പ്ലസ് വൺ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്ത് സീനിയര്‍ വിദ്യാര്‍ത്ഥികൾ, അസഭ്യം പറഞ്ഞു, പരാതി

By Web TeamFirst Published Sep 29, 2022, 11:30 AM IST
Highlights

വിദ്യാർത്ഥിയെ തടഞ്ഞുവച്ച സീനിയര്‍ വിദ്യാര്‍ത്ഥികൾ കുട്ടിയോട് സാങ്കൽപ്പികമായി മോട്ടോർ സൈക്കിൾ ഓടിക്കാൻ ആവശ്യപ്പെടുകയായിരുന്നു

കുമ്പള (കാസർകോട്) : കാസർകോട് കുമ്പളയിൽ പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്തതായി പരാതി. അംഗടിമുഗർ ഗവ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിയാണ് റാഗിങ്ങിന് ഇരയായത്. യൂണിഫോം ധരിച്ചില്ല എന്നതിന്റെ പേരിലാണ് പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ തടഞ്ഞ് വച്ച് റാഗ് ചെയ്തത് എന്നാണ് പരാതി. സ്കൂളിന് സമീപത്തെ ബസ് വെയ്റ്റിംഗ് ഷെഡിൽ വച്ചാണ് സംഭവം നടന്നത്. 

വിദ്യാർത്ഥിയെ തടഞ്ഞുവച്ച സീനിയര്‍ വിദ്യാര്‍ത്ഥികൾ കുട്ടിയോട് സാങ്കൽപ്പികമായി മോട്ടോർ സൈക്കിൾ ഓടിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിന് കുട്ടി വിസമ്മതിച്ചതോടെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. അതേസമയം സ്കൂളിൽ വൈകി ചേർന്നതിനാൽ യൂണിഫോം ലഭിച്ചിരുന്നില്ലെന്നും ഇതാണ് സാധാരണ വസ്ത്രം ധരിക്കാനുള്ള കാരണമെന്നുമാണ് യൂണിഫോം ധരിക്കാത്തതിന് വിദ്യാർത്ഥി നൽകുന്ന വിശദീകരണം. ചൊവ്വാഴ്ച വൈകുന്നേരമാണ് റാഗിങ് നടന്നതെങ്കിലും സാമൂഹിക മാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിച്ചതോടെയാണ് പുറം ലോകം അറിഞ്ഞത്. രക്ഷിതാവിന്റെ പരാതിയിൽ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

click me!