
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചു വിടുമെന്ന് എസ്എഫ്ഐ അഖിലേന്ത്യ അധ്യക്ഷൻ വി പി സാനു. കോളേജ് നേതാക്കളുടെ ഗുണ്ടായിസത്തിനെതിരെ വിദ്യാര്‍ഥികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് ദേശീയ അധ്യക്ഷന്‍റെ ഇടപെടല്‍. എസ്എഫ്ഐ പ്രവര്‍ത്തകനായ ബിരുദ വിദ്യാര്‍ത്ഥി അഖിലിനെ കോളേജിലെ എസ്എഫ്ഐ നേതാക്കള്‍ ഇന്ന് രാവിലെ നെഞ്ചില്‍ കുത്തിയ സംഭവത്തിന് പിന്നാലെയാണ് കോളേജ് യൂണിറ്റ് കമ്മിറ്റി തന്നെ പിരിച്ചു വിടുമെന്ന് എസ്എഫ്ഐ നേതൃത്വം അറിയിച്ചത്.
മുന്‍കാലങ്ങളില്‍ യൂണിവേഴ്സിറ്റി കോളേജിലുണ്ടാവുന്ന സംഘര്‍ഷങ്ങളില്‍ കോളേജ് യൂണിയനെ സംരക്ഷിച്ചു സംസാരിക്കാറുള്ള എസ്എഫ്ഐ ഇത്തവണ കോളേജിലെ പ്രവര്‍ത്തകര്‍ തന്നെ പ്രതിഷേധവുമായി റോഡിലിറങ്ങിയതോടെ ദ്രുതഗതിയില്‍ നടപടി സ്വീകരിക്കുകയായിരുന്നു. ഈ അടുത്ത് കോളേജിലുണ്ടായ മോശം അനുഭവങ്ങളെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിലും യൂണിയനെ സംരക്ഷിക്കുന്ന നിലപാടായിരുന്നു എസ്എഫ്ഐ നേതൃത്വം സ്വീകരിച്ചിരുന്നത്.
എസ്എഫ്ഐ ശക്തമായ യൂണിവേഴ്സിറ്റി കോളേജ് പോലൊരു സ്ഥലത്ത് സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് സംഭവിച്ചത്. ഇപ്പോഴുണ്ടായ സംഭവങ്ങളില്‍ യൂണിയന്‍ ഭാരവാഹികള്‍ക്ക് പങ്കുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കും. ഇങ്ങനെയൊരു സംഘര്‍ഷാവസ്ഥ രൂപം കൊള്ളുന്നത് തടയുന്നതില്‍ യൂണിയന്‍ ഭാരവാഹികള്‍ക്ക് വീഴ്ച സംഭവിച്ചു എന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടിയായി കോളേജ് യൂണിയന്‍ പിരിച്ചു വിടുന്നത്. ഇക്കാര്യത്തിലെ ഭാവി നടപടികള്‍ എസ്എഫ്ഐ പ്രാദേശിക കമ്മിറ്റികള്‍ സ്വീകരിക്കും.
രണ്ട് വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ പ്രശ്നം ഡിപാര്‍ട്ട്മെന്‍റ് തലത്തിലെ സംഘര്‍ഷമായി മാറിയതാണ് നിലവിലെ പ്രശ്നങ്ങള്‍ക്ക് കാരണം. ഇക്കാര്യത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കോ നേതാക്കള്‍ക്കോ പങ്കുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam