Latest Videos

'കരുവന്നൂർ മോഡൽ' കണ്ടല ബാങ്ക്; സിപിഐ നേതാവ് പ്രസിഡണ്ട്, നടന്നത് 101 കോടിയുടെ തട്ടിപ്പ്; കണ്ണടച്ച് സഹകരണവകുപ്പ്

By Web TeamFirst Published Jun 13, 2022, 8:27 AM IST
Highlights

അസിസ്റ്റന്റ് രജിസ്ട്രാർ അഞ്ച് മാസം മുമ്പ് നൽകിയ അന്വേഷണറിപ്പോർട്ട് പൂഴ്ത്തി. സിപിഐ നേതാവ് പ്രസിഡണ്ടായ ബാങ്കിൽ നടന്നത് വഴിവിട്ട നിയമനങ്ങളും അനധികൃത വായ്പകളും അടക്കം വൻ ധൂർത്തും വെട്ടിപ്പുമാണ്.
 

തിരുവനന്തപുരം:  കണ്ടല സഹകരണബാങ്കിലെ ഗുരുതര ക്രമക്കേടുകളോട് കണ്ണടച്ച് സഹകരണവകുപ്പ്. അസിസ്റ്റന്റ് രജിസ്ട്രാർ അഞ്ച് മാസം മുമ്പ് നൽകിയ അന്വേഷണറിപ്പോർട്ട് പൂഴ്ത്തി. സിപിഐ നേതാവ് പ്രസിഡണ്ടായ ബാങ്കിൽ നടന്നത് വഴിവിട്ട നിയമനങ്ങളും അനധികൃത വായ്പകളും അടക്കം വൻ ധൂർത്തും വെട്ടിപ്പുമാണ്.

കേരളത്തെ പിടിച്ചുകുലുക്കിയ കരുവന്നൂർ ബാങ്ക് തട്ടിപ്പ് പോലെ ആഴമുള്ളതാണ് കണ്ടല ബാങ്കിലെ കോടികളുടെ ക്രമക്കേട്. സഹകരണവകുപ്പ് വകുപ്പ് അസിസ്റ്റൻറ് രജിസ്ട്രാര്‍ എസ് ജയചന്ദ്രന്‍ അന്വേഷിച്ച് സഹകരണ ജോയിന്‍റ് രജിസ്ട്രാറുടെ കയ്യില്‍ അഞ്ചുമാസത്തിലേറെയായി സുരക്ഷിതമായി ഒളിപ്പിച്ചുവെച്ച റിപ്പോർട്ടിന്‍റെ ഉള്ളടക്കമെന്താണെന്ന് നമുക്കൊന്ന് പരിശോധിക്കാം.

നിരവധി പേർക്ക് ബാങ്കില്‍ അനധികൃമായി നിയമനം നൽകി. ചട്ടംലംഘിച്ച സ്ഥാനക്കയറ്റം നല്‍കി. നിക്ഷേപത്തില്‍ നിന്ന് കോടികള്‍ വകമാറ്റി ദൈനം ദിന ചെലവും ജീവനക്കാര്‍ക്ക് ശമ്പളവും നല്‍കി. വായ്പ സംഘങ്ങളുടെ ക്ലാസ് 5 ല്‍ പ്രവര്‍ത്തിക്കാന്‍ മാത്രം യോഗ്യതയുള്ള ബാങ്കാണ് കണ്ടല സര്‍വീസ് സഹകരണ ബാങ്ക്. എന്നാല്‍ റീക്ലാസിഫിക്കേഷന്‍ ചെയ്യാതെ വര്‍ഷങ്ങള്‍ക്ക് മുമ്പ് കിട്ടിയ ക്ലാസ് 1 ല്‍ തന്നെ പ്രവര്‍ത്തിച്ച് ജീവനക്കാരുടെ ശമ്പളത്തിലടക്കം കോടികളുടെ നഷ്ടമുണ്ടാക്കി.എന്‍ ഭാസുരാംഗന്‍ തന്നെ പ്രസിഡണ്ടായ മാറനെല്ലൂര്‍ ക്ഷീര വ്യവസായ സംഘത്തിന് ക്രമരഹിതമായി വന്‍ തുക വായ്പ അനുവദിച്ചും കോടികള്‍ കുടിശ്ശികയാക്കി. വഴിവിട്ട് വ്യപകമായി വായ്പകൾ നൽകി. നിക്ഷേപത്തില്‍ നിന്ന് കോടികള്‍ ചിട്ടിയിലേക്ക് മറിച്ച് നിക്ഷേപ ചോര്‍ച്ചയുണ്ടാക്കി. അനുവാദമില്ലാതെ ആഡംബര കാര്‍ വാങ്ങി പിന്നെ വിറ്റു. പിന്നീട് 23 ലക്ഷം രൂപ വിലയുള്ള പുതിയ വാഹനം വീണ്ടും വകുപ്പിന്‍റെ അനുവാദമില്ലാതെ വാങ്ങി. ഓഡിറ്റ് പൂര്‍ത്തീകരിക്കാന്‍ സ്റ്റേറ്റ്മെന്‍റുകള്‍ കൊടുക്കാന്‍ ഭരണസമിതി തയ്യാറായില്ല.. 101 കോടി രൂപയുടെ ആസ്തിയില്‍ കുറവുണ്ടായ ബാങ്കിലേക്ക് നിക്ഷേപം പിന്‍വലിക്കാന്‍ വരുന്നവരെ കഴിഞ്ഞ കുറേ നാളുകളായി മടക്കി അയക്കുകയാണ്. ഇത് ഭരണ സമിതിയുടെ കെടുകാര്യസ്ഥതയും ബോധപൂര്‍വവുമായ വീഴ്ചയുമാണ്.  

ഒരു ലക്ഷം ഒന്നിച്ച് പിന്‍ലിക്കാന്‍ പോയാല്‍ പോലും പല ബ്രാഞ്ചുകളില്‍ നിന്നും പിന്നെ വരാന്‍ പറയാന്‍ തുടങ്ങി ഇപ്പോള്‍ തന്നെ. ഇത്ര വലിയ ക്രമക്കേട് നടന്നതിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് കയ്യില്‍ കിട്ടിയിട്ടും സിപിഐ നേതാവ് പ്രസിഡണ്ടായ ഭരണസമിതിക്കെതിരെ ഒന്നും ചെയ്യാതെ കോടികളുടെ നഷ്ടം കൂടിക്കൂടി വരുന്നതും നോക്കി സഹകരണ വകുപ്പ് കൈയും കെട്ടി ഇരിക്കുകയാണ്.
 

click me!