'അപർണ ഗൗരിയെ മർദ്ദിച്ചത് യുഡിഎസ്എഫ് പ്രവർത്തകർ'; അക്രമത്തെ അപലപിച്ച് മുഖ്യമന്ത്രി

By Web TeamFirst Published Dec 8, 2022, 12:32 PM IST
Highlights

മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയ 5 വിദ്യാർത്ഥികളെ കോളേജിൽ നിന്ന് പുറത്താക്കാൻ കോളേജ് അധികൃതർ തീരുമാനിച്ചിട്ടുണ്ട്. ക്യാമ്പസിലെ ട്രാബിയോക് എന്ന വാട്സപ്പ് കൂട്ടായ്മ നിരോധിക്കാനും തീരുമാനമുണ്ട്

തിരുവനന്തപുരം: വയനാട് മേപ്പാടി പോളിടെക്നിക് കോളേജിൽ എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് അപർണ ഗൗരിയെ 40 ഓളം വിദ്യാർത്ഥികൾ ചേർന്ന് മർദ്ദിച്ച സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അപർണ ഗൗരിയെ ആക്രമിച്ചത് യുഡിഎസ്എഫ് പ്രവർത്തകരാണെന്ന് അദ്ദേഹം പറഞ്ഞു. ലഹരി സംഘത്തിന് എതിരായ നിലപാടാണ് അപർണ ഗൗരിയെ ആക്രമിക്കാൻ കാരണം. സംഭവത്തിൽ ആറ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മേപ്പാടി പോളിടെക്‌നിക് കോളേജിൽ ഇന്ന് അധ്യാപക രക്ഷാകർതൃ സമിതി യോഗം ചേരുന്നുണ്ട്. മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയ 5 വിദ്യാർത്ഥികളെ കോളേജിൽ നിന്ന് പുറത്താക്കാൻ കോളേജ് അധികൃതർ തീരുമാനിച്ചിട്ടുണ്ട്. ക്യാമ്പസിലെ ട്രാബിയോക് എന്ന വാട്സപ്പ് കൂട്ടായ്മ നിരോധിക്കാനും തീരുമാനമുണ്ട്.

എസ്എഫ്ഐ നേതാവിനെ മർദ്ദിച്ച സംഭവത്തിൽ മറ്റ് വിദ്യാർത്ഥികൾക്കെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന് ഇന്ന് ചേരുന്ന പിടിഎ യോഗത്തിലാണ് തീരുമാനിക്കുക.  അതേസമയം സംഘർഷത്തെ തുടർന്ന് അടച്ചിട്ടിരിക്കുന്ന കോളേജ് ഡിസംബര്‍ 12 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. കോളേജില്‍ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാന്‍ വൈത്തിരി തഹസീല്‍ദാരുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം സര്‍വ്വകക്ഷി യോഗം ചേർന്നിരുന്നു.    കോളേജിലുണ്ടായ സംഘര്‍ഷത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയെന്ന് പ്രിൻസിപ്പൽ സ്വർണ അറിയിച്ചു.

ഡിസംബർ രണ്ടിനാണ് കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പിനിടെ സംഘർഷമുണ്ടായത്. എസ്എഫ്ഐ വയനാട് ജില്ലാ വൈസ് പ്രസിഡന്‍റ് അപർണ ഗൗരിയെ വിദ്യാർത്ഥികൾ കൂട്ടം ചേർന്ന് ആക്രമിക്കുകയായിരുന്നു. ക്യാമ്പസിനുള്ളിലെ ട്രാബിയൊക് എന്ന കൂട്ടായ്മയിലെ വിദ്യാർത്ഥികളാണ് ആക്രമണത്തിന് പിന്നിലെന്നായിരുന്നു എസ്എഫ്ഐയുടെ പരാതി. 

രണ്ട് വർഷം മുൻപാണ് ഓണാഘോഷങ്ങളുടെ ഭാഗമായി ട്രാബിയൊക്ക് എന്ന വാട്സാപ്പ് കൂട്ടായ്മ വിദ്യാർത്ഥികൾ രൂപീകരിച്ചത്.  കോളേജിൽ കായിക മത്സരങ്ങളടക്കം ട്രാബിയോക്കിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. മൂന്നാം വർഷ വിദ്യാർത്ഥികളുടെ കൂട്ടായ്മയിൽ പെൺകുട്ടികളടക്കം നൂറിലേറെ പേരുണ്ട്. ഈ സംഘത്തിലുൾപ്പെട്ട ചിലർ പതിവായി രാസലഹരി ഉപയോഗിക്കാറുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ട്രാബിയൊകിൽ വിവിധ വിദ്യാർത്ഥി സംഘടനകളിലുൾപ്പെട്ട വിദ്യാർത്ഥികളുണ്ട്. എസ്എഫ്ഐയുടെ യൂണിറ്റ് സെക്രട്ടറിയായിരുന്ന വിഷ്ണുവും ഈ സംഘത്തിലുണ്ടായിരുന്നു. മാസങ്ങൾക്ക് മുൻപ് അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ട്രാബിയോക്കിൽ നിന്ന് വിഷ്ണു വിട്ടു നിന്നു. പിന്നീട് കോളേജിലെ വിദ്യാർത്ഥികൾ ലഹരി ഉപയോഗിക്കുന്നതിനെ കുറിച്ച് വിഷ്ണു പോലീസിലും എക്സൈസിനും വിവരം നൽകി. ഈ വൈരാഗ്യമാണ് അപർണ ഗൗരിയുടെ ആക്രമണത്തിലേക്ക് നയിച്ച പ്രധാന ഘടകമെന്ന് കോളേജിലെ മറ്റ് വിദ്യാർത്ഥികളും പോലീസും വ്യക്തമാക്കുന്നുണ്ട്. 

യൂണിറ്റ് സെക്രട്ടറി വിഷ്ണുവിന്‍റെ നടപടിയിൽ പ്രതിഷേധിച്ച് എസ്എഫ്ഐയിൽ നിന്ന് ചിലർ മാറി നിന്നു. ഇത് യൂണിയൻ തെരഞ്ഞെടുപ്പിൽ യുഡിഎസ്എഫ് മുതലെടുത്തെന്നാണ് ആരോപണം. എസ്എഫ്ഐയ്ക്ക് ഭൂരിപക്ഷമുണ്ടായിരുന്ന കോളേജ് യൂണിയൻ യുഡിഎസ്എഫ് പിടിച്ചെടുത്തു.  ലഹരി മരുന്ന് സംഘത്തിനെതിരെ പ്രവർത്തിച്ചത് കൊണ്ടാണ് തനിക്ക് മർദനമേറ്റതെന്ന് അപർണ ഗൗരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. യുഡിഎസ്എഫിന്‍റെ പിന്തുണയോടെയായിരുന്നു ആക്രമണമെന്നും കുറ്റപ്പെടുത്തി.

click me!