാം. സംശയിക്കുന്നവരുടെ ഫോട്ടോ പരിശോധിക്കുന്നതിനായി അടുത്തയാഴ്ച്ച സിബിഐ തന്നെ വീണ്ടും വിളിപ്പിച്ചിട്ടുണ്ടെന്ന് സോബി അറിയിച്ചു. 

click me!