Latest Videos

'പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരം'; സിവിക് ചന്ദ്രനെതിരെയുള്ള ലൈംഗികപീഡന പരാതി നിലനിൽക്കില്ലെന്ന് കോടതി

By Web TeamFirst Published Aug 17, 2022, 10:48 AM IST
Highlights

പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചതിനാൽ 354 എ വകുപ്പ്  നിലനില്‍ക്കില്ലെന്ന് സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചുള്ള ഉത്തരവിൽ കോഴിക്കോട് സെഷൻസ് കോടതി

കോഴിക്കോട്: എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ സിവിക് ചന്ദ്രനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടേത് പ്രകോപനമുണ്ടാക്കുന്ന വസ്ത്രധാരണമെന്ന് കോടതി. കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജ‍ഡ്ജി എസ്.കൃഷ്ണകുമാറാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡന  കേസിൽ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച് കൊണ്ട് പുറപ്പെടുവിച്ച ഉത്തരവിലാണ് ഈ പരാമർശമുള്ളത്. പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചതിനാൽ 354 എ വകുപ്പ്  നിലനില്‍ക്കില്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍.  പ്രതിഭാഗം കോടതിയില്‍  ഹാജരാക്കിയ ഫോട്ടോയില്‍ യുവതിയുടെ വസ്ത്രധാരണം വ്യക്തമാണെന്നും കോടതി മുൻകൂ‍ർ ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഉത്തരവിൽ കോടതി നിരീക്ഷിക്കുന്നുണ്ട്. 

 "പരാതിക്കാരിയായ യുവതി ലൈംഗികപരമായി പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചിരുന്നതായി ജാമ്യാപേക്ഷയ്‌ക്കൊപ്പം പ്രതി ഹാജരാക്കിയ ചിത്രങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ സെക്ഷൻ 354 എ പ്രഥമദൃഷ്ട്യാ നിലനിൽക്കില്ല'', കോഴിക്കോട് സെഷൻസ് കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. ശാരീരിക അവശതകളുള്ള പ്രതി പരാതിക്കാരിയെ ബലം പ്രയോഗിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചു എന്നത് വിശ്വസിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു.  354 എ പ്രകാരം കേസ് എടുക്കണമെങ്കിൽ ഒരു സ്ത്രീയുടെ മാന്യതയ്ക്കും അന്തസ്സിനും ഭം​ഗം വരുത്തിയെന്ന് തെളിയിക്കാൻ മതിയായ തെളിവുകൾ ഉണ്ടായിരിക്കണം എന്നും കോടതി വ്യക്തമാക്കി.

2020 ഫെബ്രുവരിയിൽ നന്തി ബീച്ചിൽ നടന്ന ക്യാമ്പിൽ യുവ എഴുത്തുകാരിയായ യുവതിയോട് പ്രതി സിവിക് ചന്ദ്രൻ ലൈംഗികോദ്ദേശ്യത്തോടെ പെരുമാറിയെന്നും അന്തസിന് ഭം​ഗം വരുത്താൻ ശ്രമിച്ചെന്നുമാണ് കേസ്.  അധ്യാപികയായ ദളിത് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സിവിക്ക് ചന്ദ്രന് നേരത്തെ മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. രണ്ടാമത്തെ കേസിൽ ഓഗസ്റ്റ് 12ന് ആണ് സിവിക് ചന്ദ്രന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. ഇതിന്റെ ഉത്തരവ് പുറത്തിറങ്ങിയതോടെയാണ് വിവാദ പരാമർശം പുറത്തു വന്നത്. 

ലൈംഗിക പീഡന പരാതി; രണ്ടാമത്തെ കേസിലും സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം

ദളിതർക്ക് വേണ്ടി പൊതുസമൂഹത്തിൽ സംസ്കാരിക്കുന്ന ആളുടെ ഉള്ളിലിരിപ്പ് മറ്റൊന്നാണെന്നും ലൈംഗിക വൈകൃത സ്വഭാവമുള്ള സിവികിന് ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. എന്നാല്‍, പരാതിക്കാരിക്ക് മതിയായ തെളിവുകൾ ഹാജരാക്കാനായില്ലെന്നും പട്ടിക ജാതി പീഡന നിരോധന നിയമപ്രകാരം ചുമത്തിയ കേസ് നിലനിൽക്കില്ലെന്നുമായിരുന്നു സിവിക് ചന്ദ്രന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചത്. 

'മകളേക്കാൾ പ്രായം കുറഞ്ഞ എന്നോട് ഇങ്ങനെ ചെയ്തയാളെ എങ്ങനെ ന്യായീകരിക്കുന്നു', സിവികിനെതിരെ കൂടുതൽ ആരോപണം

click me!