പാലക്കാട്: കൊവിഡ് 19 വ്യാപനത്തിന്റെ തീവ്രത കണക്കിലെടുത്ത് പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ. പരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം നടക്കുമെങ്കിലും ലോക്ക് ഡൗണ്‍ ഇളവുകളുടെ മറവിൽ ആളുകൾ സംഘം ചേരുന്നതിന് വിലക്കുണ്ട്. കഴിഞ്ഞദിവസം ഉത്തരവിറങ്ങിയെങ്കിലും ഇന്ന് മുതലാണ് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരിക.
കൊവിഡ് മുക്തമായതിന് ദിവസങ്ങൾക്ക് ശേഷം വീണ്ടും പാലക്കാട് രോഗവ്യാപനം തീവ്രമാവുകയാണ്. മുൻകരുതലിന്റെ ഭാഗമായാണ് ലോക്ക് ഡൗണ്‍ നിർദ്ദേശങ്ങൾ ശക്തമാക്കുന്നതു നിരോധനാജ്ഞ പ്രഖ്യാപിച്ചതും. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം പത്താംക്ലാസ്, പ്ലസ് ടു പരീക്ഷകൾ നടക്കും. ഇതിനാവശ്യമായ സജ്ജീകരണങ്ങളെല്ലാം ജില്ലാഭരണകൂടം ഒരുക്കും.
നാലാളുകളിൽ കൂടുതൽ പൊതുസ്ഥലത്ത് സംഘം ചേരരുത്. ലോക്ക് ഡൗൺ ഇളവിൽ തുറന്നു പ്രവർത്തിച്ച കടകൾക്കും സ്ഥാപനങ്ങൾക്കും അത് തുടരാം. പക്ഷേ, ആളുകളുടെ എണ്ണം കൂടരുത്. സാമൂഹിക അകലം പാലിക്കണം. വ്യാപാര സ്ഥാപനങ്ങളിൽ കൂടുതൽ പരിശോധന സംവിധാനങ്ങൾ ഒരുക്കും. നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കട അടച്ചുപൂട്ടുന്നതുൾപ്പടെയുള്ള നടപടികൾ സ്വീകരിക്കാനാണ് തീരുമാനം. എട്ട് ഹോട് സ്പോട്ടുകളാണ് നിലവിൽ ജില്ലയിലുളളത്.
കരുതൽ മേഖലയിലേക്കുളള ഗതാഗതം അവശ്യസേവനങ്ങൾക്ക് മാത്രം. വാളയാർ അതിർത്തി വഴി റെഡ്സോൺ മേഖലയിൽ നിന്നുൾപ്പെടെ ദിവസവും ശരാശരി രണ്ടായിരത്തിനോടടുത്ത് ആളുകളാണ് കടന്നുവരുന്നത്. നിലവിൽ സായുധ പൊലീസിന്റെയും ആരോഗ്യപ്രവർത്തകരുടെയും കനത്ത ജാഗ്രത അതിർത്തിയിലുണ്ട്. ആവശ്യമെങ്കിൽ ഇത് കൂട്ടാനും ആലോചനയുണ്ട്. ഈ മാസം 31വരെയാണ് ജില്ലയിൽ നിരോധനാജ്ഞ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam