'ദുർബല സാക്ഷികൾ, കൂറുമാറ്റം, തെളിവുകളില്ല', വാളയാർ കേസിലെ വിധിപ്പകർപ്പ് പുറത്ത്

By Web TeamFirst Published Nov 1, 2019, 11:37 AM IST
Highlights

ബലാത്സംഗം പോലുള്ള കേസുകൾ കോടതിയ്ക്ക് മുന്നിലെത്തിക്കുമ്പോൾ കൊണ്ടുവരേണ്ട അടിസ്ഥാനപരമായ തെളിവുകൾ പോലും കേസിൽ അന്വേഷണ ഉദ്യോഗസ്ഥർ ഹാജരാക്കിയിട്ടില്ല എന്ന് കോടതി നിരീക്ഷിക്കുന്നു.

പാലക്കാട്: വാളയാർ കേസിൽ പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് അക്കമിട്ട് പറയുന്ന വിധിപ്പകർപ്പുകൾ പുറത്തുവന്നു. മൂത്ത പെൺകുട്ടിയുടെയും ഇളയ പെൺകുട്ടികളുടെയും മരണങ്ങളിൽ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിലെ തെളിവുകൾ തീർത്തും അപര്യാപ്തമാണെന്ന് കോടതി നിരീക്ഷിക്കുന്നു. പ്രതികൾ കുട്ടികളെ പീഡിപ്പിച്ചിരിക്കാമെന്ന സാധ്യതകളാണ് കുറ്റപത്രത്തിലുള്ളത്. സാധ്യതകൾ വച്ച് ആരെയും ശിക്ഷിക്കാനാവില്ലെന്ന് കർശനമായി പറയുന്ന കോടതി, അന്വേഷണ സംഘത്തിന് ഗുരുതരമായ വീഴ്ച പറ്റിയെന്ന് എടുത്തുപറയുന്നു. ശാസ്ത്രീയതെളിവുകളൊന്നും പുറത്തുവിടാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നും പാലക്കാട് പോക്സോ കോടതി അഡീഷണൽ സെഷൻസ് ജഡ്ജി എസ് മുരളീകൃഷ്ണ നിശിതമായി വിധിപ്രസ്താവത്തിൽ വിമർശിക്കുന്നു.

ബലാത്സംഗം പോലുള്ള കേസുകൾ കോടതിയ്ക്ക് മുന്നിലെത്തിക്കു്പോൾ കൊണ്ടുവരേണ്ട അടിസ്ഥാനപരമായ തെളിവുകൾ പോലും കേസിൽ അന്വേഷണ ഉദ്യോഗസ്ഥർ ഹാജരാക്കിയിട്ടില്ല എന്ന് കോടതി നിരീക്ഷിക്കുന്നു. സാധ്യതകൾ പറയുമ്പോൾ അതിനുള്ള തെളിവുകളും വേണം. 

രണ്ട് കേസുകളിലും പെൺകുട്ടികളുടെ അച്ഛനമ്മമാരൊഴികെ മറ്റ് മിക്ക സാക്ഷികളും കൂറുമാറിയത് കോടതി എടുത്തു പറയുന്നു. മൂത്ത പെൺകുട്ടിയുടെ മരണത്തിൽ 57 സാക്ഷികളുണ്ടെന്ന് കുറ്റപത്രത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷൻ വിസ്തരിച്ചത് 30 പേരെ മാത്രം. ഇതിൽ ആറ് പ്രധാന സാക്ഷികൾ കൂറുമാറി. ഇളയ പെൺകുട്ടിയുടെ മരണത്തിൽ കേസിൽ 48 സാക്ഷികൾ. ഇതിൽ പ്രോസിക്യൂഷൻ വിസ്തരിച്ചത് 19 സാക്ഷികളെ മാത്രം. ഇതിൽ പെൺകുട്ടിയെ മരണത്തിനു മുൻപും നേരിട്ട് അറിയാവുന്ന ആറു പേർ മാത്രമേയുള്ളൂ. ഈ ആറു പേരിൽ  നാലു പേർ കൂറുമാറി. ഇങ്ങനെയുള്ള സാക്ഷിമൊഴികൾ വച്ച് എങ്ങനെയാണ് കുറ്റം പൊലീസ് തെളിയിക്കുന്നതെന്ന് കോടതി ചോദിക്കുന്നു. 

പ്രതികൾ പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന്  സ്ഥിരീകരിക്കാനുള്ള തെളിവുകൾ പ്രോസിക്യൂഷന് ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല. ശാസ്ത്രീയ തെളിവുകൾ ഒന്നുമില്ല. 

'ഇളയ പെൺകുട്ടിയുടേത് ആത്മഹത്യയെന്ന് സ്ഥാപിക്കാൻ ശ്രമം'

വാളയാറിൽ മരിച്ച ഇളയ പെൺകുട്ടിയുടേത് ആത്മഹത്യയെന്ന് സ്ഥാപിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിച്ചതെന്ന് കോടതി വിധിപ്രസ്താവത്തിൽ പറയുന്നു. മൂത്ത പെൺകുട്ടി മരിച്ച് മാസങ്ങൾക്കുള്ളിൽ ഇളയ പെൺകുട്ടി ആത്മഹത്യ ചെയ്തോ? എങ്കിൽ അത് എന്തിന്? എന്താണതിന് പിന്നിലുള്ളത്? ആരാണതിന് പിന്നിലുള്ളത്? എന്നീ അടിസ്ഥാനപരമായ ചോദ്യങ്ങൾക്കും, മറ്റു സാധ്യതകൾക്കും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഒരു മറുപടിയുമില്ല. ഇത് അന്വേഷിക്കാതിരുന്നത് ഗുരുതര വീഴ്ചയാണെന്ന് കോടതി പറയുന്നു. 

click me!