
തിരുവനന്തപുരം: കേരള സർവകലാശാലയിൽ എസ് എഫ് ഐ നടത്തുന്ന പ്രതിഷേധ സമരങ്ങൾക്കെതിരെ സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെയുള്ളവർക്കെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തു. പ്രതിഷേധങ്ങൾ തടയാൻ കൂടുതൽ പൊലീസിനെ വിന്യസിക്കണമെന്നും സമരക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സർവകലാശാല രജിസ്ട്രാർ ഡി ജി പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. എൽ എൽ ബി മൂല്യനിർണ്ണയത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സർവ്വകലാശാല ആസ്ഥാനത്ത് സമരം സംഘടിപ്പിച്ചത്. പ്രതിഷേധത്തിന്റെ ഭാഗമായി സർവകലാശാല പുൽത്തകിടിയിൽ എസ് എഫ് ഐ പ്രവർത്തകർ ക്രിക്കറ്റ് കളിക്കുകയും ചെയ്തിരുന്നു. തുടർന്ന് രജിസ്ട്രാറുടെ ആവശ്യപ്രകാരം പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടർന്ന് മടങ്ങേണ്ടി വന്നു. ഇതിന് പിന്നാലെ ഇന്ന് വൈസ് ചാൻസിലർ ഡോ. മോഹൻ കുന്നുമ്മലിന്റെ ചിത്രത്തിൽ പൊട്ടുകുത്തൽ മത്സരവും എസ് എഫ് ഐ സംഘടിപ്പിച്ചിരുന്നു. വി സിയുടെ 'പാറ്റ' പരാമർശത്തിലും 'അമ്മ ആരെന്നറിയാത്തവരാണ് വന്ദേമാതരം പാടാത്തത്' എന്ന പ്രസ്താവനയിലുമുള്ള പ്രതിഷേധത്തിന്റെ ഭാഗമായായിരുന്നു ഈ സമരം.
വി സിയുടെ പരാമർശത്തിൽ സർക്കാരിനും അതൃപ്തിയുണ്ട്. കേന്ദ്ര സർക്കാരിനെ തൃപ്തിപ്പെടുത്താൻ ശ്രമിക്കുന്ന വി സിയുടെ മുഖമാണ് വികൃതമാകുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രതികരിച്ചു. വി സി സംഘപരിവാർ അജണ്ട നടപ്പാക്കുകയാണെന്ന് എസ് എഫ് ഐയും സി പി എമ്മും ആരോപിച്ചു. അതേസമയം കാലടി വി സിക്കെതിരായ പ്രതീകാത്മക ശവമടക്ക് സമരത്തിനെതിരെ കടുത്ത നിലപാടെടുത്തതുകൊണ്ടാണ് കേരള വി സിക്കെതിരെ പ്രതിഷേധം കടുപ്പിക്കുന്നതെന്നാണ് ബി ജെ പിയുടെ പക്ഷം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam