
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ചോർന്നെന്ന പരാതിയിൽ ജില്ലാ സെഷൻസ് ജഡ്ജി നടത്തിയ അന്വേഷണ റിപ്പോർട്ടിന്‍റെ പകർപ്പ് അതിജീവിതയ്ക്ക് കൈമാറാൻ ഹൈക്കോടതി ഉത്തരവ്. റിപ്പോർട്ടിന്‍റെ പകർപ്പ് കൈമാറുന്നതിൽ ദിലീപിന്‍റെ എതിർപ്പ് തള്ളിയാണ് നടപടി. അന്വേഷണ റിപ്പോർട്ട് രഹസ്യ രേഖയാക്കണമെന്ന ആവശ്യവും കോടതി പരിഗണിച്ചില്ല.
കോടതി കസ്റ്റഡിയിലിരിക്കെ നടിയെ ആക്രമിച്ച പകർത്തിയ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയതിൽ പ്രിൻസിപ്പൽ സെഷൻസ് ഹണി എം വർഗീസ് നടത്തിയ വസ്തുതാന്വേഷണ റിപ്പോർട്ടിന്‍റെ പകർപ്പാണ് അതിജീവിതയ്ക്ക് കൈമാറാൻ ഉത്തരവിട്ടത്. അന്വേഷണ റിപ്പോർട്ടിന്‍റെ പകർപ്പ് ആവശ്യപ്പെട്ടുള്ള അപേക്ഷ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി തള്ളിയതിന് പിറകെയാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചത് ആരെന്ന് അറിയാനുള്ള തന്‍റെ അവകാശം ലംഘിക്കുകയാണെന്നായിരുന്നു ഉപഹർജിയിലെ വാദം. എന്നാൽ റിപ്പോർട്ട് രഹസ്യ രേഖയാക്കണമെന്നും പകർപ്പ് നടിയ്ക്ക് കൈമാറരുതെന്നും ദിലീപ് കോടതിയെ അറിയിച്ചു. ഈ ആവശ്യം തള്ളിയ ജസ്റ്റിസ് കെ ബാബു പകർപ്പിനായി ദിലീപ് അപേക്ഷ നൽകിയിട്ടുണ്ടോ എന്നും ആരാഞ്ഞു.
2018 ജനുവരി ഒന്‍പത് രാത്രി 9.58, 2018 ഡിസംബര്‍ 13 ന് രാത്രി 10.58 എന്നീ സമയങ്ങളിൽ നടത്തിയ പരിശോധന അനധികൃതമാണെന്നായിരുന്നു അതിജീവിതയുടെ ഹർജിയിൽ പറയുന്നത്. 2021 ജൂലായ് 19 ന് പകല്‍ 12.19 മുതല്‍ 12.54 വരെ നടത്തിയ പരിശോധന സംബന്ധിച്ചും സംശയമുണ്ട്. ഇത്തരം കാര്യങ്ങളാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡജ് നടത്തിയത്. ഈ അന്വേഷണത്തിൽ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചെന്ന് കണ്ടെത്തിയാൽ ക്രമിനൽ നടപടി ചട്ടപ്രകാരം കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.റിപ്പോർട്ടിൽ തുടർ നടപടിയില്ലെങ്കിൽ വീണ്ടും അതിജീവിതയക്ക് നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam