
ഇടുക്കി: ഇടുക്കിയിലെ എഞ്ചിനീയറിംഗ് കോളേജിൽ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ (SFI) വിദ്യാർത്ഥി ധീരജ് രാജേന്ദ്രൻ (Dheeraj Rajendran) കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനെ കുറ്റപ്പെടുത്തി കെഎസ്‍യു (KSU). വിദ്യാർത്ഥി കുത്തേറ്റ് കിടക്കുമ്പോൾ ആശുപത്രിയിൽ എത്തിക്കാൻ പൊലീസ് തയ്യാറായില്ല എന്നുള്ള വിദ്യാർത്ഥികളുടെ ആരോപണം ഗൗരവമുള്ളതാണെന്ന് കെഎസ്‍യു സംസ്ഥാന അധ്യക്ഷൻ കെ എം അഭിജിത്ത് ഫേസ്ബുക്കിൽ കുറിച്ചു.
കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വേണ്ടത്ര പൊലീസ് ഫോഴ്സിനെ വിന്യസിക്കാൻ കെഎസ്‍യു ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ സിഐയോട് നേരിട്ട് ആവശ്യപ്പെട്ടിട്ടും അതിലും വേണ്ടത്ര ശ്രദ്ധ കൊടുക്കാൻ പൊലീസിന് സാധിച്ചില്ല. പൊലീസിന്റെ നിഷ്ക്രിയത്വവും ഇത്തരം ഒരു സാഹചര്യം സൃഷ്ടിച്ചുവെന്ന് പറയാതിരിക്കാൻ സാധിക്കില്ലെന്നുമാണ് അഭിജിത്തിന്റെ വാദം.
ധീരജ് കൊല്ലപ്പെട്ട സാഹചര്യത്തെ അപലപിക്കുന്നുവെന്നും നീതിയുക്തമായ അന്വേഷണം നടത്തണമെന്നും അഭിജിത്ത് ആവശ്യപ്പെട്ടു. അതേസമയം, കോളേജിന് പുറത്ത് നിന്നെത്തിയ യൂത്ത് കോൺഗ്രസ്- ക്രമിനൽ സംഘമാണ് ആക്രമണം നടത്തിയതെന്ന് എസ് എഫ് ഐയും സിപിഎമ്മും ആരോപിക്കുന്നത്. സംഭവത്തിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുമുണ്ട്.
അഭിജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
ഇന്ന് ഇടുക്കി ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ വിദ്യാർത്ഥി ധീരജ് കൊല്ലപ്പെട്ട സാഹചര്യത്തെ അപലപിക്കുന്നു, ധീരജിന് ആദരാഞ്ജലികൾ.
വിദ്യാർത്ഥി കുത്തേറ്റ് കിടക്കുമ്പോൾ ആശുപത്രിയിൽ എത്തിക്കാൻ പോലീസ് തയ്യാറായില്ല എന്നുള്ള വിദ്യാർത്ഥികളുടെ ആരോപണം ഗൗരവമുള്ളതാണ്. കോളേജ് യൂണിയൻ തിരെഞ്ഞെടുപ്പിൽ വേണ്ടത്ര പോലീസ് ഫോഴ്സിനെ വിന്യസിക്കാൻ കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ സി.ഐയോട് നേരിട്ട് ആവശ്യപ്പെട്ടിട്ടും അതിലും വേണ്ടത്ര ശ്രദ്ധ കൊടുക്കാൻ പോലീസ് തയ്യാറായിട്ടില്ല. പോലീസ് നിഷ്ക്രിയത്വവും ഇത്തരം ഒരു സാഹചര്യം സൃഷ്ടിച്ചുവെന്ന് പറയാതിരിക്കാൻ സാധിക്കില്ല.
ഇടുക്കി എൻജിനീയറിങ് കോളേജ് അക്രമത്തിൽ പോലീസ് നീതിയുക്തമായ അന്വേഷണം നടത്തണമെന്ന് കെ.എസ്.യു ആവശ്യപ്പെടുകയാണ്.
ഇതോടൊപ്പം ഈ ദാരുണമായ സംഭവത്തിന്റെ മറവിൽ ക്യാമ്പസുകളിൽ അക്രമം അഴിച്ചുവിടുന്ന എസ്.എഫ്.ഐ അത്തരം നടപടികൾ അവസാനിപ്പിക്കണമെന്നും കെ.എസ്.യു. ആവശ്യപ്പെടുന്നു.
ഇന്ന് മഹാരാജാസ് കോളേജിലടക്കം ഒരുഭാഗത്ത് പെൺകുട്ടികൾ ഉൾപ്പെടെ പങ്കെടുത്ത് പ്രകടനം നടത്തുകയും അതിനു മുൻപിൽ വെച്ച് കെ.എസ്.യു യൂണിറ്റ് പ്രസിഡന്റിനെ ക്രൂരമായി തല്ലി കൊല്ലാൻ ശ്രമിക്കുകയും ചെയ്യുന്നത് എസ്.എഫ്.ഐയുടെ പ്രതിഷേധമല്ല കലാപാഹ്വാനമാണെന്ന് വിദ്യാർത്ഥികളും,പൊതുസമൂഹവും തിരിച്ചറിയണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam