
കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ ഹൈക്കോടതിയിലെ സീനിയർ സർക്കാർ അഭിഭാഷകൻ പിജി മനുവിനെ പുറത്താക്കി. ചോറ്റാനിക്കര പോലീസ് കേസ് എടുത്തതിന് പിറകെ അഡ്വക്കറ്റ് ജനറൽ രാജി ആവശ്യപ്പെടുകയായിരുന്നു. കേസിൽ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പോലീസ് നടപടി തുടങ്ങി
ഒദ്യോഗിക പദവി ദുരുപയോഗം ചെയ്ത് യുവതിയെ ബലാത്സഗം ചെയ്തെന്ന ആരോപണം ഗൗരവമുള്ളതാണെന്ന് കണ്ടെത്തിയാണ് പിജി മനുവിനോട് അഡ്വക്കറ്റ് ജനറൽ രാജി ആവശ്യപ്പെട്ടത്. സർക്കാറിനായി നിരവധി ക്രിമിനൽ കേസുകളിൽ ഹജാരായ വ്യക്തിയിൽ നിന്ന് ഒരു തരത്തിലും സംഭവിക്കാൻ പാടില്ലാത്ത പ്രവൃത്തിയാണ് ഉണ്ടായതെന്നും എജി ഓഫീസ് വിലയിരുത്തി.
കേസിൽ പിജി മനുവിനെതിരായ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ ചോറ്റാനിക്കര പോലീസ് നടപടി ആരംഭിച്ചു. ഇതിന്‍റെ ഭാഗമായാണ് യുവതിയുടെ 164 മൊഴി എടുക്കാൻ തീരുമാനിച്ചത്. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിലാണ് നടപടി. മൊഴി വിശദമായി പരിശോധിച്ചശേഷമാകും അഭിഭാഷകന്‍റെ അറസ്റ്റിൽ തീരുമാനമെടുക്കുക. അതേ സമയം അറസ്റ്റ് വൈകുന്നത് കേസ് അട്ടിമറിക്കാൻ സഹായകരമാകുമെന്ന് യുവതിയുടെ അഭിഭാഷക പ്രതികരിച്ചു
2018 ൽ ഉണ്ടായ ലൈംഗിക അതിക്രമ കേസിലെ അതിജീവിതയാണ് പരാതിക്കാരി. ഈ കേസിൽ 5 വർഷമായിട്ടും നടപടിയാകാതെ വന്നതോടെയാണ് നിയമ സഹായത്തിനായി പോലീസ് നിർദ്ദേശപ്രകാരം സർക്കാർ അഭിഭാഷകനായ പിജി മനുവിനെ സമീപിച്ചതെന്നാണ് യുവതി നൽകിയ മൊഴി. ഇക്കഴിഞ്ഞ ഒക്ടോബർ 9ന് അഭിഭാഷകന്‍റെ ആവശ്യപ്രകാരം കടവന്ത്രയിലെ ഓഫീസിലെത്തിയപ്പോൾ തന്‍റെ കടന്ന് പിടിച്ച് മാനഭംഗപ്പെടുത്തിയെന്നും പിന്നീട് തന്‍റെ വീട്ടിലെത്തി ബലാത്സംഗം ചെയ്തെന്നും രഹസ്യ ഭാഗങ്ങളുടെ ഫോട്ടോ എടുത്തെന്നും മൊഴിയിലുണ്ട്. അഭിഭാഷകൻ അയച്ച വാട്സ് ആപ് ചാറ്റുകൾ, ഓഡിയോ സംഭാഷണം എന്നിവ തെളിവായി പോലീസിന് കൈമാറിയിട്ടുണ്ട്.
ഗവണ്‍മെന്റ് പ്ലീഡറെ പുറത്താക്കി