
കൊച്ചി: സംവിധായകൻ രഞ്ജിത്തിൻ്റെ അറസ്റ്റിൽ ഞെട്ടി സിനിമാലോകം. യുവനടിയുടെ പീഡന പരാതിയിൽ ഇന്നലെ രാത്രിയാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. നാടകീയ നീക്കങ്ങൾക്കൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രഞ്ജിത്ത് മുങ്ങുമെന്ന സൂചനക്കിടെ തൊടുപുഴയിൽ വച്ച് കാർ തടഞ്ഞാണ് കസ്റ്റഡിയിൽ എടുത്തത്. രഹസ്യമൊഴി അടക്കം രേഖപ്പെടുത്തിയ ശേഷമാണ് പൊലീസിന്റെ പഴുതടച്ച നീക്കമുണ്ടായത്. അറസ്റ്റിലായ രഞ്ജിത്ത് നിലവിൽ ജനറൽ ആശുപത്രിയിൽ തുടരുകയാണ്.
അതേസമയം, രഞ്ജിത്തിൻ്റെ രക്ത സമ്മർദ്ദം കുറയുന്നില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. രഞ്ജിത്തിനെ ഹൃദയരോഗ വിദഗ്ധൻ പരിശോധിച്ചു. ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഇല്ല. ന്യൂറോ വിഭാഗം ഡോക്ടർ എത്തി പരിശോധിക്കും. കൂടാതെ സി ടി സ്കാനും എടുക്കും. രഞ്ജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം അറിഞ്ഞ് സിനിമാ മേഖലയിലെ സുഹൃത്തുക്കളായ സംവിധായകൻ സോഹൻ സീനുലാൽ, പ്രൊഡക്ഷൻ കൺട്രോളർ എൻ.എം. ബാദുഷ എന്നിവർ സ്ഥലത്തെത്തി.
ജനുവരി 9-ന് ഫോർട്ട് കൊച്ചിയിലെ സിനിമാ സെറ്റിൽ വച്ച് കാരവാനിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവനടിയുടെ പരാതിയിലാണ് രഞ്ജിത്തിനെ പോലീസ് കുടുക്കിയത്. ഇടുക്കി എസ്പിയുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വെച്ച് കാർ തടഞ്ഞാണ് എറണാകുളം സെൻട്രൽ പോലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ബിഎൻഎസ് പ്രകാരമുള്ള അതീവ ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മാനഭംഗം , ലൈംഗിക അതിക്രമം, അശ്ലീല ആംഗ്യങ്ങൾ കാണിച്ചു തുടങ്ങിയ കുറ്റങ്ങൾ ഇതിലുൾപ്പെടുന്നു. അതിക്രമത്തെത്തുടർന്ന് വലിയ മാനസികാഘാതം അനുഭവിച്ച നടി കൗൺസിലിംഗിന് ശേഷമാണ് പരാതിയുമായി മുന്നോട്ട് വന്നത്. നടിയുടെ രഹസ്യമൊഴിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതോടെയാണ് പോലീസ് അറസ്റ്റ് നടപടികളിലേക്ക് നീങ്ങിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam