
കൊല്ലം: ലൈംഗിക അതിക്രമ കേസിൽ കൊല്ലത്തെ മുതിർന്ന അഭിഭാഷകനും സിപിഎം നേതാവുമായ ഇ. ഷാനവാസ്ഖാന്‍റെ അറസ്റ്റ് വൈകുന്നതിനെതിരെ വനിത അവകാശ കൂട്ടായ്മയുടെ നേതൃത്വത്തിൽ കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മാർച്ച് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിട്ടും അറസ്റ്റിലേക്ക് കടക്കാതെ പ്രതിയെ സംരക്ഷിക്കുന്ന നടപടിയാണ് പൊലീസ് സ്വീകരിക്കുന്നതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.
ഔദ്യോഗിക ആവശ്യത്തിനെത്തിയ യുവ അഭിഭാഷകയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് ഷാനവാസ് ഖാനെതിരായ കേസ്. കേസിനെ തുടർന്ന് ഷാനവാസ് ഖാനെ കൊല്ലം ബാർ അസോസിയേഷൻ സസ്പെൻഡ് ചെയ്തു. സ്ത്രീത്വത്തെ അപമാനിച്ചതിനടക്കമാണ് ഖാനെതിരെ കേസ് എടുത്തിരിക്കുന്നത്. അഭിഭാഷകൻ വീട്ടിലേക്ക് വിളിച്ചുവരുത്തി കടന്നു പിടിച്ചെന്ന യുവതിയുടെ പരാതിയിലാണ് നടപടി. നോട്ടറി അറ്റസ്റ്റേഷനുമായി ബന്ധപ്പെട്ട് യുവതിയും സഹപ്രവർത്തകനും കൊല്ലത്തെ മുതിർന്ന അഭിഭാഷകനും സിപിഎം നേതാവുമായ ഷാനവാസ്ഖാന്റെ ഓഫീസിൽ എത്തിയപ്പോഴാണ് സംഭവം.
ഷാനവാസ്ഖാന്‍റെ ഓഫീസിലെത്തി നോട്ടറി അറ്റസ്റ്റേഷനുമായി ബന്ധപ്പെട്ട വിവരങ്ങൾ പറഞ്ഞ് അഭിഭാഷകയും സുഹൃത്തും മടങ്ങി. ഇതിനു ശേഷം ഷാനവാസ് ഖാൻ തന്നെ വീട്ടിലേക്ക് വിളിച്ചു വരുത്തി കടന്നുപിടിച്ചെന്നും ചുംബിക്കാൻ ശ്രമിച്ചെന്നുമാണ് അഭിഭാഷകയായ യുവതിയുടെ പരാതി. സംഭവം കേസിലേക്ക് നീങ്ങുമെന്ന് മനസിലാക്കിയ അഭിഭാഷകൻ ഫോണിൽ വിളിച്ച് മാപ്പ് ചോദിച്ചെന്നും യുവതി പറയുന്നു. ഇതിന് തെളിവായി ഫോൺ സംഭാഷണവും അഭിഭാഷികയായ യുവതി പുറത്തുവിട്ടിരുന്നു.
അഭിഭാഷകനെതിരെ ബാർ അസോസിയേഷന് പരാതി നൽകിയതിന് പിന്നാലെ ഒത്തുതീർപ്പ് ശ്രമം നടന്നു.എന്നാൽ താൻ നേരിട്ട അനീതിക്കെതിരെ അഭിഭാഷകൻ പരസ്യമായി മാപ്പു പറയണമെന്ന് യുവതി ഉപാധി വെച്ചു. ഈ ആവശ്യം അംഗീകരിക്കാതെ വന്നതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. യുവതിയുടെ പരാതിയിൽ കൊല്ലം വെസ്റ്റ് പൊലീസ് ഷാനവാസ് ഖാനെതിരെ കേസെടുത്തിട്ടുണ്ട്. ബാർ കൌൺസിൽ മുൻ ചെയർമാനാണ് പ്രതിയായ ഷാനവാസ് ഖാൻ.