യൂണിവേഴ്സിറ്റി കോളേജ് തെര‍ഞ്ഞെടുപ്പ്: എസ്എഫ്ഐ നേതാക്കൾ ഭീഷണിപ്പെടുത്തുന്നുവെന്ന് കെഎസ്‍യു

By Web TeamFirst Published Aug 29, 2019, 6:53 AM IST
Highlights

കെഎസ്‍യുക്കാരെ എസ്എഫ്ഐ നേതാക്കൾ ഭീഷണിപ്പെടുത്തുന്നുവെന്ന് കാട്ടി കെഎസ്‍യു യൂണിറ്റ് കമ്മിറ്റി നാളെ ഡിജിപിക്ക് പരാതി നൽകും. ആരോപണം നിഷേധിച്ച് എസ്എഫ്ഐ.

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്ന കെഎസ്‍യുക്കാരെ എസ്എഫ്ഐ നേതാക്കൾ ഭീഷണിപ്പെടുത്തുന്നുവെന്ന് പരാതി. ഇക്കാര്യം ഉന്നയിച്ച് കെഎസ്‍യു യൂണിറ്റ് കമ്മിറ്റി നാളെ ഡിജിപിക്ക് പരാതി നൽകും. 

കത്തിക്കുത്ത് കേസിന് ശേഷം യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ട് എസ്എഫ്ഐ രൂപീകരിച്ച അഡ്ഹോക്ക് കമ്മിറ്റിയിലെ അംഗങ്ങൾ ഭീഷണിപ്പെടുത്തുന്നുവെന്നാണ് കെഎസ്‍യു ഭാരവാഹികളുടെ പരാതി. നേരത്തെ കെമിസ്ട്രി- ഇസ്ലാമിക് ഹിസ്റ്ററി വിഭാഗങ്ങളിലെ വിദ്യാർഥികൾ തമ്മിൽ ക്യാമ്പസിൽ സംഘർഷമുണ്ടായിരുന്നു. ഇതിൽ ഇടപെടാനെത്തിയ കെഎസ്‍യു നേതാക്കളെ എസ്എഫ്ഐ അഡ്ഹോക്ക് കമ്മിറ്റി അംഗങ്ങൾ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.

കെഎസ്‍യുവിൽ ചേരാൻ താത്പര്യപ്പെടുന്നവരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുന്നുവെന്നും ആരോപണമുണ്ട്. ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പിടിച്ചുനിൽക്കാനായി കെഎസ്‍യുവിന്റെ അടവാണിത് എന്നുമാണ് എസ്എഫ്ഐ അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രതികരണം. അടുത്തമാസം അവസാനമാണ് യൂണിവേഴ്സിറ്റി കോളേജിൽ യൂണിയൻ തെരഞ്ഞെടുപ്പ്. 

click me!