
ദില്ലി : കടമെടുപ്പ് പരിധിയിലെ കേരളത്തിന്റെ പ്രധാന ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. കൂടുതൽ കടം എടുക്കാൻ കേരളത്തിന് നിലവിൽ അനുവാദമില്ലെന്നും തൽക്കാലം കടമെടുപ്പിന് കേന്ദ്രത്തിന്റെ നിബന്ധന പാലിക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ഒരു വർഷം അധിക കടം എടുത്താൽ അടുത്ത വർഷത്തിൽ നിന്ന് കുറയ്ക്കാൻ കേന്ദ്രത്തിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.
കിഫ്ബി വഴി എടുത്ത കടം പൊതു കടത്തിൽ ഉൾപ്പെടുത്തിയ കേന്ദ്ര നടപടിയും കേരളം സുപ്രീംകോടതിയിൽ ചോദ്യം ചെയ്തിരുന്നു. കടമെടുക്കാൻ സംസ്ഥാനങ്ങളെ അനുവദിക്കുന്ന ഭരണഘടനയുടെ 293ആം അനുച്ഛേദവുമായി ബന്ധപ്പെട്ട വിഷയമാണിതെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, കെവി വിശ്വനാഥൻ എന്നിവരുൾപ്പെട്ട രണ്ടംഗ ബഞ്ച് ചൂണ്ടിക്കാട്ടി. ഹർജി ഉയർത്തുന്ന ആറ് ചോദ്യങ്ങളാണ് അഞ്ചംഗ ഭരണഘടന ബഞ്ചിന് വിട്ടത്. കടമെടുക്കാനുള്ള സംസ്ഥാന അവകാശത്തിൽ കേന്ദ്രത്തിന് എത്രത്തോളം ഇടപെടാം എന്ന് ഭരണഘടന ബഞ്ച് പരിഗണിക്കും. പൊതുകടത്തിൽ എന്തൊക്കെ ഉൾപ്പെടുത്തണം എന്നതിലും അഞ്ചംഗ ബഞ്ച് വാദം കേൾക്കും. കൂടുതൽ കടമെടുക്കാനുള്ള ഇടക്കാല ഉത്തരവും കേരളം തേടിയിരുന്നു. എന്നാൽ കോടതി ഇടപെടൽ വഴി കൂടുതൽ സഹായം കേരളത്തിന് ഇതിനകം കിട്ടിയെന്ന് രണ്ടംഗ ബഞ്ച് ചൂണ്ടിക്കാട്ടി.
13600 കോടി രൂപ കേരളത്തിന് കേന്ദ്രം നല്കാൻ തയ്യാറായി. 5000 കോടി കൂടി നല്കാം എന്ന വാഗ്ദാനവും കിട്ടി. ഈ സാഹചര്യത്തിൽ ഇടക്കാല ആശ്വാസത്തിന് ഉത്തരവിടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഒരു വർഷം നല്കുന്ന അധിക തുക അടുത്ത വർഷം വെട്ടിക്കുറയ്ക്കാൻ അവകാശമുണ്ടെന്ന കേന്ദ്ര വാദവും കോടതി അംഗീകരിച്ചു. പ്രധാന ഹർജി ഭരണഘടന ബഞ്ചിന് വിട്ടത് ആശ്വാസമായെങ്കിലും തല്ക്കാലം കൂടുതൽ കടമെടുക്കാനുള്ള കേരളത്തിൻറെ നീക്കത്തിന് ഉത്തരവ് തിരിച്ചടിയായി. ഭരണഘടന ബഞ്ചിൻറെ തീർപ്പുണ്ടാകുന്നത് വരെ കടമെടുക്കുന്നതിൽ കേന്ദ്ര നിബന്ധന സംസ്ഥാനത്തിന് അംഗീകരിക്കേണ്ടി വരും