വയനാട് മെഡിക്കൽ കോളേജിലെ ഡോക്ടറെ ഭീഷണിപ്പെടുത്തിയ കേസ്; സ്പെഷൽ ബ്രാഞ്ച് എസ്‌പിക്കെതിരെ കേസെടുത്തു

By Web TeamFirst Published Dec 8, 2022, 11:49 AM IST
Highlights

ചികിത്സയിൽ ഇരിക്കുമ്പോൾ മരിച്ചയാളുടെ ഇന്റിമേഷൻ പൊലീസ് സ്റ്റേഷനിലേക്ക് അയക്കരുതെന്ന് ആവശ്യപ്പെട്ടാണ് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി

വയനാട്: മെഡിക്കൽ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടറെ ഡ്യൂട്ടിക്കിടെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. മാനന്തവാടി സ്വദേശിയും കോഴിക്കോട് റേഞ്ച് സ്പെഷൽ ബ്രാഞ്ച് എസ്പിയുമായിരുന്ന പ്രിൻസ് അബ്രഹാമിനെതിരെയാണ് മാനന്തവാടി പോലീസ് കേസെടുത്തത്. നവംബർ 20ന് രാത്രിയിലായിരുന്നു സംഭവം. 

ചികിത്സയിൽ ഇരിക്കുമ്പോൾ മരിച്ചയാളുടെ ഇന്റിമേഷൻ പൊലീസ് സ്റ്റേഷനിലേക്ക് അയക്കരുതെന്ന് ആവശ്യപ്പെട്ടാണ് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഇത് സംബന്ധിച്ച് വനിതാ ഡോക്ടർ പൊലീസിൽ പരാതി നൽകി. എന്നാൽ കേസെടുത്തില്ല. തുടർന്നാണ് വനിതാ ഡോക്ടർ കോടതിയെ സമീപിച്ചത്. സംഭവം നടക്കുമ്പോൾ മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലായിരുന്നു ഡോക്ടർ.

നവംബർ 20ന് രാത്രിയിലായിരുന്നു സംഭവം. മാനന്തവാടി സ്വദേശിയും കോഴിക്കോട് റേഞ്ച് എസ്.എസ്.ബി  എസ്.പിയുമായ പ്രിൻസ് എബ്രാഹമിന്‍റെ അയൽവാസി ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ കോളേജിലെത്തി. പിന്നീട് ചികിത്സയിലിരിക്കെ മരിച്ചു. മരണ കാരണം വ്യക്തമല്ലാത്തതിനാൽ ഇന്‍റിമേഷൻ പോലീസ് സ്റ്റേഷനിലേക്ക് അയക്കുമെന്ന് അത്യാഹിത വിഭാഗത്തിലെ വനിത ഡോക്ടർ അറിയിച്ചു.

ഇതിനെതിരെ പ്രിൻസ് എബ്രാഹാം രംഗത്തെത്തുകയായിരുന്നു. സ്വാഭാവിക മരണത്തിൽ ഡോക്ടറുടെ നടപടി ചോദ്യം ചെയ്തു. പിന്നീട് ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് ആരോപിച്ച്  വനിതാ ഡോക്ടർ മാനന്തവാടി പോലീസിൽ പരാതി നൽകി. പോലീസ് കേസെടുക്കാത്തതിനെ തുടർന്ന് മാനന്തവാടി മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. പിന്നീട് കോടതി ഉത്തരവിനെ തുടർന്നാണ് എസ്പിക്കെതിരെ പോലീസ് നടപടിയെടുത്തത്.

സംഭവത്തിൽ കെ.ജി.എം.ഒ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാൽ അയൽവാസിയുടെ സ്വാഭാവിക മരണത്തിൽ പോസ്റ്റ്മോർട്ടം നടത്തുന്നത് ചോദ്യം ചെയ്യുകയാണ് ഉണ്ടായതെന്ന് പ്രിൻസ് എബ്രാഹം പറഞ്ഞു.  ഡോക്ടറെ ഭീഷണിപെടുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

click me!