എസ്എഫ്ഐക്ക് പ്രേമലേഖന മത്സരം; കെഎസ്‍യുവിന് പൊറോട്ടതീറ്റ; പ്രണയദിനത്തിലെ കൂട്ടത്തല്ലിന്‍റെ കാരണം

By Web TeamFirst Published Feb 14, 2020, 7:24 PM IST
Highlights

ഒരേ സ്ഥലത്ത് തന്നെ ഇരു സംഘടനകളും പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചതാണ് തര്‍ക്കത്തിലേക്ക് എത്തിയത്

കൊച്ചി: എറണാകുളം ലോ കോളേജില്‍ വാലന്‍റൈൻസ് ഡേ ആഘോഷങ്ങള്‍ക്കിടെ എസ് എഫ് ഐ-കെ എസ് യു സംഘര്‍ഷം. ഒരേ സ്ഥലത്ത് തന്നെ ഇരു സംഘടനകളും പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചതാണ് തര്‍ക്കത്തിലേക്ക് എത്തിയത്. 18 വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു.

രാവിലെ 11 മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. യൂണിയൻ ഭരിക്കുന്ന എസ് എഫ് ഐയുടെ ആഭിമുഖ്യത്തില്‍ കോളേജ് ഗേറ്റിനോട് ചേര്‍ന്ന് വാലന്റൈൻസ് ഡേ ആഘോഷങ്ങള്‍ തുടങ്ങി. പ്രണയലേഖനം എഴുതി വായിക്കുന്നതായിരുന്നു മത്സരം. ഇതേസമയം തന്നെ പൊറോട്ട തീറ്റ മത്സരവുമായി കെ എസ് യുവും എത്തി. തങ്ങളുടെ മത്സരം തടസ്സപ്പെടുത്താൻ കെ എസ് യു ശ്രമിക്കുകയാണെന്നും സ്ഥലം മാറണമെന്നും എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. പിന്മാറാൻ കെ എസ് യു പ്രവര്‍ത്തകര്‍ തയ്യാറായില്ല. ഇതോടെ ഇരു സംഘടനകളും തമ്മില്‍ വാക്കുതര്‍ക്കവും കയ്യാങ്കളിയുമായി.

കയ്യാങ്കളി കയ്യില്‍ കിട്ടിയ കമ്പും തടിയിലേക്കും നീങ്ങിയതോടെ കൂട്ടത്തല്ലില്‍ പരിക്കേറ്റവരുടെ എണ്ണവും വര്‍ധിച്ചു.പരുക്കേറ്റ 10 എസ് എഫ് ഐ പ്രവര്‍ത്തകരെയും 8 കെ എസ് യു പ്രവര്‍ത്തകരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെ എസ് യു പ്രവര്‍ത്തകര്‍ തങ്ങളെയാണ് ആക്രമിച്ചതെന്ന് എസ് എഫ് ഐയും, എസ് എഫ് ഐ പ്രവര്‍ത്തകര്‍ തങ്ങളെയാണ് ആക്രമിച്ചതെന്ന് കെ എസ് യുവും ആരോപിക്കുന്നു.

"

click me!