ഓഫീസിനുളളില്‍ ലൈംഗികാതിക്രമം, കരുനാഗപ്പള്ളി നഗരസഭ സൂപ്രണ്ടിന് സസ്പെന്‍ഷന്‍

By Web TeamFirst Published May 30, 2021, 9:47 AM IST
Highlights

നഗരസഭയ്ക്കുളളില്‍ വച്ച് സൂപ്രണ്ട് തന്നെ കയറിപ്പിടിച്ചെന്നും വിവസ്ത്രയാക്കാന്‍ ശ്രമിച്ചെന്നുമുളള ഗുരുതരമായ ആരോപണങ്ങളാണ് ജീവനക്കാരി പരാതിയില്‍ ഉന്നയിച്ചത്. 

കൊല്ലം: ഓഫിസിനുളളില്‍ വനിതാ ജീവനക്കാരിയെ കടന്നു പിടിച്ച ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. കരുനാഗപ്പളളി നഗരസഭാ സൂപ്രണ്ട് മനോജ് കുമാറിനെതിരെയാണ് നഗരകാര്യ ഡയറക്ടര്‍ നടപടിയെടുത്തത്. അറസ്റ്റ് തടയാന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരിക്കുകയാണ് മനോജ് കുമാര്‍.

ഫെബ്രുവരി മാസം പന്ത്രണ്ടാം തീയതിയാണ് കരുനാഗപ്പളളി നഗരസഭയിലെ വനിതാ ജീവനക്കാരി, സൂപ്രണ്ട് മനോജ്കുമാറിനെതിരെ നഗരസഭാ സെക്രട്ടറിക്ക് പരാതി നല്‍കിയത്. നഗരസഭയ്ക്കുളളില്‍ വച്ച് സൂപ്രണ്ട് തന്നെ കയറിപ്പിടിച്ചെന്നും വിവസ്ത്രയാക്കാന്‍ ശ്രമിച്ചെന്നുമുളള ഗുരുതരമായ ആരോപണങ്ങളാണ് ജീവനക്കാരി പരാതിയില്‍ ഉന്നയിച്ചത്. 

സൂപ്രണ്ട് നിരന്തരം അശ്ലീല പ്രയോഗങ്ങള്‍ നടത്തുന്നെന്നും പരാതിയില്‍ ജീവനക്കാരി ചൂണ്ടിക്കാട്ടിയിരുന്നു. നഗരസഭ സെക്രട്ടറി പരാതി ജാഗ്രതാ സമിതിക്ക് കൈമാറിയെങ്കിലും അന്വേഷണത്തില്‍ മെല്ലെപ്പോക്ക് തുടരുകയായിരുന്നു.മെല്ലെപ്പോക്കിനെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയ്ക്കു പിന്നാലെ നഗരകാര്യ ഡയറക്ടര്‍ വിഷയത്തില്‍ ഇടപെടുകയായിരുന്നു. പ്രത്യേക സംഘത്തെ ആഭ്യന്തര അന്വേഷണത്തിനായി നിയോഗിച്ചു. ഈ അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് മനോജ്കുമാറിനെതിരെ സസ്പെന്‍ഷന്‍ നടപടിക്കുളള തീരുമാനം.

എന്നാല്‍ അറസ്റ്റ് ഒഴിവാക്കാനുളള ശ്രമത്തിലാണ് ആരോപണ വിധേയനായ സൂപ്രണ്ട്. ഈ മാസം 21 വരെ മനോജിന്‍റെ അറസ്റ്റ് തടഞ്ഞു കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെ മുന്‍കൂര്‍ ജാമ്യം നേടാനുളള ശ്രമത്തിലാണ് മനോജ്. പരാതിയുമായി മുന്നോട്ടു പോകുമെന്ന ഉറച്ച നിലപാടിലാണ് ആക്രമണം നേരിട്ട ജീവനക്കാരി

click me!