ഗ്യാനേഷ്കുമാറിനെതിരെ വലിയ ആരോപണങ്ങൾ വരുന്നുണ്ട്. കരിയറിന്റെ തുടക്കത്തിൽ കളക്ടർ ആയത് മുതൽ ആക്ഷേപം നേരിട്ട ഉദ്യോഗസ്ഥനാണ് ​ഗ്യാനേഷ്കുമാർ. ലീയുടെ ആത്മഹത്യയാണ് അതിൽ ഏറ്റവും ഗുരുതരമായ കാര്യം. ദൗർഭാഗ്യവശാൽ അന്ന് അയാൾക്കെതിരേ തുടങ്ങിയ അന്വേഷണം എങ്ങും എത്തിയില്ല.പഴയ അന്വേഷണത്തിൽ എന്തെങ്കിലും നടന്നിട്ടുണ്ടോ എന്നറിയില്ല.

തിരുവനന്തപുരം: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷൺ ​ഗ്യാനേഷ്കുമാറിനെതിരേ കേരള സർക്കാർ നിർദേശിച്ച വിജിലൻസ് അന്വേഷണത്തെ സ്വാ​ഗതം ചെയ്യുന്നതായി മുൻ ധനമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്. സംസ്ഥാന സർക്കാരിന്റേത് വളരെ നല്ല തീരുമാനമാണെന്നും രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന കാര്യമാണിതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഗ്യാനേഷ്കുമാറിനെതിരെ വലിയ ആരോപണങ്ങൾ വരുന്നുണ്ട്. കരിയറിന്റെ തുടക്കത്തിൽ കളക്ടർ ആയത് മുതൽ ആക്ഷേപം നേരിട്ട ഉദ്യോഗസ്ഥനാണ് ​ഗ്യാനേഷ്കുമാർ. ലീയുടെ ആത്മഹത്യയാണ് അതിൽ ഏറ്റവും ഗുരുതരമായ കാര്യം. ദൗർഭാഗ്യവശാൽ അന്ന് അയാൾക്കെതിരേ തുടങ്ങിയ അന്വേഷണം എങ്ങും എത്തിയില്ല.പഴയ അന്വേഷണത്തിൽ എന്തെങ്കിലും നടന്നിട്ടുണ്ടോ എന്നറിയില്ല. ഇന്ന് രാജ്യം മുഴുവൻ ഗ്യാനേഷിന് എതിരേ അന്വേഷണം ആഗ്രഹിക്കുന്നു. നേരത്തെ നടന്ന അന്വേഷണത്തിന്റെ രേഖകൾ വിജിലൻസിൽ ഉണ്ടാകും. അത് പുതിയ അന്വേഷണത്തിന് സഹായകമാകും. ധനകാര്യ വകുപ്പിൽ രേഖകൾ ഒന്നുമില്ല, അത് ഞാൻ അന്വേഷിച്ചിരുന്നു. പതിബെൽ കമ്പനിക്ക് അന്ന് അന്വേഷണം തുടരാൻ താല്പര്യമുണ്ടായിരുന്നില്ല എന്നതും പ്രശ്നമായി. അവർ അന്ന് കമ്പനിയുടെ ഇമേജിനെ ബാധിക്കും എന്ന് കരുതി. ഇന്ന് വ്യക്തമായ തെളിവുകൾ തരാൻ തയ്യാറായി കഴിഞ്ഞാൽ അന്വേഷണം നടക്കും. അന്ന് ഗ്യാനേഷിനെ സ്ഥലം മാറ്റി, പക്ഷെ ഒരു മാസം കഴിഞ്ഞപ്പോൾ കേന്ദ്രത്തിലേക്ക് പോയി. അത് എങ്ങനെയാണ് ഡെപ്യൂട്ടേഷൻ പോയത് എന്നറിയില്ല. ആരാണ് അതിന് താല്പര്യം എടുത്തത് എന്നും അറിയില്ല. മുനീറിനെതിരെ അന്ന് ഞാൻ പറഞ്ഞതിൽ ഇപ്പോൾ പ്രസക്തി ഇല്ല. അന്നത്തെ ആക്ഷേപം ഒന്നും ഇപ്പോൾ ഉന്നയിക്കുന്നില്ല. അതൊക്കെ രാഷ്ട്രീയപരമായ ആക്ഷേപങ്ങൾ മാത്രമാണെന്നും തോമസ് ഐസക് പറഞ്ഞു.

കേരളത്തിൽ ഏറെക്കാലം വിവാദമായ പതിബെൽ കരാറുമായി ബന്ധപ്പെട്ടും പതിബെൽ എൻജിനീയർ ലീ സീ ബിൻ ആത്മഹത്യ ചെയ്ത സംഭവത്തിലുമാണ് ​ഗ്യാനേഷ്കുമാറിനെതിരേ വിജിലൻസ് അന്വേഷണം നടത്താൻ ആഭ്യന്തരമന്ത്രി ഉത്തരവിട്ടിരിക്കുന്നത്. 20 വർഷം മുൻപുള്ള സംഭവമാണിത്. അന്ന് ​ഗ്യാനേഷ്കുമാർ സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറിയായിരുന്നു. പതിബെൽ കമ്പനി എൻജിനീയർ ലീ സീ ബിനിന്റെ ആത്മഹത്യയിൽ ​അന്ന് പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ​ഗ്യാനേഷ്കുമാറിന് പങ്കുണ്ടെന്നും ആത്മഹത്യാക്കുറിപ്പിൽ ​ഗ്യാനേഷ്കുമാറിന്റെ പേരുണ്ടെന്നുമാണ് പ്രധാന ആരോപണം.

എന്താണ് പതിബെൽ കമ്പനി കരാർ...

കേരളത്തിൽ ഏറെക്കാലം കത്തിനിന്ന വിവാദം ആയിരുന്നു പതിബെൽ കരാർ. ലോകബാങ്കിന്റെ സഹായത്തോടെ എംസി റോഡ് വികസിപ്പിക്കാനുള്ള കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ടിന്റെ കരാർ മലേഷ്യൻ കമ്പനിയായ പതിയും കൊച്ചി ആസ്ഥാനമായുള്ള ഭഗീരഥ എൻജിനീയറിങ് ലിമിറ്റഡും ചേർന്നുള്ള പതിബെൽ എന്ന കൺസോർഷ്യത്തിനായിരുന്നു. 127 കിലോമീറ്റർ റോഡ് പണിയാൻ 215 കോടി രൂപയുടെ കരാർ ആയിരുന്നു. പദ്ധതി 2005 ഡിസംബറിൽ പൂർത്തിയാക്കേണ്ടതായിരുന്നു. സർക്കാരിന്റെ ഭൂമി ഏറ്റെടുക്കൽ വൈകിയതിനാൽ പണി പൂർത്തിയായില്ല. 2006 മേയ് വരെ നീട്ടിയിട്ടും പണി തീരാത്തതിനാൽ ബില്ലുകൾ സർക്കാർ തടഞ്ഞു. കരാർ കമ്പനി കോടികൾ വിവിധ ഏജൻസികൾക്കു നൽകാനുണ്ടായിരുന്നു. സർക്കാരിൽനിന്നു പണം കിട്ടാതെ വന്നതോടെ കമ്പനിയുടെ കേരള പ്രോജക്ട് മാനേജറായിരുന്ന ലീ സീ ബിൻ കടുത്ത സമ്മർദ്ദത്തിലായി. എല്ലാ രാഷ്ട്രീയ, ഉദ്യോഗസ്ഥ വഴികളും നോക്കിയിട്ടും പണം കിട്ടാതെ വന്നതോടെ ലീ ക്വാലലംപൂരിലേക്ക് മടങ്ങി. മലേഷ്യയിലെ സുബാങ് റിയ പാർക്കിലെ പാലത്തിൽ അദ്ദേഹം തൂങ്ങിമരിച്ചു. രണ്ട് ആത്മഹത്യ കുറിപ്പുകൾ പൊലീസ് കണ്ടെത്തി.

കേരളത്തിലെ ഉദ്യോഗസ്ഥ തല അഴിമതിയെക്കുറിച്ച് രണ്ട് കത്തിലും ലീ വിശദീകരിച്ചിരുന്നു എന്നായിരുന്നു അന്നത്തെ വാർത്തകൾ. 'ഇതു കേരളമാണ്. ഇവിടെ ബിൽ മാറണമെങ്കിൽ ചില രീതികൾ ഉണ്ട്' എന്ന് ഒരു ഉന്നത ഉദ്യോഗസ്ഥൻ ലീയോട് പറഞ്ഞതായി അദ്ദേഹം സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഈ ആത്മഹത്യയിൽ അന്നത്തെ പൊതുമരാമത്ത് സെക്രട്ടറി ഗ്യാനേഷ് കുമാറിന് പങ്കുണ്ടെന്ന് അക്കാലത്ത് വാർത്തകൾ ഉണ്ടായിരുന്നു.

2006ൽ വിഎസ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ ഗ്യാനേഷ് കുമാർ‍ പൊതുമരാമത്ത് സെക്രട്ടറിയായിരുന്നു. വിഎസ് അദ്ദേഹത്തെ സ്ഥാനത്തുനിന്നു മാറ്റി. ആരോപണങ്ങളിൽ പ്രാഥമിക വിജിലൻസ് അന്വേഷണം നടന്നു. എന്നാൽ തുടർ നടപടികൾ ഒന്നും ഉണ്ടായില്ല. 2007 ൽ ഗ്യാനേഷ് കുമാർ കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോയി.

വിജിലൻസും ക്രൈംബ്രാഞ്ചും അന്ന് പ്രാഥമിക അന്വേഷണം നടത്തിയിട്ടും ഗ്യാനേഷിനെ പ്രതിയായി കണ്ടെത്തിയിരുന്നില്ല. അതിനിടെ, റോഡ് പണി കരാറിന്റെ വീഴ്ച അന്നത്തെ യുഡിഎഫ് സർക്കാരിലെ പൊതുമരാമത്ത് മന്ത്രിയായിരുന്ന എംകെ മുനീറിലേക്ക് വഴിതിരിച്ചുവിടാൻ തോമസ് ഐസക് ശ്രമിച്ചതും വാർത്തയായിരുന്നു. ഐസക്കും മുനീറും തമ്മിൽ അക്കാലത്ത് നടന്ന വാദപ്രതിവാദങ്ങളും ഏറെ ചർച്ചയായി.

'ആ മരണത്തിൽ ഗ്യാനേഷ് കുമാറിന്റെ പങ്ക് അന്വേഷിക്കണം, അഴിമതി ആരോപണങ്ങൾ നേരിട്ട ആളാണ് ​ഗ്യാനേഷ്'