
തിരുവനന്തപുരം: ഗാസയിലെ കുഞ്ഞുങ്ങൾക്ക് വേണ്ടി സംസാരിച്ചതിന്‍റെ പേരിൽ സൈബർ അക്രമണം നേരിടുന്ന ലീലാവതി ടീച്ചർക്ക് ഐക്യദാർഢ്യവുമായി എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് എം ശിവപ്രസാദ്. പലസ്തീൻ എന്ന നാട് ഭൂപടത്തിൽ നിന്ന് മായ്ച്ചു കളയാൻ ഇസ്രയേൽ ശ്രമിക്കുമ്പോൾ, അവിടെ അവസാനിക്കുന്നത് പതിനായിരക്കണക്കിന് കുഞ്ഞുങ്ങളുടെ ജീവിതവും സ്വപ്നങ്ങളുമാണെന്ന് ശിവപ്രസാദ് കുറിച്ചു. ഗാസയിൽ 2023 ജൂലൈ മുതൽ ഇന്ന് വരെ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ എണ്ണം ഔദ്യോഗിക കണക്ക് അനുസരിച്ച് 20000ത്തിന് മുകളിലാണെന്നും ശിവപ്രസാദ് ഓർമിപ്പിച്ചു. 'ഗാസയിൽ കുഞ്ഞുങ്ങൾ വിശന്നിരിക്കുമ്പോൾ എന്‍റെ തൊണ്ടയിൽ എങ്ങനെ ചോറ് ഇറങ്ങും' എന്നാണ് ലീലാവതി ടീച്ചർ ചോദിച്ചത്.
'കൊച്ചു കുട്ടികൾക്ക് ജാതിയും മതവും ഒന്നും ഇല്ല. കുട്ടികൾ കുട്ടികളാണ്. വിശക്കുന്ന കുട്ടികൾ ഏതു നാട്ടിലായാലും, ഏതു ജാതി ആയാലും, ഏതു മതം ആയാലും എനിക്ക് ഒരുപോലെയാണ്. ഗാസയിൽ കുഞ്ഞുങ്ങൾ വിശന്നിരിക്കുമ്പോൾ എന്‍റെ തൊണ്ടയിൽ എങ്ങനെ ചോറ് ഇറങ്ങും'- ഡോ. എം. ലീലാവതി ടീച്ചറുടെ വാക്കുകളാണ്.
ഇത് പറഞ്ഞതിന് ടീച്ചറെ വേട്ടയാടാൻ വെമ്പുന്ന വർഗ്ഗീയ തെമ്മാടി കൂട്ടത്തോടാണ്. പലസ്തീൻ എന്ന ഒരു നാട് ഭൂപടത്തിൽ നിന്ന് മായിച്ചു കളയാൻ ഇസ്രായേൽ എന്ന തെമ്മാടി രാഷ്ട്രം ശ്രമിക്കുമ്പോൾ അവിടെ അവസാനിക്കുന്നത് എവിടേക്ക് തങ്ങൾ ജനിച്ചു വീണത് എന്ന തിരിച്ചറിവ് പോലും എത്തിയിട്ടില്ലാത്ത പതിനായിരക്കണക്കിന് കുഞ്ഞുങ്ങളുടെ ജീവിതവും സ്വപ്നങ്ങളുമാണ്.
ഗാസയിൽ 2023 ജൂലൈ മുതൽ ഇന്ന് വരെ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ എണ്ണം ഔദ്യോഗിക കണക്ക് അനുസരിച്ച് 20,000 ത്തിന് മുകളിലാണ്. വിശന്ന് മരിച്ച കുട്ടികൾ 145. പോഷകാഹാരക്കുറവ് നേരിടുന്ന ലക്ഷകണക്കിന് കുട്ടികളുണ്ട്. ഈ കണക്കുകൾ നിങ്ങളെ ആകുലപ്പെടുത്തുന്നില്ലെങ്കിൽ നിങ്ങൾ മനുഷ്യ വർഗ്ഗത്തിൽ തന്നെ ജനിച്ചതാണോ എന്ന് സ്വയം പരിശോധിക്കേണ്ടിവരും.
മനുഷ്യരോടാണ്, നിരുപാധികം നാം ഈ ജനതയോട്, അവരുടെ സഹനത്തോട്, ചെറുത്തു നിൽപ്പിനോട്, ഗാസയിലെ കുഞ്ഞുങ്ങൾക്ക് വേണ്ടി സംസാരിച്ചതിന്‍റെ പേരിൽ സൈബർ അക്രമണത്തിന് വിധേയമായ ലീലാവതി ടീച്ചറോട് ഐക്യപ്പെടണം. ഇന്ന് ഗാസയിൽ എങ്കിൽ നാളെ ഇത് ഫാസിസം ശക്തിപ്പെടുന്ന ഇന്ത്യയിലും സംഭവിക്കാം.
തന്റെ 98-ാം പിറന്നാൾ ദിനത്തിൽ ആഘോഷങ്ങളൊന്നും വേണ്ടെന്ന് വെച്ച് ലീലാവതി പറഞ്ഞ പ്രസ്താവനയാണ് ഒരു വിഭാഗം ആളുകളെ ചൊടിപ്പിച്ചത്. ഭക്ഷണത്തിനായി പാത്രവും നീട്ടിനിൽക്കുന്ന കുഞ്ഞുങ്ങളെ കാണുമ്പോൾ എനിക്ക് എങ്ങനെയാണ് ചോറ് തൊണ്ടയിൽ നിന്നിറങ്ങുക എന്നായിരുന്നു പിറന്നാൾ ആശംസകളുമായി എത്തിയവരോട് ലീലാവതി ടീച്ചർ പറഞ്ഞത്. ഇതിന് പിന്നാലെ ഒരുവിഭാഗം സൈബർ ആക്രമണം ആരംഭിക്കുകയായിരുന്നു. ഗാസയിൽ മാത്രമല്ല, ലോകത്തെ മറ്റു സ്ഥലങ്ങളിലും കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നുണ്ട്, അപ്പോഴൊന്നും ഈ പ്രശ്നം കണ്ടില്ലല്ലോ എന്നിങ്ങനെയാണ് സമൂഹ മാധ്യമങ്ങളിലെ വിമർശനം.
സൈബർ ആക്രമണത്തെ കുറിച്ച് ലീലാവതി ടീച്ചർ പ്രതികരിച്ചത് എതിർപ്പുകളോട് വിരോധമില്ലെന്നാണ്. എതിർക്കുന്നവർ സ്വതന്ത്രമായി എതിർക്കട്ടെ, അവരോട് ശത്രുതയില്ല. എതിർപ്പുകൾ നേരിട്ട് തന്നെയാണ് തുടക്കം മുതൽ തന്റെ ജീവിതമെന്നും ലീലാവതി ടീച്ചർ കൂട്ടിച്ചേർത്തു. ലോകത്തിൽ എല്ലാ കുട്ടികളും തനിക്ക് ഒരുപോലെയാണ്. അമ്മയുടെ കണ്ണിലൂടെയാണ് അവരെ കാണുന്നത്. അതിൽ മതത്തിന്റെയോ ജാതിയുടെയോ പശ്ചാത്തലമില്ലെന്നും ടീച്ചർ പറഞ്ഞു.
ലീലാവതി ടീച്ചർക്കെതിരായ സൈബർ ആക്രമണം കേരളത്തിന്‍റെ എല്ലാ നന്മകളെയും ചോദ്യം ചെയ്യുന്നതാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു. സൈബർ ആക്രമണത്തിനെതിരെ സാംസ്കാരിക കേരളം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും മന്ത്രി പറഞ്ഞു.