
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതോടെ അഹമ്മദ് ദേവർകോവിൽ അടക്കമുള്ള ഒരുപറ്റം നേതാക്കൾക്ക് ഇടതുമുന്നണിയിൽ നിന്ന് പുറത്തു പോകേണ്ടി വരുമെന്ന് മുസ്ലിം ലീഗ് നേതാവ് എംകെ മുനീർ. പിടിഎ റഹീമിനും മുന്നണി വിടേണ്ടി വരുമെന്നും മുനീർ പറഞ്ഞു. അതേസമയം ദേവർകോവിലിന് യുഡിഎഫുമായി നേരത്തെ തന്നെ നല്ല ബന്ധമാണുള്ളതെന്നും സമസ്ത വിഷയത്തിൽ ലീഗിനെ സംരക്ഷിക്കുന്ന നിലപാടാണ് ദേവർകോവിൽ സ്വീകരിച്ചതെന്നും ഐഎൻഎൽ വഹാബ് വിഭാഗം ആരോപിച്ചു.
ഐഎൻഎൽ സംസ്ഥാന അധ്യക്ഷനും മുൻ മന്ത്രിയുമായ അഹമ്മദ് ദേവർകോവിൽ സമസ്ത - മുസ്ലിം ലീഗ് തർക്കത്തിൽ നടത്തിയ പ്രതികരണവും പിന്നാലെ ദേവർകോവിലിനെ സ്വാഗതം ചെയ്ത് കെഎം ഷാജി അടക്കമുള്ള നേതാക്കൾ രംഗത്തെത്തുകയും ചെയ്തതിന് പിന്നാലെയാണ് ഈ വിഷയത്തിൽ ചർച്ചകൾ ചൂടുപിടിച്ചത്.
സമസ്ത ലീഗ് ബന്ധം നിലനിർത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ദേവർകോവിൽ പറഞ്ഞ വാക്കുകൾ ചില രാഷ്ട്രീയ മാറ്റത്തിന്റെ സൂചന എന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തൽ. ഇടതുമുന്നണിയിൽ ആയിരിക്കുമ്പോഴും ലീഗ് നേതാക്കളുമായി നല്ല ബന്ധം പുലർത്തുന്ന ദേവർകോവിലിന് അധികനാൾ എൽഡിഎഫിന്റെ ഭാഗമായി തുടരാൻ ആകില്ലെന്നാണ് എം കെ മുനീറിന്റെ അഭിപ്രായം. ലീഗ് നേതാക്കളുമായി ചർച്ചകൾ നടത്തിയെന്ന വാർത്തകൾ നിഷേധിച്ച് ദേവർകോവിൽ രംഗത്തെത്തിയിരുന്നു. എന്നാൽ പുറത്തുവന്ന വിവരങ്ങൾ തങ്ങൾക്ക് നേരത്തെ അറിവുള്ള കാര്യമാണെന്നായിരുന്നു ഐ എൻ എൽ വഹാബ് പക്ഷത്തിന്റെ നിലപാട്.
കാൽ നൂറ്റാണ്ട് കാലം മുന്നണിക്ക് പുറത്ത് നിന്ന ശേഷമായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ഐഎൻഎല്ലിനെ ഇടതുമുന്നണിയിലെടുത്തത്. രണ്ടര വർഷം മന്ത്രിസ്ഥാനം കിട്ടിയെങ്കിലും രണ്ടായി പിളർന്ന പാർട്ടിയെ ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങളിലടക്കം ഒതുക്കി എന്ന പരാതി INL ൽ ഉണ്ട്. മാത്രമല്ല, സമസ്ത അടക്കമുള്ള സമുദായ നേതൃത്വവുമായി നേരിട്ട് ബന്ധം സ്ഥാപിച്ച സിപിഎം നേരത്തെ ഇത്തരം വിഷയങ്ങളിൽ മധ്യസ്ഥത വഹിച്ചിരുന്ന നേതാക്കളെ തഴയുന്നു എന്ന വികാരവും മുസ്ലിം ലീഗിന് പ്രതീക്ഷ പകരുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam