യൂണിവേഴ്‍സിറ്റി കോളേജിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യാശ്രമം: എസ്എഫ്ഐയും പ്രിൻസിപ്പാളും കുരുക്കിൽ

By Web TeamFirst Published May 3, 2019, 5:45 PM IST
Highlights

പാർട്ടി പരിപാടികളിൽ പങ്കെടുക്കാൻ കൂട്ടാക്കാത്തതിനാൽ തന്നെ ഒറ്റപ്പെടുത്തുകയാണ്. അധ്യയന വർഷം നഷ്ടമാക്കി സമരങ്ങളും മറ്റും നടത്തുന്നതിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ ഭീഷണി ശക്തമായെന്നും കുറിപ്പിലുണ്ട്

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത് എസ്എഫ്ഐ നേതാക്കളുടെ ഭീഷണിയെ തുടർന്നെന്ന് ആത്മഹത്യാകുറിപ്പ്. സംഘടനാ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ നേതാക്കളിൽ നിന്നും സമ്മർദ്ദം ഉണ്ടായെന്ന് ആത്മഹത്യാ കുറിപ്പിൽ എഴുതിയിട്ടുള്ളതായി പൊലീസ് അറിയിച്ചു.

രാവിലെ കോളേജിലെ ലേഡീസ് റൂം വൃത്തിയാക്കാനെത്തിയവരാണ്  രക്തംവാർന്ന്   ബോധരഹിതയായ നിലയില്‍ വിദ്യാർഥിനിയെ  കണ്ടത്. ഉടനെ ആശുപത്രിയിലെത്തിച്ചതിനാൽ അപകട നില തരണം ചെയ്തു. ഇന്നലെ മുതൽ കുട്ടിയെ കാണാനില്ലെന്ന് കാട്ടി രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഒന്നാം വർഷം ഡിഗ്രി വിദ്യാർത്ഥിനിയാണ് പെൺകുട്ടി. 

കോളേജിലെ എസ്എഫ്ഐ നേതാക്കളുടെ കടുത്ത ഭീഷണി നേരിടുന്നെന്ന് പെൺകുട്ടി ആത്മഹത്യാക്കുറിപ്പിൽ എഴുതിയതായി പൊലീസ് അറിയിച്ചു. പാർട്ടി പരിപാടികളിൽ പങ്കെടുക്കാൻ കൂട്ടാക്കാത്തതിനാൽ തന്നെ ഒറ്റപ്പെടുത്തുകയാണ്. അധ്യയന വർഷം നഷ്ടമാക്കി സമരങ്ങളും മറ്റും നടത്തുന്നതിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ ഭീഷണി ശക്തമായെന്നും കുറിപ്പിലുണ്ട്. 

പ്രിൻസിപ്പലിനോടടക്കം പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടായില്ല. എന്നാൽ പരാതിയൊന്നും ഇതുവരെ കിട്ടിയിട്ടില്ലെന്നാണ് പ്രിൻസിപ്പൽ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. കോളേജിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നതായി അറിയില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. സംഭവത്തില്‍  പൊലീസ് അന്വേഷണം നടക്കുകയാണ്.


 

click me!