
കൊച്ചി: എസ്എഫ്ഐ നിരോധിക്കണമെന്ന് പാര്‍ലമെന്‍റില്‍ ആവശ്യപ്പെട്ട എറണാകുളം എംപി ഹൈബി ഈഡനെതിരെയുള്ള എസ്എഫ്ഐയുടെ പ്രതിഷേധത്തിന് മറുപടിയുമായി കെഎസ്‍യു. 'ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല പിന്നല്ലേ ഈഡന്' എന്നെഴുതിയ ബാനര്‍ എസ്എഫ്ഐ എറണാകുളം മഹാരാജാസ് കോളജില്‍ ഉള്‍പ്പെടെ ഉയര്‍ത്തിയിരുന്നു. ഇപ്പോള്‍ ജനഹൃദയങ്ങളിലാണ് ഇന്ദിരയും ഈഡനുമെന്നാണ് കെഎസ്‍യു ഇതിന് മറുപടി നല്‍കിയിരിക്കുന്നത്.
എസ്എഫ്ഐ മഹാരാജാസ് കോളജിന്‍റെ കവാടിത്തിന് മുന്നില്‍ കെട്ടിയ ബാനറിന് തൊട്ട് മുകളിലായി ഈ വാചകം എഴുതിയ ബാനറും കെഎസ്‍യു സ്ഥാപിച്ചിട്ടുണ്ട്. ടി ജെ വിനോജ് എംഎല്‍എയാണ് ഈ ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐ നിരോധിക്കണമെന്ന ആവശ്യമാണ് ഹൈബി ഈഡൻ എംപി പാർലമെന്‍റിൽ ഉന്നയിച്ചത്. തിരുവനന്തപുരം ലോ കോളജിൽ വിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് ഹൈബി ഈഡൻ പാർലമെന്‍റിൽ വിഷയം അവതരിപ്പിച്ചത്.
'ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല പിന്നല്ലേ ഈഡന്'; ഹൈബിക്കെതിരെ എസ്എഫ്ഐ
ശൂന്യ വേളയിലായിരുന്നു ഹൈബി ഇത് ഉന്നയിച്ചത്. കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജുവിനോടായിരുന്നു ഹൈബി ലോ കോളേജ് വിഷയം ഉന്നയിച്ച് നിരോധന ആവശ്യം ഉന്നയിച്ചത്. ക്രമസമാധാനം സംബന്ധിച്ച വിഷയം സംസ്ഥാന സർക്കാരിന്‍റെ അധികാര പരിധിയിൽ വരുന്നതാണെന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ മറുപടി. അതുകൊണ്ടുതന്നെ ഇത് കേരള ചീഫ് സെക്രട്ടറിക്ക് കൈമാറിയതായും നിയമമന്ത്രി കിരൺ റിജിജു വ്യക്തമാക്കി.
ചീഫ് സെക്രട്ടറിയോടും ബാർ കൗൺസിൽ ഓഫ് ഇന്ത്യയോടും വിഷയം പരിശോധിച്ച് നടപടി എടുക്കാൻ നിർദ്ദേശിച്ചതായും നിയമമന്ത്രി അറിയിച്ചു. ഇക്കഴിഞ്ഞ മാർച്ച് മാസത്തിൽ ലോ കോളേജിൽ നടന്ന സംഘർഷമാണ് പാർലമെന്‍റിൽ ഹൈബി വിഷയമാക്കിയത്. കോളേജ് യൂണിയന്‍ ഉദ്ഘാടനത്തിനിടെയുണ്ടായ വാക്ക് തര്‍ക്കം പിന്നീട് സംഘഷത്തിന് വഴിവയ്ക്കുകയായിരുന്നു.
എസ്എഫ്ഐ നിരോധിക്കണമെന്ന് പാർലമെന്‍റിൽ ഹൈബി ഈഡൻ; മറുപടിയുമായി കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു!
കോളേജ് യൂണിയന്‍ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് യൂണിയൻ ഉദ്ഘാടന ദിനത്തിലും തുടർന്നത്. എസ് എഫ് ഐ - കെ എസ് യു പ്രവര്‍ത്തകര്‍ കോളേജിൽ ഏറ്റുമുട്ടിപ്പോൾ കെ എസ് യു യൂണിറ്റ് പ്രസിഡന്‍റ് സഫ്ന അടക്കം രണ്ട് പേര്‍ക്ക് കാര്യമായി പരിക്കേറ്റു. സഫ്നയെ എസ് എഫ് ഐ പ്രവർത്തകർ വലിച്ചിഴച്ച് മർദ്ദിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ കടന്നതോടെ സംഭവം വലിയ തോതിൽ ചർച്ചയായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam