
മലപ്പുറം: കൊവിഡ് രണ്ടാം വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്തെ രക്തബാങ്കുകളിലനുഭവപ്പെടുന്ന ക്ഷാമം പരിഹരിക്കാൻ രക്തദാന ക്യാംപയിനുമായി എസ്എഫ്ഐ. വാക്സീൻ എടുക്കുന്നതിന് മുൻപ് രക്തം ദാനം ചെയ്യാൻ ആഹ്വാനം ചെയ്യുന്ന ക്യാമ്പയിന് തുടക്കമായി. രണ്ട് ദിവസം കൊണ്ട് സംസ്ഥാനത്ത് നാനൂറിലധികം പ്രവർത്തകർ രക്തം ദാനം ചെയ്തതായാണ് എസ്എഫ്ഐയുടെ കണക്ക്.
മെയ് രണ്ട് മുതൽ 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് വാക്സിനേഷൻ തുടങ്ങുന്നതോടെ രക്തബാങ്കുകളിലെ നിലവിലെ പ്രതിസന്ധി രൂക്ഷമാവാനാണ് സാധ്യത. രണ്ട് ഡോസ് വാക്സീൻ എടുത്ത് 28 ദിവസം കഴിഞ്ഞാലേ രക്തദാനം ചെയ്യാൻ പാടുള്ളൂ എന്നാണ് ദേശീയ രക്തദാന കൗണ്‍സിലിന്‍റെ നിർദ്ദേശം. ആദ്യ ഡോസിന് ഏകദേശം ഒരു മാസത്തിന് ശേഷമാണ് രണ്ടാം വാക്സീൻ എടുക്കുന്നത്.
ഇതോടെ ഒരു വ്യക്തി ആദ്യ വാക്സീൻ സ്വീകരിച്ച് കുറഞ്ഞത് 60 ദിവസം കഴിഞ്ഞാലേ രക്ത ദാനം ചെയ്യാനാകു. നിലവിൽ സംസ്ഥാനത്തെ രക്ത ബാങ്കുകളിൽ കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നത്. മെയ് ഒന്ന് മുതൽ യുവാക്കളിൽ വാക്സിനേഷൻ തുടങ്ങിക്കഴിഞ്ഞാൽ ക്ഷാമം രൂക്ഷമാകും. ക്യാമ്പയിന്‍റെ ഭാഗമായി എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റടക്കം നാനൂറിലധികം പേർ വിവിധ രക്തബാങ്കുകളിലെത്തി രക്തം ദാനം ചെയ്തു.
18 മുതൽ 45 വയസ് വരെ പ്രായമുള്ളവരാണ് സംസ്ഥാനത്ത് രക്തദാനം ചെയ്യുന്നവരിൽ കൂടുതലും. രണ്ട് മാസത്തിലധികം കാലം ഇവർ മാറി നിന്നാൽ സംസ്ഥാനത്തെ രക്തബാങ്കുകളുടെ പ്രതിസന്ധി പ്രവചനാതീതമാകും. കൊവിഷീൽഡ് ആയാലും കൊവാക്സിൻ ആയാലും രക്തദാനം ചെയ്യാനുള്ള നിയന്ത്രണം ബാധകമാണ്. കൊവിഡ് രോഗം ബാധിച്ച് നെഗറ്റിവ് ആയാലും ഇതേ നിയന്ത്രണമുണ്ട്. രക്തദാന ക്യാമ്പുകൾ പ്രായോഗികമല്ലാത്തതിനാൽ ഓരോരുത്തരും മുന്നോട്ട് വരേണ്ടത് അത്യാവശ്യമാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിൽ ഓർമിപ്പിക്കുകയും ചെയ്തിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam