
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വനിതാ ഡോക്ടറെ ചവിട്ടി വീഴ്ത്തിയ കേസിലെ പ്രതി കൊല്ലം സ്വദേശി സെന്തിൽകുമാർ പൊലീസിന് മുന്നിൽ ഹാജരായി. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ എസ് എച്ച് ഓ മുന്നാകെ ഇന്ന് വൈകുന്നേരം 5മണിക്കകം ഹാജരാകാനൻ കോടതി നിർദേശിച്ചിരുന്നു. സെന്തിൽകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിടണമെന്നും തിരുവനന്തപുരം ജില്ലാ കോടതി നിർദേശം ഉണ്ട്. അതുകൊണ്ട് തന്നെ അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയ്ത ശേഷം ഇയാളെ വിട്ടയക്കും.
ഇതിനിടെ വയറിൽ ചവിട്ടേറ്റ വനിത പിജി ഡോക്ടർ അവധിയിൽ പ്രവേശിക്കുകയാണ് . കടുത്ത മാനസിക സമ്മർദത്തിലാണെന്നും തൽകാലം മാറി നിൽക്കുകയാണെന്നും ഡോക്ടർ ഒപ്പമുള്ളവരേയും ഡോക്ടർമാരുടെ സംഘടനയേയും അറിയിച്ചിരുന്നു. അവധിയിൽ പ്രവേശിക്കുന്ന ഡോക്ടർ ഇന്ന് യുഎഇയിലേക്ക് പോകും.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിലെ ന്യൂറോ സർജറി വിഭാഗത്തിലെ വനിത പിജി ഡോക്ടറെ സെന്തിൽകുമാർ ചവിട്ടി വീഴ്ത്തിയത്. ഭാര്യയുടെ മരണ വിവരം അറിയിക്കുമ്പോഴായിരുന്നു മർദനം. സിസിടിവി ദൃശ്യങ്ങൾ അടക്കം പരാതി നൽകിയിട്ടും പൊലീസ് നടപടി എടുത്തില്ലെന്നാരോപിച്ച് ഡോക്ടർമാർ പ്രതിഷേധത്തിലായിരുന്നു. ഡോക്ടർമാരുടെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ മാർച്ച് അടക്കം സമര പരിപാടികളും നടത്തിയിരുന്നു. ഇതിനിടെയാണ് പ്രതി കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയത്.
പ്രതിയുടെ ദൃശ്യങ്ങളും അഡ്രസ് അടക്കം വിശദാംശങ്ങളും പൊലീസിന് നൽകിയെങ്കിലും അറസ്റ്റ് ചെയ്യാനുള്ള ഒരു നീക്കവും നടത്തിയിരുന്നില്ല. പൊലീസിന്‍റെ മെല്ലെപ്പോക്ക് ജാമ്യാമില്ലാ കേസിൽ പോലും പ്രതിക്ക് മുൻകൂർ ജാമ്യം ലഭിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കുകയായിരുന്നുവെന്ന പരാതി ഡോക്ടർമാർ ഉന്നയിക്കുന്നുണ്ട്. മാത്രവുമല്ല വളരെ നിസാര വകുപ്പുകളാണ് സെന്തിൽകുമാറിനെതിരെ ചുമത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ കേസ് ദുർബലമാകാനാണ് സാധ്യതയെന്ന പരാതിയും ഉയർന്നിട്ടുണ്ട്.