
കൊച്ചി: ശബരിമല സ്വർണ്ണപ്പാളി വിവാദത്തില്‍ പ്രതികരിച്ച് എൽഡിഎഫ് മുൻ കൺവീനർ ഇ പി ജയരാജൻ. ഒരാളുടെയും വിശ്വാസത്തെയോ ആചാരത്തെയോ തകർക്കാൻ സർക്കാർ കൂട്ടുനില്‍ക്കില്ലെന്നും ഒരു കുറ്റവാളിയെയും രക്ഷപെടാൻ സർക്കാർ അനുവദിക്കില്ലെന്നും ഇ പി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. സത്യം കണ്ടെത്തി കുറ്റവാളികളെ ശിക്ഷിക്കണം. ഇതാണ് സർക്കാരിൻ്റെയും ദേവസ്വം ബോർഡിൻ്റെയും നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അയ്യപ്പ സംഗമം സർക്കാരിന് സൽപ്പേരുണ്ടാക്കിയെന്നും വിവാദങ്ങൾ അയ്യപ്പ സംഗമത്തിന് ശേഷം ഉയർന്ന് വന്നതാണ്. അന്വേഷണത്തിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നും ഇ പി ജയരാജൻ പറഞ്ഞു.
അതേസമയം, ശബരിമല സ്വർണ്ണപ്പാളി വിവാദം നിയമസഭയിലും സർക്കാറിനെതിരെ ശക്തമായ ആയുധമാക്കുകയാണ് പ്രതിപക്ഷം. ഇന്ന് സഭ തുടങ്ങിയതോടെ പ്രതിപക്ഷം ബാനറുമായാണ് എത്തിയത്. ശബരിമലയിലെ സ്വർണ്ണം മോഷണം പോയെന്നും ദേവസ്വംമന്ത്രി രാജി വെക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. ശബരിമല പ്രശ്നം സഭയിൽ കൊണ്ടുവരാൻ സർക്കാർ സമ്മതിക്കുന്നില്ലെന്ന് പറഞ്ഞ പ്രതിപക്ഷം ചോദ്യോത്തര വേള തുടങ്ങിയതോടെ പ്രതിഷേധം ശക്തമാക്കി. എന്നാൽ ചോദ്യോത്തര വേളയിലേക്ക് സ്പീക്കർ കടന്നതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ബഹളത്തിനിടെ സ്പീക്കറുടെ ഇരിപ്പിടം മറച്ചു ബാനർ കെട്ടിയ പ്രതിപക്ഷം സഭയിൽ ശരണം വിളിച്ചു കൊണ്ടാണ് പിന്നീട് പ്രതിഷേധിച്ചത്. അയ്യപ്പൻ്റെ സ്വർണം കട്ടവർ അമ്പലം വിഴുങ്ങികൾ എന്നാണ് ബാനറിലുള്ളത്. ഇതോടെ ഭരണപക്ഷവും എഴുന്നേറ്റു ബഹളം വെച്ചു. പ്രതിഷേധം കനത്തതോടെ ചോദ്യോത്തര വേള റദ്ദാക്കി, സഭ താൽകാലികമായി നിർത്തിവെക്കുകയായിരുന്നു.
ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ പാളികളിൽ പൊതിഞ്ഞ സ്വർണ്ണത്തിൽ വൻ കുറവ് വന്നതായി ദേവസ്വം വിജിലൻസിൻ്റെ കണ്ടെത്തൽ. 2019ൽ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കൈമാറുമ്പോൾ പാളികളിൽ ഒന്നര കിലോ സ്വർണ്ണമുണ്ടായിരുന്നു. തിരിച്ചെത്തിച്ചപ്പോൾ 394 ഗ്രാം സ്വർണ്ണം മാത്രമാണെന്നാണ് നിർണ്ണായക കണ്ടെത്തൽ. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിനെ സംശയനിഴലിൽ നിർത്തുന്നതാണ് റിപ്പോർട്ട്. എല്ലാ വിവരങ്ങളും അന്വേഷിക്കട്ടെയെന്നായിരുന്നു പത്മകുമാറിന്റെ പ്രതികരണം.