
ദില്ലി : പക്ഷിപ്പനിയെ കുറിച്ച് പഠിക്കാൻ കേന്ദ്ര സംഘം കേരളത്തിലേക്ക്. ആലപ്പുഴയിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ആരോഗ്യ മന്ത്രാലയം ഏഴംഗ സംഘത്തെ അയക്കുമെന്ന് അറിയിച്ചത്. രോഗവ്യാപനം സംബന്ധിച്ച് പ്രദേശത്ത് വിശദമായി പരിശോധന നടത്തി, ശുപാർശകൾ അടങ്ങിയ റിപ്പോർട്ട് സംഘം സമർപ്പിക്കും. രോഗ വ്യാപന തോത് കുറയ്ക്കാനുള്ള നിർദ്ദേശങ്ങളും സംസ്ഥാനത്തിന് നൽകും.
ന്യൂഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്യൂബർകുലോസിസ് ആൻഡ് റെസ്പിറേറ്ററി ഡിസീസസ്, ന്യൂഡൽഹി നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ, ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് , ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി, എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധർ ഉൾപ്പെടുന്നതാണ് കേരളത്തിലേക്കുള്ള 7 അംഗ കേന്ദ്രസംഘം. ബംഗ്ലുരുവിലെ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ മേഖലാ ഓഫീസിലെ സീനിയർ റീജിയണൽ ഡയറക്ടർ ഡോ. രാജേഷ് കെദാമണിയുടെ സംഘത്തിന് നേതൃത്വം നൽകുന്നത്. പക്ഷിപ്പനി കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള പൊതുജനാരോഗ്യ നടപടികൾ, നിയന്ത്രണ മാർഗ്ഗനിർദ്ദേശങ്ങൾ, പ്രോട്ടോക്കോളുകൾ തുടങ്ങിയവയിൽ സംസ്ഥാന ആരോഗ്യ വകുപ്പിനെ കേന്ദ്രസംഘം സഹായിക്കും.
കോട്ടയത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു, പ്രദേശത്ത് പന്നിയിറച്ചി വിൽപ്പനക്ക് നിരോധനം
അതേ സമയം, പക്ഷിപ്പനി സ്ഥിരീകരിച്ച ഹരിപ്പാട് വഴുതാനം പാടശേഖരത്ത് താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കാൻ തുടങ്ങി. കർഷകനായ അച്ചൻകുഞ്ഞിൻ്റെ ഉടമസ്ഥതയിലുള്ള പതിനൊന്നായിരം താറാവുകളെയാണ് ബോധം കെടുത്തിയ ശേഷം തീയിട്ട് കൊല്ലുന്നത്. രോഗം സ്ഥിരീകരിച്ച ഒരു കിലോമീറ്റർ ചുറ്റളവിലെ പക്ഷികളെയും കൊന്നൊടുക്കേണ്ടി വരുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ഞാറാഴ്ച്ചയാണ് താറാവുകൾക്ക് രോഗ ലക്ഷണം തുടങ്ങിയത്. തുടർന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യാഗസ്ഥർ എത്തി സാമ്പിൾ ശേഖരിച്ച് പരിശോധനക്ക് അയച്ചു. പരിശോധനയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് കൊല്ലാൻ തീരുമാനിക്കുകയായിരുന്നു.
പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ഹരിപ്പാട് മേഖലയിൽ പക്ഷികളുടെ ഉപയോഗവും കച്ചവടവും കടത്തലും നിരോധിച്ച് ഉത്തരവിറങ്ങി. എടത്വ, തലവടി, തകഴി, തൃക്കുന്നപ്പുഴ, വീയപുരം, കുമാരപുരം, കരുവാറ്റ, ചെറുതന, ചെന്നിത്തല, ചിങ്ങോലി, ചേപ്പാട്, കാർത്തികപ്പള്ളി, പള്ളിപ്പാട്, ബുധനൂർ, ചെട്ടിക്കുളങ്ങര എന്നീ പഞ്ചായത്തുകളിലും ഹരിപ്പാട് നഗരസഭയിലുമാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.