
കണ്ണൂര്‍: ചെറുപുഴയിൽ കോൺട്രാക്റ്റർ ആത്മഹത്യ ചെയ്ത സംഭവത്തിൽ കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട കെ കരുണാകരൻ ട്രസ്റ്റിനെതിരെ ഗുരുതര ആരോപണവുമായി ട്രസ്റ്റ് മുൻ വൈസ് ചെയർമാൻ ജെയിംസ് പന്തമാക്കന്‍ രംഗത്ത് . സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിക്കായി കെ കരുണാകരൻ ട്രസ്റ്റ് തുടങ്ങിയ സംരംഭം ഷോപ്പിങ് കോംപ്ലക്സ് ആക്കിയതിൽ കോടികളുടെ വെട്ടിപ്പ് നടന്നുവെന്നാണ് ആരോപണം. പൊലീസിന് അന്ന് നൽകിയ പരാതി അന്വേഷിച്ചിരുന്നുവെങ്കിൽ ജോയിക്ക് ആത്മഹത്യ ചെയ്യേണ്ടി വരില്ലായിരുന്നുവെന്നും ട്രസ്റ്റ് മുൻ വൈസ് ചെയർമാൻ ജെയിംസ് പന്തമാക്കന്‍ ആരോപിക്കുന്നു.
ചെറുപുഴയിലെ പ്രമുഖ കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിലാണ് 2011 ൽ കെ കരുണാകരൻ ട്രസ്റ്റ് രൂപീകരിക്കുന്നത്. സ്ഥലം വാങ്ങി പണി തുടങ്ങുന്നതിന് മുന്പ് ധനസമാഹരണത്തിനാണ് ട്രസ്റ്റിന് പുറമെ ചെറുപുഴ ഡെവലപ്പേഴ്സ് രൂപീകരിക്കുന്നത്. പണി പൂര്‍ത്തിയായ ഉടനെ 90 സെന്റും മുകൾ നിലയിലെ ഫ്ലാറ്റുകളും ട്രസ്റ്റ് ഭാരവാഹികളായ കോൺഗ്രസ് നേതാക്കൾ കൂടി ഉൾപ്പെട്ട സിയാഡ് എന്ന കന്പനിക്ക് വിറ്റു. കെ കരുണാകരൻ ട്രസ്റ്റിലും ചെറുപുഴ ഡെവലപ്പേഴ്സിലും ഉള്ള കോൺഗ്രസ് നേതാക്കൾക്ക് ഫ്ലാറ്റ് വാങ്ങിയ സിയാഡ് എന്ന കന്പനിയിലും വലിയ ഓഹരികളുണ്ട്. ബാക്കി കടമുറികൾ കൂടി വിറ്റവകയിലുള്ള കോടികൾ കെ കരുണാകരൻ ട്രസ്റ്റിലേക്ക് എത്തിയില്ല എന്ന് മാത്രമല്ല, ട്രസ്റ്റിന്റെ ഭാഗമാകേണ്ട ആസ്തികളും കോൺഗ്രസ് നേതാക്കൾ വീതം വെച്ചുവെന്നാണ് ആരോപണം.
2015 ൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയാണ് ആശുപത്രിക്ക് തറക്കല്ലിടുന്നത്. ബാധ്യതകൾ തീർന്നിട്ടില്ലെന്നാണ് ചെറുപുഴ ഡെവലപ്പേഴ്‍സ് വിശദീകരിക്കുന്നത്. നിലവിലുള്ള ക്ലിനിക്കാകട്ടെ, കെ കരുണാകരൻ മെമ്മോറിയൽ ആശുപത്രിയെന്ന ബോർഡ് മാത്രം വെച്ച് കാഞ്ഞങ്ങാട്ടെ സ്വകാര്യ ഏജൻസിക്ക് വാടകക്ക് കൊടുത്തു. ജോയിയുടെ ആത്മഹത്യക്ക് തൊട്ടു പിന്നാലെ ബോർഡുകൾ നീക്കി. കെ കരുണാകരൻ മെമ്മോറിയൽ ആശുപത്രി തന്നെ അപ്രത്യക്ഷമായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam