
തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ജോലി സമയത്ത് സെമിനാർ നടത്തി സിപിഎം അനുകൂല സംഘടന. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസംഗം കേൾക്കാനാണ് ജീവനക്കാരെ ഇറക്കിയത്. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ ആണ് ജോലി സമയത്ത് പരിപാടി നടത്തിയത്. ഉച്ചയ്ക്ക് 1.15 മുതൽ 2.15 വരെയാണ് ഉച്ചഭക്ഷണ ഇടവേള. എന്നാൽ ഒന്നേകാലിന് തുടങ്ങിയ പരിപാടി സമാപിച്ചത് 2.54നാണ്. ഈ സമയത്തൊക്കെയും ജീവനക്കാർ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു. സെക്രട്ടേറിയറ്റിനോട് ചേർന്നുള്ള സെൻട്രൽ സ്റ്റേഡിയത്തിലായിരുന്നു അസോസിയേഷന്റെ സുവർണ ജൂബിലി കോൺഫറൻസ് നടന്നത്. ആർഎസ്എസിന്റെ വർഗീയതയും ഇന്ത്യൻ രാഷ്ട്രീയവും എന്ന വിഷയത്തിലായിരുന്നു യെച്ചൂരിയുടെ പ്രഭാഷണം.
അതേസമയം, ഉച്ചഭക്ഷണ ഇടവേളയിൽ സംഘടിപ്പിച്ച പരിപാടിയിൽ എത്താൻ വൈകിയ സീതാറാം യെച്ചൂരിയുടെ പ്രസംഗം നീണ്ടുപോയതാണ് കാരണമെന്നാണ് എംപ്ലോയീസ് അസോസിയേഷന്‍റെ വിശദീകരണം. ഒന്നേകാൽ മുതൽ രണ്ടേകാൽ വരെയാണ് സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ഉച്ചഭക്ഷണ ഇടവേള . പരിപാടി തുടങ്ങാൻ നിശ്ചയിച്ചത് ഉച്ചയ്ക്ക് ഒന്നേകാലിന്. എന്നാൽ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്താൻ അരമണിക്കൂര്‍ വൈകിയെത്തിയ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസംഗം ഒരു മണിക്കൂര്‍ നീണ്ടു. യച്ചൂരി പ്രസംഗം അവസാനിപ്പിച്ചത് 2.54. പരിപാടിയും ലഘുഭക്ഷണവും കഴിഞ്ഞ് ജീവനക്കാര്‍ സീറ്റിൽ മടങ്ങിയെത്തിയപ്പോഴേക്കും പിന്നെയും വൈകി.
ഓരോ ഫയലും ഓരോ ജീവിതമാണെന്നും ജോലിസമയം ഒരു നിമിഷം പോലും പാഴാക്കാനില്ലെന്നും മുഖ്യമന്ത്രി ആവർത്തിച്ച് ഓര്‍മ്മിപ്പിക്കുന്നതിനിടെയാണ് ഭരണപക്ഷ അനുകൂല സംഘടന ജീവനക്കാരെ സെമിനാറിന് അണിനിരത്തിയത്. പരിപാടിയിൽ സെക്രട്ടേറിയറ്റിലെ ആയിരത്തോളം ജീവനക്കാരാണ് പങ്കെടുത്തത്. ജോലി സമയത്ത് സീറ്റിൽ ആളുണ്ടാകുമെന്ന് ഉറപ്പിക്കാൻ ആക്സസ് കൺട്രോൾ സംവിധാനം കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നീക്കത്തെ വരെ എതിര്‍ത്ത സര്‍വീസ് സംഘടനകളിൽ നിന്ന് മറ്റെന്ത് പ്രതീക്ഷിക്കാനാണെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.
കേരളത്തിന്റെ മത സൗഹാർദ്ദം തകർക്കുകയാണ് ദി കേരള സ്റ്റോറി എന്ന സിനിമയുടെ ലക്ഷ്യമെന്ന് ഇന്നലെ സീതാറാം യെച്ചൂരി പറഞ്ഞിരുന്നു. സിപിഎം സിനിമ നിരോധനത്തിന് എതിരാണ്. എന്നാൽ കേരള സ്റ്റോറിയുടെ കാര്യം കോടതി തീരുമാനിക്കട്ടെയെന്നും കേരള സ്റ്റോറി സിനിമ വിവാദത്തിൽ യെച്ചൂരി പറഞ്ഞു.
ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തിയ നാടാണ് യഥാർത്ഥ കേരള സ്റ്റോറി. കേരളത്തിന്റെ യഥാർഥ സ്റ്റോറിയുമായി ബന്ധമില്ലാത്തതാണ് സിനിമ. കേന്ദ്ര ആഭ്യന്തര മന്ത്രാലയം തന്നെ ലൗ ജിഹാദ് എന്ന വാക്കില്ല എന്ന് പറഞ്ഞിട്ടുണ്ട്. ഇത്തരം സിനിമകൾ യഥാർഥവുമായി ഒരു ബന്ധവുമില്ലാത്തതാണ്. കേരളത്തിലെ ജനങ്ങൾ ഇത്തരം വിഭജന രാഷ്ട്രീയത്തെ എതിർത്തവരാണെന്നും യെച്ചൂരി പറഞ്ഞു.