സെക്രട്ടേറിയറ്റ് തീപിടുത്തം; അന്വേഷണ റിപ്പോർട്ടുകൾ വൈകും, ഫോറന്‍സിക് റിപ്പോര്‍ട്ട് കിട്ടിയില്ലെന്ന് വിശദീകരണം

By Web TeamFirst Published Sep 4, 2020, 5:40 AM IST
Highlights

ഓണാവധി കാരണമാണ് റിപ്പോര്‍ട്ട് വൈകുന്നതെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. കൊവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തില്‍ പൊതുഭരണവകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാനും കഴിഞ്ഞിട്ടില്ല. റിപ്പോര്‍ട്ട് വൈകാനുളള കാരണമായി ഇതും ചൂണ്ടിക്കാട്ടുന്നുണ്ട്.

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് തീപിടുത്തത്തിന്‍റെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ വൈകും. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദേശമെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ അന്തിമ റിപ്പോര്‍ട്ട് വൈകുകയാണ്. ഫൊറന്‍സിക് റിപ്പോര്‍ട്ട് കിട്ടാത്തതാണ് വൈകലിനു കാരണമെന്നാണ് വിശദീകരണം.

സെക്രട്ടറിയേറ്റ് തീപിടുത്തത്തെ പറ്റിയുളള ഫൊറന്‍സിക് പരിശോധന റിപ്പോര്‍ട്ട് കിട്ടാന്‍ ഇനിയും രണ്ടോ മൂന്നോ ദിവസം വേണ്ടി വരുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിശദീകരണം. തീപിടുത്തത്തിനു പിന്നില്‍ അസ്വാഭാവികതകള്‍ ഒന്നും ഇല്ലെന്ന് ഫയര്‍ ഫോഴ്സും, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വിഭാഗവും നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘങ്ങള്‍ക്ക് ഫോറന്‍സിക് പരിശോധനാ ഫലം കിട്ടിയാലേ അന്തിമ റിപ്പോര്‍ട്ട് നല്‍കാനാവൂ. 

ഓണാവധി കാരണമാണ് റിപ്പോര്‍ട്ട് വൈകുന്നതെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. കൊവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തില്‍ പൊതുഭരണവകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാനും കഴിഞ്ഞിട്ടില്ല. റിപ്പോര്‍ട്ട് വൈകാനുളള കാരണമായി ഇതും ചൂണ്ടിക്കാട്ടുന്നുണ്ട്. പരമാവധി വേഗത്തില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് ശ്രമമെന്നും കഴിയുമെങ്കില്‍ ഈയാഴ്ച തന്നെ റിപ്പോര്‍ട്ട് നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഓഗസ്റ്റ് 25ന് വൈകിട്ടായിരുന്നു പൊതുഭരണ വകുപ്പിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടുത്തമുണ്ടായത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ നശിപ്പിക്കാനുളള ആസൂത്രിത തീപിടുത്തമെന്ന് രാഷ്ട്രീയ ആരോപണം ഉയര്‍ന്നു. ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ രണ്ട് സംഘങ്ങളെ സംഭവം അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയത്. എഡിജിപി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തില്‍ പൊലീസും,ഡോക്ടര്‍ എ കൗശിഗന്‍റെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥ സംഘവുമാണ് അന്വേഷണം നടത്തുന്നത്.

click me!