
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ പിന്തുണച്ച് എസ്എഫ്ഐ. മാധ്യമ വിചാരണയ്ക്കും സൈബർ ആക്രമണങ്ങൾക്കും ഡോക്ടറെ വിട്ടുകൊടുക്കാൻ അനുവദിക്കില്ലെന്ന് എസ്എഫ്ഐ കോട്ടയം മെഡിക്കൽ കോളേജ് യൂണിറ്റ് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു. ദിവസേന 15 ഓളം ഹൃദയ ശസ്ത്രക്രിയകൾ നടത്തുന്ന, ആയിരക്കണക്കിന് രോഗികൾക്ക് ആശ്രയമായ മനുഷ്യനാണ് ഡോ. ടി കെ ജയകുമാറെന്നാണ് എസ്എഫ്ഐ ചൂണ്ടിക്കാട്ടുന്നത്.
എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയുടെ കുറിപ്പ്
കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന ദൗർഭാഗ്യകരമായ സംഭവത്തിൽ ഹോസ്പിറ്റൽ സൂപ്രണ്ട് Dr Jayakumar ഇന് നേരെയുള്ള സൈബർ അതിക്രമങ്ങളും അടിസ്ഥാനരഹിതമായ വിമർശനങ്ങളും കേട്ടു നിൽകാനാകില്ല. വർഷങ്ങളായി മെഡിക്കൽ കോളേജിൽ ദിവസേന 15 ഓളം ഹൃദയ ശസ്ത്രക്രിയകൾ നടത്തുന്ന, ആയിരക്കണക്കിന് രോഗികൾക്ക് ആശ്രയമായ, ജീവൻ നഷ്ടപ്പെട്ടിടത്ത് നിന്ന് അനേകം മനുഷ്യരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന, സത്യസന്ധനായ, താൻ ചെയ്യുന്ന ജോലിയോട് 100 ശതമാനം നീതി പുലർത്തി മാനവികതക്ക് വേണ്ടി നിലകൊള്ളുന്ന ഇദ്ദേഹത്തെ പോലുള്ളവരെ രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടിയും നുണക്കഥകൾ അച്ചടിച്ചു വിടുന്ന മാധ്യമങ്ങൾക്ക് വേണ്ടിയും വിചാരണവസ്തുവായി ഞങ്ങൾ വിട്ടുതരില്ല.
ഇത് ആ മനുഷ്യനെ ദൈവതുല്യനായി കാണുന്ന ഓരോ വ്യക്തിയുടെയും ശബ്ദമാണ്, എന്നും ആ മനുഷ്യന്റെ ചര്യകളെ മാതൃകയായി ഒപ്പിയെടുത്ത വിദ്യാർത്ഥികളുടെ ശബ്ദമാണ്. രാഷ്ട്രീയം പറയുന്നതിനും TRP റേറ്റിംഗ് കൂട്ടുന്നതിനുമുള്ള വ്യഗ്രതക്കിടയിൽ സത്യസന്ധനായ ഒരു മനുഷ്യനെ അടിസ്ഥാനരഹിതമായി വിമർശിക്കുന്നതും കുറ്റപ്പെടുത്തുന്നതും അപലപനീയമാണ്.
മറക്കരുത് നിരവധി മനുഷ്യരുടെ പ്രതീക്ഷയറ്റ ജീവിതത്തിൽ ഹൃദയം തുന്നിച്ചെർത്ത് പുതിയൊരു ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നയാളാണ് Dr Jayakumar.
കോട്ടയം മെഡിക്കൽ കോളേജിൽ ബിന്ദു മരിക്കാനിടയായ സംഭവത്തിൽ മന്ത്രിമാർക്കും ആശുപത്രി അധികൃതർക്കുമുണ്ടായ വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം ഉയർന്നത്. തെരച്ചിൽ നടക്കും മുൻപേ ആളപായമുണ്ടായില്ലെന്ന മന്ത്രിമാരുടെ പ്രതികരണം ആശുപത്രി അധികൃതർ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് എന്നതാണ് സൂപ്രണ്ടും വിമർശിക്കപ്പെടാൻ ഇടയാക്കിയത്. ഈ സംഭവത്തിലാണ് മാധ്യമങ്ങളെയടക്കം കുറ്റപ്പെടുത്തിയുള്ള എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയുടെ വിമർശനം.