
കൊച്ചി : ഇഡി കേസിൽ ജയിലിൽ കഴിയുന്ന തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ സഹോദരൻ കൊച്ചിയിൽ കസ്റ്റഡിയിൽ. അശോക് കുമാറിനെ ഇന്നാണ് കൊച്ചിയിൽ നിന്നും ഇഡി കസ്റ്റഡിയിൽ എടുത്തത്. ഇയാളെ ചെന്നൈയിലേക്ക് കൊണ്ടുപോകും. സാമ്പത്തിക തട്ടിപ്പ്, അനധികൃത സ്വത്ത് സമ്പാദന കേസിൽ നാല് തവണ നേരത്തെ ഇഡി നോട്ടിസ് അയച്ചെങ്കിലും അശോക് കുമാർ ഹാജരായിരുന്നില്ല. കഴിഞ്ഞ ദിവസം അശോക് കുമാറിന്റെ ഭാര്യ നിര്‍മ്മലയുടെ പേരിലുണ്ടായിരുന്ന വീടും ഭൂമിയും കണ്ടുകെട്ടിയിരുന്നു. പിന്നാലെയാണ് കേരളത്തിൽ നിന്നും അശോകിനെ കസ്റ്റഡിയിലെടുത്തത്.
സെന്തിൽ ബാലാജിയെ പൂട്ടാനുറച്ച ഇഡി സഹോദരനെയും പൊക്കി. നാല് തവണ സമൻസ് അയച്ചിട്ടും ഹാജരാകാൻ വിസമ്മതിച്ച അശോക് കുമാർ, ഇ.ഡി നിരീക്ഷണത്തിലായിരുന്നു. കൊച്ചിയിൽ നിന്ന് അശോക്കിനെ കസ്റ്റഡിയിൽ എടുത്തതായി രാവിലെ മുതൽ അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും ഉച്ചക്ക് ശേഷമാണ് ഇ. ഡി വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്തകൾ പുറത്തുവന്നത്. അശോക് കൊച്ചിയിൽ ഒളിവിൽ കഴിയുകയായിരുന്നോ എന്നതിലും വ്യക്തമല്ല. ഇന്നത്തെ കൊച്ചി-ചെന്നൈ വിമാനങ്ങളിൽ അശോക് കുമാർ എന്ന പേരിൽ ആരും ടിക്കറ്റ് എടുക്കാതിരുന്നതും ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. നാളെ ചെന്നൈ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി എസ് അല്ലിക്ക് മുന്നിൽ അശോക്കിനെ ഹാജരാക്കുമെന്നാണ് വിവരം.
നേരത്തെ സെന്തിൽ ബാലാജിയുടെ അറസ്റ്റും, ഭാര്യ ഹെബിയസ് കോർപ്പസ് ഹർജി നൽകിയ ശേഷം മാത്രമായിരുന്നു ഇ. ഡി സ്ഥിരീകരിച്ചിരുന്നത്. ബാലാജിയെ 5 ദിവസം കസ്റ്റഡിയിൽ എടുത്ത് ഇഡി ചോദ്യം ചെയ്യൽ പൂർത്തിയായത്തിന് പിറ്റേന്നാണ് സഹോദരനെതിരായ നടപടി. മന്ത്രി അറസ്റ്റിലായ‘ജോലിക്ക് കോഴ ’കേസിലെ വിജിലൻസ് പ്രതിപ്പട്ടികയിൽ അശോകും ഉണ്ടായിരുന്നു. ബാലാജിക്കെതിരെ 3000 പേജ് ഉള്ള കുറ്റപത്രം സമർപ്പിച്ച ഇ.ഡി, അശോകിനെതിരായ തെളിവുകൾ ഉൾപ്പെടുത്തി അനുബന്ധ കുറ്റപാത്രം സമർപ്പിക്കാനാണ് സാധ്യത. അശോകിന്റെ ഭാര്യ നിർമലയുടെ പേരിൽ കരൂരിൽ രണ്ടര ഏക്കറിൽ പണിത് വന്നിരുന്ന ബംഗ്ലാവ് കഴിഞ്ഞ ദിവസം ഇഡി കണ്ടുകെട്ടിയിരുന്നു. സെന്തിൽ ബാലാജി ബുധനാഴ്ച ജാമ്യാപേക്ഷ സമർപ്പിക്കാനിരിക്കെയാണ് ഇഡിയുടെ പതിയ നീക്കങ്ങൾ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam