
കോഴിക്കോട്: വിഭാഗീയതയും റിയൽ എസ്റ്റേറ്റടക്കമുള്ള മറ്റു വിഷയങ്ങളുമാണ് കോഴിക്കോട് സിപിഎമ്മിൽ ഇപ്പോഴുണ്ടായ കോഴ വിവാദം മൂർച്ഛിക്കാനുള്ള കാരണം. മുൻ എംഎൽഎ ജോർജ്ജ് എം തോമസിനെ തിരിച്ചെടുക്കാനും നഗരസഭാ ഭരണത്തിലെ പ്രമുഖനെ മാറ്റാനും വരെ സമീപകാലത്ത് ജില്ലാ നേതൃത്വം നീക്കം നടത്തിയപ്പോൾ സംസ്ഥാന നേതൃത്വം വിലക്കുകയായിരുന്നു. അതേസമയം, പിഎസ്‍സി അംഗത്വം വാഗ്ദാനം ചെയ്ത് സിപിഎം പ്രാദേശിക നേതാവ് കോഴ വാങ്ങിയെന്ന പരാതിയിൽ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. പരാതിക്കാരുടെ ഭര്‍ത്താവിനെ കണ്ട് പൊലീസ് വിവരങ്ങള്‍ തേടി. കേസ് എടുക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
ജില്ലയിലെ പ്രമുഖ നേതാക്കൾ ചേരി തിരിഞ്ഞ് പര്സപരം പാരവെയ്ക്കുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ച് കാലമായി കോഴിക്കോട്ടെ സിപിഎമ്മിൽ നടക്കുന്നത്. ആരോപണവിധേയരായ ജോർജ്ജ് എം തോമസിനെ തിരിച്ചെടുക്കാനുള്ള ശ്രമമാണ് ഏറ്റവും ഒടുവിൽ നടന്നത്. ജില്ലാ നേതൃത്വം നടത്തിയ നീക്കം ചില സെക്രട്ടറിയേറ്റ് അംഗങ്ങൾ സംസ്ഥാന നേതാക്കളെ ബോധ്യപ്പെടുത്തി തടയുകയായിരുന്നു. ക്വാറി മാഫിയ. പങ്ക് പറ്റൽ തുടങ്ങിയ ആരോപണങ്ങൾ പ്രാദേശിക നേതാക്കൾ ഉയർത്തിയപ്പോഴാണ് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന ജോർജ്ജ് എം തോമസ് പുറത്ത് പോയത്.
നഗരസഭയിലെ പ്രമുഖ സ്ഥാനത്തിരിക്കുന്ന നേതാവിനെ മാറ്റാനും സമീപകാലത്ത് നീക്കം നടന്നു. ജില്ലയിലെ ചേരി തിരിവിൽ എതിർപക്ഷത്തായതാണ് ഈ നേതാവ് എന്നതാണ് മാറ്റാൻ നീക്കം നടത്താനുള്ള കാരണം. റിയൽ എസ്റ്റേറ്റ്, ഭൂമി തരം മാറ്റൽ തുടങ്ങിയ കാര്യങ്ങളിൽ ചില നേതാക്കളുടെ ഇടപെടലുകളും കുറെകാലമായി തർക്ക വിഷയമാണ്. നാദാപുരം മേഖലയിൽ നിന്നുള്ള ഒരു വ്യാപാരി പാർട്ടി കാര്യങ്ങളിൽ ഇടപെടുന്നതും പ്രമുഖ നേതാവിനെ മുൻ നിർത്തി ചില സ്ഥാപനങ്ങൾ തുടങ്ങിയതും തർക്ക വിഷയമായി. കോർപ്പറേഷന്‍റെ ചില വാടകസ്ഥാപനങ്ങൾ ഇയാൾ നേടിയെടുത്തത് വിവാദമായി.
കോഴിക്കോട് ബീച്ചിലെ സർക്കാർ വക കെട്ടിടം ഇയാൾക്ക് ചുളുവിലയ്ക്ക് ലീസിന് നൽകാനുള്ള നീക്കം നടന്നുവെങ്കിലും മറുപക്ഷം വിവാദമാക്കി. തുടർന്ന് ഇയാൾ പാർട്ടി കാര്യത്തിൽ ഇടപെടുന്നത് സംസ്ഥാന സെക്രട്ടറിയേറ്റംഗം ജില്ലാ കമ്മറ്റിയിലുന്നയിച്ചു. ജില്ലാ നേതൃത്വത്തിലെ പ്രമുഖനുമായി ഇയാൾക്ക് അടുത്ത ബന്ധമാണുള്ളത്. നാദാപുരം മേഖലയിൽ വിദ്യാർത്ഥി നേതാവായിരുന്ന ഒരാൾ പിന്നീട് നടപടിക്ക് വിധേയനായി പുറത്തായെങ്കിലും പ്രമുഖരുമായുള്ള ബന്ധത്തിന്‍റെ മറവിൽ തിരികെ ടൗണിലെ പാർട്ടിയിൽ തിരിച്ചെത്തി. പല റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്കും ഇയാൾ പാർട്ടി നേതൃത്വത്തിന് ഇടനിലക്കാരനായി.
നഗരത്തിലെ ഒരു കെട്ടിടത്തിൽ നിന്ന് മൊബൈൽ കട ഒഴിപ്പിക്കാൻ ഈ സംഘം കെട്ടിട ഉടമയിൽ നിന്ന് വലിയ തുക നഷ്ടപരിഹാരം വാങ്ങിയെങ്കിലും നാലിലൊന്ന് തുക മാത്രമാണ് കട നടത്തിപ്പുകാരന് ലഭിച്ചത്. ചുരുക്കത്തിൽ കഴിഞ്ഞ കുറെ കാലമായി കോഴിക്കോട്ടെ പാർട്ടിയിൽ പുകയുന്നത് പാർട്ടിക്ക് നിരക്കാത്ത വിഷയങ്ങളുമായി ബന്ഘപ്പെട്ട തർക്കങ്ങളാണ്. ഇപ്പോഴത്തെ വിവാദവും സമാനമായ തർക്കങ്ങൾക്ക് ശേഷമാണ് ഉണ്ടായതെന്നാണ് സൂചന. അതേസമയം, ഇന്ന് ആരംഭിച്ച സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ കോഴ ആരോപണം ചര്‍ച്ചയാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam