
സ്കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം(Sex Education) വേണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍(Women Commission) അധ്യക്ഷ അഡ്വ. പി സതീദേവി( P Sathidevi). ഇന്നത്തെ സമൂഹത്തില്‍ ലൈംഗിക വിദ്യാഭ്യാസം അനിവാര്യമാണ്. 10,12 വയസായ കുട്ടികള്‍ വരെ പ്രണയ ബന്ധങ്ങളില്‍ അകപ്പെടുകയാണ്. സാമൂഹ്യമാധ്യമങ്ങളുടെ ഭാഗമായി അബദ്ധജടില ധാരണകളാണ് വ്യാപകമായുള്ളത്. ഇത്തരം ധാരണകളാണ് കുട്ടികളുടെ മനസിലുമുണ്ടാവുന്നത്. പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ടുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് നല്ലരീതിയിലുള്ള ബോധവത്കരണം നല്‍കേണ്ടത് അനിവാര്യമാണ്.
വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടുകൊണ്ട് ലിംഗനീതി സംബന്ധിയായ ബോധവത്കരണം കുട്ടികള്‍ക്ക് ഉണ്ടാക്കികൊടുക്കുന്നതിന് വേണ്ടി ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രൊജക്റ്റുകള്‍ കലാലയങ്ങളില്‍ നടപ്പിലാക്കണമെന്നും പി സതീദേവി ആവശ്യപ്പെട്ടു. പാലാ സെന്‍റ് തോമസ് കോളേജ് ക്യാംപസില്‍ സഹപാഠിയുടെ ക്രൂരതയ്ക്ക് ഇരയായ പെണ്‍കുട്ടി നിതിനയുടെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു പി സതീദേവി.
വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരില്‍ ഇത്തരം പ്രവണ വര്‍ധിക്കുന്നത് എന്താണെന്ന് പഠിക്കുകയും വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ലൈംഗിക വിദ്യാഭ്യാസം നടപ്പിലാക്കുന്നത് ഇത്തരം പ്രവണതകള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നും അവര്‍ നിരീക്ഷിച്ചു. കേസ് അന്വേഷണം കൃത്യമായി നിരീക്ഷിക്കുമെന്നു വനിതാ കമ്മീഷൻ വ്യക്തമാക്കി.
നിതിനയെ അഭിഷേക് കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ കൂടിയെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. എങ്ങനെ കൊല ചെയ്യാമെന്ന് പ്രതി പരിശീലനം നടത്തിയിരുന്നതായി സംശയം ഉണ്ട്. ഒറ്റ കുത്തിൽ തന്നെ പെൺകുട്ടിയുടെ വോക്കൽ കോഡ് അറ്റുപോയി. പഞ്ചഗുസ്തി ചാമ്പ്യൻ ആയ പ്രതിക്ക് എളുപ്പത്തിൽ കൃത്യം ചെയ്യാൻ ആയെന്നും റിപ്പോർട്ടിൽ പറയുന്നു. കഴുത്തിലേറ്റ ആഴത്തിലുള്ള കുത്തിൽ രക്ത ധമനികൾ മുറിഞ്ഞതാണ് നിതിന മോളുടെ മരണ കാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam