
ദില്ലി: ലൈംഗിക പീഡന കേസിലെ പ്രതിയായ മുൻ സർക്കാർ പ്ലീഡർ പി ജി മനു മുന്‍കൂര്‍ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. അതേസമയം, ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് അതിജീവിതയും സുപ്രീം കോടതിയില്‍ തടസ്സഹര്‍ജി നല്‍കി. തന്‍റെ ഭാഗം കേള്‍ക്കാതെ തീരുമാനം എടുക്കരുതെന്നാണ് അതിജീവിതയുടെ ഹര്‍ജി. നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസിലാണ് പി ജി മനുവിനെതിരെ പൊലീസ് കേസെടുത്തത്.
നേരത്തെ കേസില്‍ കീഴടങ്ങാന്‍ പിജി മനുവിന് പത്തു ദിവസത്തെ സമയം ഹൈക്കോടതി അനുവദിച്ചിരുന്നു.സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും എന്നാൽ കേസ് ലിസ്റ്റ് ചെയ്യാത്തതിനാൽ കീഴടങ്ങാൻ കൂടുതൽ സമയം നൽകണമെന്നും ആവശ്യപ്പെട്ടുള്ള ഉപഹർജിയിലായിരുന്നു ഹൈക്കോടതി നേരത്തെ കീഴടങ്ങാന്‍ സമയം അനുവദിച്ചിരുന്നത്. ഇതിനിടെയാണ് സുപ്രീം കോടതിയില്‍ ഹൈക്കോടതി ഉത്തരവിനെതിരെ ഹര്‍ജി നല്‍കിയത്. പി ജി മനുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ജസ്റ്റിസ് ഗോപിനാഥ് നേരത്തെ തള്ളിയിരുന്നു. പെൺകുട്ടിയെ പരിശോധിച്ച ഡോക്ടറുടെ റിപ്പോർട്ട് പരിശോധിച്ച കോടതി പ്രതി ഗുരുതര കുറ്റകൃത്യമാണ് നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.
പി ജി മനുവിനെ അന്വേഷിച്ച് എത്തിയ പൊലീസ് സഹോദരങ്ങളെ ഉപദ്രവിച്ചതായി ആരോപിച്ച് മറ്റൊരു ഹർജിയും ഹൈക്കോടതി പരിഗണനയിലുണ്ട്.
നേരത്തെ, പിജി മനുവിനെതിരായ ബലാത്സംഗ കേസിൽ പൊലീസ് നടപടി വൈകുന്നതിനെതിരെ പരാതിക്കാരിയുടെ അമ്മ ഡിജിപിയ്ക്ക് കത്ത് അയച്ചിരുന്നു. ചോറ്റാനിക്കര പൊലീസ് അഭിഭാഷകനെ സഹായിക്കുകയാണെന്നും മരണഭയത്തോടെയാണ് തങ്ങൾ ജീവിക്കുന്നതെന്നും പരാതിയിൽ പറഞ്ഞിരുന്നു. അറസ്റ്റ് വൈകിയാൽ കേസ് അട്ടിമറിക്കപ്പെടുമെന്നും കുടുംബം ആശങ്ക അറിയിച്ചിരുന്നു.ബലാത്സംഗം, ഐടി ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam