കടുത്ത ആരോപണങ്ങളുമായി സെൻകുമാറിന്‍റെ സർവീസ് സ്റ്റോറി, 'എന്‍റെ പൊലീസ് ജീവിതം'

By Web TeamFirst Published Apr 19, 2019, 1:58 PM IST
Highlights

പെരുമ്പാവൂരിലെ പെൺകുട്ടിയുടെ കൊലയെകുറിച്ചാണ് സെൻകുമാർ ഏറ്റവും ഗുരുതര ആരോപണം ഉയർത്തുന്നത്. നളിനി നെറ്റോ വ്യാജരേഖ ഉണ്ടാക്കി, ബെഹ്റ തനിക്കെതിരെ ഗൂഡാലോചന നടത്തി ഋഷിരാജ് സിംഗ് പബ്ളിസിറ്റിയുടെ ആളാണ്, ജേക്കബ് തോമസിന്‍റെ എല്ലാ പ്രവർത്തനങ്ങളും ദുരൂഹമാണ് എന്നിങ്ങനെ പോകുന്നു ആരോപണങ്ങൾ

തിരുവനന്തപുരം: ഡിജിപിമാർക്കും ഐഎഎസ് ഉദ്യോഗസ്ഥർക്കും എതിരെ ഗുരുതര ആരോപണങ്ങളുമായി 'എന്‍റെ പൊലീസ് ജീവിതം' എന്ന പേരിൽ മുൻ പൊലീസ് മേധാവി ടി പി സെൻകുമാറിന്‍റെ സർവീസ് സ്റ്റോറി വരുന്നു. പെരുമ്പാവൂരിലെ പെണ്‍കുട്ടിയുടെ കൊലപാതകം സിപിഎം സ്പോണ്‍സേർഡാണെന്ന് അന്വേഷണ ഉദ്യോഗസ്ഥ തന്നോട് വെളിപ്പെടുത്തിയെന്നും സെൻകുമാർ പുസ്തകത്തിൽ ആരോപിക്കുന്നു. തന്നെ പൊലീസ് മേധാവി സ്ഥാനത്തുനിന്നും പുറത്താക്കാൻ മുൻ ചീഫ് സെക്രട്ടറി നളിനി നെറ്റോ വ്യാജരേഖ ഉണ്ടാക്കിയെന്നാണ് മറ്റൊരു ആരോപണം. താൻ വീണ്ടും സംസ്ഥാന പൊലീസ് മേധാവി ആകാതിരിക്കാൻ ലോക്നാഥ് ബെഹ്റ ദില്ലിയിൽ സ്വാധീനം ചെലുത്തിയെന്നാണ് സർവ്വീസ് സ്റ്റോറിയിൽ സെൻകുമാർ ഉയർത്തിന്ന മറ്റൊരു പ്രധാന ആരോപണം.

സെൻകുമാറിന് പൊലീസ് മേധാവി സ്ഥാനം തന്നെ നഷ്ടപ്പെടാൻ ഇടയാക്കിയ പെരുമ്പാവൂരിലെ പെൺകുട്ടിയുടെ കൊലയെകുറിച്ചാണ് സെൻകുമാർ ഏറ്റവും ഗുരുതര ആരോപണം ഉയർത്തുന്നത്. സിപിഎം സ്പോൺസേർഡ് കൊലപാതകമാണ് ഇതെന്ന് ഒരു ഐപിഎസ് ഉദ്യോഗസ്ഥ തന്നോട് മൂന്ന് തവണപറഞ്ഞുവെന്നാണ് സെൻ കുമാറിന്‍റെ വെളിപ്പെടുത്തൽ. എന്നാൽ ഈ കേസ് ഈ ഉദ്യോഗസ്ഥ തന്നെ പിന്നീട് ഏറ്റെടുത്തപ്പോൾ പരാമർശത്തെകുറിച്ച് ഒന്നും പറഞ്ഞില്ലെന്നും സെൻ കുമാർ പുസ്തകത്തിൽ പറയുന്നു.

Latest Videos

എംജി കോളേജിലെ വിദ്യാർത്ഥി സംഘർഷത്തിനിടെ താൻ പൊലീസുകാരന്‍റെ തൊപ്പി തട്ടിപ്പറിച്ച സംഭവത്തിൽ തനിക്കെതിരെ സർക്കാറിന് പരാതി കൊടുക്കാൻ മുൻ ഡിജിപി രമൺ ശ്രീവാസ്തവ ഇടപെട്ടു എന്നാണ് സെൻ കുമാറിന്‍റെ മറ്റൊരു ആരോപണം. ഐഎസ്ആർഒ കേസ് അന്വേഷിച്ചതിലുള്ള വൈരാഗ്യം കാരണമാണ് രമൺ ശ്രീവാസ്തവ തനിക്കെതിരെ പ്രവർത്തിച്ചത്. ചാരക്കേസിൽ നമ്പി നാരായണൻ കുറ്റക്കാരനാണെന്ന് പുസ്തകത്തിൽ സെൻകുമാർ ആവർത്തിക്കുന്നു. നമ്പി നാരായണന് എല്ലാ കാലത്തും സത്യം മൂടിവെക്കാനാകില്ലെന്നും സെൻകുമാർ പറയുന്നു. 

ഡിജിപി ജേക്കബ് തോമസിന്‍റെ എല്ലാ പ്രവർത്തനങ്ങളും ദുരൂഹമാണെന്നും ഋഷിരാജ് സിംഗ് പബ്ളിസിറ്റിയുടെ ആളാണെന്നും സെൻകുമാർ പുസ്തകത്തിൽ ആക്ഷേപിക്കുന്നു. വിജിലൻസ് ഡയറക്ടറായിരുന്ന വിൻസൻ എം പോളിനെ ബാർ കോഴകേസിൽ കരിവാരിത്തേക്കാൻ ജേക്കബ് തോമസ് ശ്രമിച്ചുവെന്നും ആരോപണമുണ്ട്. പൊലീസ് മേധാവി സ്ഥാനത്തേക്ക് താൻ തിരിച്ചെത്താതിരിക്കാൻ ലോക്നാഥ് ബെഹ്റ ദില്ലിയിൽ എല്ലാ സ്വാധീനവും ഉപയോഗിച്ചെന്നും പുസ്തകത്തിൽ ആരോപിക്കുന്നു

click me!