'അവിടെ സുഖമല്ലേ, അച്ഛനെ എനിക്ക് മറക്കാൻ കഴിയുന്നില്ല. എന്നാണ് തിരികെ വരിക?' സ്വർഗത്തിലേക്ക് ശ്രീയുടെ കത്ത്

Published : Jul 05, 2025, 06:03 PM IST
sreenanda

Synopsis

മരിച്ചുപോയ അച്ഛന് ഏഴാം ക്ലാസുകാരിയായ ശ്രീനന്ദ എഴുതിയ കത്ത് വൈറലാകുന്നു. 

തിരുവനന്തപുരം: മരിച്ചുപോയ അച്ഛന് ഏഴാം ക്ലാസുകാരിയായ ശ്രീ ഒരു കത്തെഴുതി. 'സ്വർഗത്തിലേക്ക്' ആയിരുന്നു ആ കത്ത്. വായിച്ചവരെല്ലാം കണ്ണീരണിഞ്ഞ ആ കത്തിലൂടെ ഇന്ന് ഏഴാം ക്ലാസുകാരി ശ്രീനന്ദ ഇന്ന് ഓരോ മലയാളുടെയും മനസിൽ മകളായി വളരുകയാണ്. ഹൃദയം തൊടുന്ന ഈ കത്ത് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തൻ്റെ ഫേസ്ബുക്ക് പേജിൽ ഒരു കുറിപ്പിനൊപ്പം പങ്കുവെച്ചു. ഓർമ്മകൾക്ക് മരണമില്ലെന്നും പ്രിയപ്പെട്ടവരുടെ സ്നേഹം എന്നും നമ്മോടൊപ്പം ഉണ്ടാകുമെന്നും മന്ത്രി കുറിച്ചു.

"എൻ്റെ പ്രിയപ്പെട്ട അച്ഛന്, അച്ഛൻ സ്വർഗത്തിൽ ആണെന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ സ്വർഗത്തിലേക്കുള്ള ഒരു കത്താണിത്. അച്ഛന് ഇപ്പോൾ സുഖമാണോ? അച്ഛനെ മറക്കാൻ എനിക്ക് കഴിയുന്നില്ല. എന്നാണ് അച്ഛൻ തിരികെ വരിക? ആ ദിവസത്തിന് വേണ്ടി ഞാൻ കാത്തിരിക്കും. അവിടെ ഇപ്പോൾ അച്ഛന് കൂട്ടുകാരും പിന്നെ ബാബു അച്ഛനും എല്ലാവരും ഉണ്ടാകുമല്ലേ... പക്ഷെ ഇവിടെ ഞങ്ങൾക്കാർക്കും സുഖമില്ല.. അച്ഛൻ ഇല്ലാത്തതുകൊണ്ട്. എന്തായാലും അച്ഛന് സുഖമല്ലേ.. അത് മതി എനിക്ക്. എപ്പോഴെങ്കിലും ഒരിക്കൽ ഞാൻ എൻ്റെ അച്ഛനെ കാണും. ഞാൻ നന്നായി പഠിക്കുന്നുണ്ട് അച്ഛാ... പിന്നെ അമ്മ ഞങ്ങളെ നന്നായി നോക്കുന്നുണ്ട്. അച്ഛന് ഒരായിരം ഉമ്മ... ബാക്കി വിശേഷം ഞാൻ പിന്നെ എഴുതാം. എന്ന് അച്ഛൻ്റെ സ്വന്തം ശ്രീമോൾ" - ഇതായിരുന്നു ശ്രീനന്ദ തൻ്റെ പ്രിയപ്പെട്ട അച്ഛനെഴുതിയ കത്ത്.

ശ്രീനന്ദയുടെ കത്ത് വായിച്ചപ്പോൾ തൻ്റെ കണ്ണ് നിറഞ്ഞുവെന്ന് മന്ത്രി വി. ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു. "പ്രിയപ്പെട്ട ശ്രീനന്ദയ്ക്ക് ഒരു കുറിപ്പ്, മരിച്ചുപോയ അച്ഛന് ശ്രീമോളെഴുതിയ കത്ത് വായിച്ചപ്പോൾ എൻ്റെ കണ്ണ് നിറഞ്ഞു. ഓർമ്മകൾക്ക് മരണമില്ലെന്നും പ്രിയപ്പെട്ടവർ നമ്മെ വിട്ടുപോയാലും അവരുടെ സ്നേഹം എന്നും നമ്മളോടൊപ്പം ഉണ്ടാകുമെന്നും കത്ത് നമ്മെ ഓർമ്മിപ്പിക്കുന്നു. അച്ഛൻ ശ്രീമോളുടെ ഓർമ്മകളിൽ വഴികാട്ടിയായി കൂടെയുണ്ടാകും. ശ്രീമോൾക്കും കുടുംബത്തിനും എല്ലാ പിന്തുണയും നൽകാൻ എല്ലാവരുമുണ്ടാകും. സ്നേഹത്തോടെ, വി ശിവൻകുട്ടി" - മന്ത്രിയുടെ കുറിപ്പിൽ പറയുന്നു. ഈ കത്ത് സാമൂഹിക മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടി.

വായനാ മാസാചരണത്തിന്റെ ഭാഗമായി പനങ്ങാട് നോര്‍ത്ത് എയുപി സ്കൂഘ വിദ്യാരംഗം കുട്ടികൾക്കായി നടത്തിയ കത്തെഴുതാം സമ്മാനം നേടാം എന്ന പരിപാടിയിൽ ലഭിച്ചതായിരുന്നു ഈ കത്ത്. പലരും അധ്യാപകര്‍ക്കും കൂട്ടുകാര്‍ക്കും അടക്കം കത്തെഴുതിയപ്പോൾ ശ്രീനന്ദ കഴിഞ്ഞ വര്‍ഷം ഏപ്രിലിൽ ബൈക്കപടകത്തിൽ മരിച്ച അച്ഛന് കത്തെഴുതുകയായിരുന്നു.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും