
കൊച്ചി: മഹാരാജാസ് കോളജിലെ ബാനര്‍ പോര് അവസാനിപ്പിക്കുകയാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. എസ്എഫ്ഐ പറയാൻ ശ്രമിച്ച രാഷ്ട്രീയത്തെ ഒടുവിൽ അംഗീകരിച്ച മഹാരാജാസിലെ കെഎസ്‍യു ബാനറിന് മുകളിൽ ഇനിയൊരു ബാനർ കൊണ്ട് ഒന്നും സംവദിക്കേണ്ട ആവശ്യം സംഘടനക്കില്ലെന്ന് ആര്‍ഷോ വ്യക്തമാക്കി. ഇന്ത്യ എന്നാൽ ഇന്ദിര എന്നായിരുന്നോ എന്ന് മഹാരാജാസിലെ കെഎസ്‍യുക്കാര്‍ ഇപ്പോഴത്തെ കെപിസിസി അധ്യക്ഷനോട് ചോദിക്കണം.
അടിയന്തയരാവസ്ഥയുടെ ഇരുണ്ട നാളുകളിൽ ഇന്ദിര എന്നാൽ ഇന്ത്യ എന്ന മുദ്രാവാക്യത്തിനെതിരെ, ഇന്ദിരാ കോൺഗ്രസിനെതിരെ നിലകൊണ്ടവരിൽ പ്രമുഖനാണ് അദ്ദേഹം. മോദി സർക്കാരിന്‍റെ ഏകാധിപത്യ കാലത്ത് ഇന്ത്യ മോദിയുടേതല്ല, ഈ രാജ്യത്തെ ജനാധിപത്യ വിശ്വാസികളുടേതാണെന്ന് പറഞ്ഞു ഏകാധിപത്യത്തിനെതിരെ സമരം ചെയ്യുന്നത് ഈ നാട്ടിലെ വിദ്യാർത്ഥികൾ അടക്കമുള്ള ജനാധിപത്യ സമൂഹമാണ്.
അവരുടെ മുന്നിലേക്കാണ് ഏകാധിപത്യത്തിന്റെ ക്രൂര ദിനങ്ങൾ അഭിമാനത്തോടെ വീണ്ടും പറഞ്ഞു ഇന്ത്യ ഏതെങ്കിലും ഏകാധിപതിയുടെതായിരുന്നു എന്ന് കെഎസ്‍യു വിളിച്ച് പറയുന്നത്. ഏകാധിപത്യ ഫാസിസത്തിന്‍റെ ഇരുണ്ട ദിനങ്ങളിൽ അമ്മയും മകനും കൂടി കാട്ടിക്കൂട്ടിയ ക്രൂര വിനോദങ്ങൾ ഇന്ത്യ ഇനിയും മറക്കാറായിട്ടില്ല. പ്രതിപക്ഷ ശബ്‍ദത്തെ ഒന്നടങ്കം തടവിലിട്ടും, തെരുവിലിട്ടും കൊന്ന് കൂട്ടിയ ആ ഇന്ദിരാ ഭരണത്തോട് ക്യാമ്പസിലും തെരുവിലും നേരിട്ട് പൊരുതി ജനാധിപത്യ ശബ്‍ദമുയർത്തി കൊണ്ടാണ് എസ്എഫ്ഐ വളർന്ന് വന്നത്.
അന്ന് പോലും സംഘടനയെ നിരോധിക്കാൻ ഇന്ദിരക്ക് കഴിഞ്ഞിട്ടില്ലെന്നും ആര്‍ഷോ ഫേസ്ബുക്കില്‍ കുറിച്ചു. ഹൈബി ഈഡന് പാർലമെന്‍റില്‍ തോന്നിയ വഷളത്തരത്തോടുള്ള രാഷ്ട്രീയ മറുപടിയാണ് മഹാരാജാസിലെ എസ്എഫ്ഐ ഉയർത്തിയ 'ഇന്ദിരക്ക് കഴിഞ്ഞിട്ടില്ല, പിന്നല്ലേ ഈഡന് ' എന്ന ബാനർ. എന്നാൽ മഹാരാജാസിലെ കെഎസ്‍യു അതിനെ നേരിട്ടത് ഇന്ദിരയേയും ഈഡനേയും ജനഹൃദയങ്ങളിൽ കുടിയിരുത്തിക്കൊണ്ട് പൈങ്കിളിവൽക്കരിച്ചാണ്.
ജനഹൃദയങ്ങളിലുള്ളത് ഇന്ദിരയുടെ അടിയന്തരാവസ്ഥകാലത്തെ ഫാസിസം ആണെന്ന് വീണ്ടുമോർമ്മിപ്പിച്ച എസ്എഫ്ഐക്ക് കെഎസ്‍യു നൽകിയ മറുപടി വളരെ രസകരമാണ്. 'ഇന്ത്യ എന്നാൽ ഇന്ദിര ആണെന്നും ഇന്ദിരാ എന്നാൽ ഇന്ത്യ ആണെന്നും ' പഴയ ഇന്ദിരാ കോൺഗ്രസുകാർ അടിയന്തരാവസ്ഥ കാലത്ത് വിളിച്ച അതേ കുപ്രസിദ്ധമായ മുദ്രാവാക്യമാണ് കെഎസ്‍യു മറുപടിയായി നല്‍കിയിരിക്കുന്നത്. എസ്എഫ്ഐ എന്താണോ പറയാൻ ശ്രമിച്ചത്, അത് കെഎസ്‍യു തന്നെ അടിവരയിട്ട് തന്നുവെന്നും ആര്‍ഷോ പറഞ്ഞു.
സംസ്ഥാന തലത്തില്‍ തന്നെ വളരെ ശ്രദ്ധേമായി മാറിയതാണ് മഹാരാജാസിലെ എസ്എഫ്ഐ - കെഎസ്‍യു ബാനര്‍ പോര്. എസ്എഫ്ഐ നിരോധിക്കണമെന്ന് പാര്‍ലമെന്‍റില്‍ ആവശ്യപ്പെട്ട എറണാകുളം എംപി ഹൈബി ഈഡനെതിരെയുള്ള പ്രതിഷേധമായാണ് ഇത് ആരംഭിച്ചത്. 'ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല പിന്നല്ലേ ഈഡന്' എന്നെഴുതിയ ബാനര്‍ എസ്എഫ്ഐയാണ് ആദ്യം ഉയര്‍ത്തിയത്.
'ജനഹൃദയങ്ങളിലാണ് ഇന്ദിരയും ഈഡനു'മെന്നാണ് കെഎസ്‍യു മറ്റൊരു ബാനറിലൂടെ ഇതിന് മറുപടി നല്‍കിയത്. 'അതെ, ജനഹൃദയങ്ങളിലുണ്ട് അടിയന്തരാവസ്ഥയുടെ നെറികേടിലൂടെ' എന്നാണ് എസ്എഫ്ഐ അടുത്ത ബാനറിലൂടെ ഇതിന് മറുപടി നല്‍കിയത്. ഏറ്റവും ഒടുവില്‍ 'വർഗീയതയും കമ്യൂണിസവും ഒരുമിച്ച് ശ്രമിച്ചിട്ടും ഇന്ത്യ പറഞ്ഞത്, ഇന്ത്യ ഈസ് ഇന്ദിര ഇന്ദിര ഈസ് ഇന്ത്യ' എന്ന ബാനര്‍ കെഎസ്‍യു ഉയര്‍ത്തുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam