
പത്തനംതിട്ട: കോന്നി എൻഎസ്എസ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകനെ എസ്എഫ്ഐ നേതാവിന്റെ നേതൃത്വത്തിൽ മർദിച്ചതായി പരാതി. ഒന്നാം വർഷം വിദ്യാർത്ഥിയും എസ്എഫ്ഐ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയുമായ സോനു സുനിലിനാണ് മർദനമേറ്റത്. സീനിയേഴ്സിനെ ബഹുമാനിച്ചില്ലെന്ന് പറഞ്ഞ് മർദിച്ചെന്നാണ് പരാതി. തലയിലും കൈയിലും അതിക്രൂരമായി മർദിച്ചെന്ന് സോനു പറഞ്ഞു. 20ലധികം പേരാണ് നിലത്തിട്ട് ചവിട്ടിയത്. ഓരോ പ്രശ്നങ്ങൾ പറഞ്ഞ് റാഗിംഗ് പതിവായിരുന്നുവെന്നും സോനുവിന്റെ വാക്കുകൾ. അതേ സമയം സംഭവവുമായി ബന്ധപ്പെട്ട് കോളേജ് മാനേജ്മെന്റ് യാതൊരു നടപടിയും എടുത്തിട്ടില്ലെന്ന് കുടുംബം ആരോപിക്കുന്നു. ഇത്തരത്തിലൊരു സംഭവം അറിഞ്ഞിട്ടില്ലെന്നാണ് അവരുടെ പ്രതികരണമെന്നും കുടുംബം പറഞ്ഞു.
സോനു സുനിൽ ഇതേ കോളേജിലെ എസ്എഫ്ഐയുടെ ജോയിന്റ് സെക്രട്ടറിയാണ്. കോളേജിലെ സീനിയർ വിദ്യാർത്ഥിയും എസ്എഫ്ഐയുടെ യൂണിറ്റ് സെക്രട്ടറിയുമായ ഫിർദൗസും സീനിയർ വിദ്യാർത്ഥിയായ അഭിയാനും ചേർന്നാണ് മർദിച്ചതെന്നാണ് പരാതി. കൂട്ടമായി ചേർന്ന് മർദിക്കുകയായിരുന്നു. റാഗിംഗ് ആരോപണവും ഉയരുന്നുണ്ട്. സീനിയേഴ്സിനെ ബഹുമാനിച്ചില്ലെന്ന് പറഞ്ഞായിരുന്നു മർദനം. പൊലീസ് എഫ്ഐആർ പ്രകാരം ഇന്നലെ ഉച്ചക്കാണ് സംഭവമുണ്ടായത്. അഭിയാനെയും ഫിർദൗസിനെയും പ്രതിയാക്കിയാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. കുടുംബം പത്തനെതിട്ട എസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. സോനുവിന്റെ കയ്യുടെ ലിഗമെന്റിന് പൊട്ടലുണ്ടെന്നും കുടുംബം പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam