
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് മുന്നിൽ സുരക്ഷാ വീഴ്ച. യൂത്ത് കോൺഗ്രസ് പ്രതിഷേധം ക്ലിഫ് ഹൗസിലേക്ക് എത്തിയപ്പോൾ ദേവസ്വം ബോർഡ് ജംഗ്ഷനിൽ ആവശ്യത്തിന് പൊലീസുകാരില്ലായിരുന്നു പൊലീസിനെ വെട്ടിച്ച് ക്ലിഫ് ഹൗസിന്‍റെ ഗേറ്റ് വരെ പ്രവർത്തകരെത്തി. സുരക്ഷാ വീഴ്ചയെക്കുറിച്ച് സിറ്റി പൊലീസ് കമ്മീഷണറെ വിളിച്ച് വരുത്തി മുഖ്യമന്ത്രി വിശദീകരണം തേടി.
രാതി ഏഴ് മണിയോടെയാണ് സംഭവം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ക്ലിഫ് ഹൗസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത്. ഒരു സംഘം പ്രവർത്തകർ ദേവസ്വം ബോർഡ് ജംഗ്ഷനിൽ ധർണ്ണ നടത്തുമ്പോഴാണ് പൊലീസിനെ കബളിപ്പിച്ച് മറ്റൊരു സംഘം മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയത്. അപ്രതീക്ഷിത നീക്കത്തിൽ പൊലീസും ഞെട്ടി. ഏഴ് പേർ മുഖ്യമന്ത്രിയുടെ വീടിന് മുന്നിലെത്തിയപ്പോഴാണ് പൊലീസ് തടഞ്ഞത്. ഇവരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.
ദേവസ്വം ബോർഡ് ജംഗ്ഷനിലാണ് സാധാരണ മാർച്ചുകൾ തടയുന്നത്. എന്നാൽ, മുഖ്യമന്ത്രിയുടെ വീടിനടുത്ത് പ്രതിഷേധക്കാർ എത്തിയത് വൻ സുരക്ഷാ വീഴ്ചയാണ്. സിറ്റി പൊലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാധ്യയയും ഡിസിപി ദിവ്യാ ഗോപിനാഥും ഉടൻ സ്ഥലത്തെത്തി. ക്ലീഫ് ഹൗസിലുണ്ടായിരുന്ന മുഖ്യമന്ത്രി കമ്മീഷണറെ വിളിച്ച് വരുത്തി വിശദീകരണം തേടി. പ്രത്യേക സുരക്ഷാ മേഖലയിലാണ് വീഴ്ച ഉണ്ടായത്. പുതിയ സാഹചര്യത്തിൽ സുരക്ഷ വർദ്ധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam